ടെക് ലോകത്തെ അതികായനും ടെസ്ല, സ്പേസ് എക്സ് തുടങ്ങിയ കമ്പനികളുടെ ഉടമയുമായ ഇലോൺ മസ്ക്കിന്റെ ജീവിതം വാർത്തകളിൽ നിറയാറുണ്ട്. 2021ലെ ഏറ്റവും സമ്പന്നനായ വ്യക്തി കൂടിയായ മസ്ക് അടുത്തിടെ മുൻ കാമുകിയും കനേഡിയൻ ​ഗായികയുമായ ​ഗ്രൈംസുമായി പിരിഞ്ഞതും ഓസ്ട്രേലിയൻ നടി നടാഷ ബസെറ്റുമായി പ്രണയത്തിലായതുമൊക്കെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ മസ്ക്കിനും തനിക്കും രണ്ടാമതൊരു കുഞ്ഞു കൂടിയുണ്ടെന്ന ​ഗ്രൈംസിന്റെ വെളിപ്പെടുത്തലാണ് പുറത്തു വന്നിരിക്കുന്നത്.

To advertise here,

അടുത്തിടെ പുറത്തുവന്ന ഒരു അഭിമുഖത്തിലാണ് ​ഗ്രൈംസ് രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ വാടക ​ഗർഭധാരണത്തിലൂടെയാണ് കുഞ്ഞിനെ സ്വീകരിച്ചത്. ഇക്കാര്യം രഹസ്യമാക്കി വെക്കുകയായിരുന്നു എന്നും മകൾക്ക് എക്സാ ഡാർക്ക് സിഡെറേൽ മസ്ക് എന്നാണ് പേരു നൽകി‌യിരിക്കുന്നത് എന്നും ​ഗ്രൈംസ് പറഞ്ഞു. 

വാനിറ്റി ഫെയർ എന്ന മാ​ഗസിനു നൽകിയ അഭിമുഖത്തിലാണ് ​ഗ്രൈംസിന്റെ വെളിപ്പെടുത്തൽ. 22 മാസം പ്രായമുള്ള മകൻ X Æ A-12 നെക്കൂടാതെ മറ്റൊരു കുഞ്ഞ് കൂടി തങ്ങൾക്കുണ്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു ​ഗ്രൈംസ്. അഭിമുഖത്തിനിടെ കുഞ്ഞിന്റെ കരച്ചിൽ മുകൾനിലയിൽ നിന്ന് കേട്ട റിപ്പോർട്ടർ അതാരാണെന്ന് ​ഗ്രൈംസിനോട് ചോദിക്കുകയായിരുന്നു. അപ്പോഴാണ് മകളെക്കുറിച്ച് ​ഗ്രൈംസ് പറഞ്ഞത്. 

2018ലാണ് ​ഗ്രൈംസും ഇലോൺ മസ്ക്കും പ്രണയത്തിലായത്. ഇപ്പോൾ ഇരുവരും പാതി പിരിഞ്ഞുവെന്നാണ് കഴിഞ്ഞ ഡിസംബറിൽ മസ്ക് പറഞ്ഞത്. മസ്ക്കിനെ തന്റെ ബോയ്ഫ്രണ്ട് എന്നു തന്നെ വിളിക്കുമെന്നും എന്നാൽ ഇരുവീടുകളിലാണ് താമസമെന്നും ​ഗ്രൈംസ് പറഞ്ഞു. തങ്ങൾ ആത്മാർഥ സുഹൃത്തുക്കളാണ്. എല്ലായ്പ്പോഴും പരസ്പരം കാണാറുണ്ട്. മറ്റുള്ളവർക്ക് തങ്ങൾക്കിടയിലെ ബന്ധം മനസ്സിലാകണമെന്നില്ല. തനിക്കും മസ്ക്കിനും കൂടുതൽ കുട്ടികൾ വേണമെന്നാണ് ആ​ഗ്രഹമെന്നും മൂന്നോ നാലോ കുട്ടികൾ വേണമെന്ന് നേരത്തേ തൊട്ടേ പറയുമായിരുന്നു എന്നും ​ഗ്രൈംസ് പറയുന്നു. 

2020 മേയിലാണ് മസ്ക്കിനും ​ഗ്രൈംസിനും ആദ്യ കുഞ്ഞ് പിറന്നത്. ജസ്റ്റിൻ മസ്‌ക് ആണ് ഇലോൺ മസ്‌കിന്റെ ആദ്യ ഭാര്യ. 2008 ൽ ഇവരുമായി വേർപിരിഞ്ഞ മസ്‌ക് പിന്നീട് ബ്രിട്ടീഷ് നടി തലൂലാ റിലേയെ രണ്ട് തവണ വിവാഹം ചെയ്യുകയും വേർപിരിയുകയും ചെയ്തു. ആദ്യ ഭാര്യയിൽ മസ്‌കിന് അഞ്ച് മക്കളുണ്ട്.