പലരേയും അലട്ടുന്ന പ്രശ്‌നമാണ് കക്ഷത്തിലെ കറുപ്പ്. പ്രത്യേകിച്ച് സ്ലീവ്‌ലെസ് വസ്ത്രമിടാനുള്ള നമ്മുടെ ആത്മവിശ്വാസം തന്നെ ഇത് നഷ്ടപ്പെടുത്തും. ഹോര്‍മോണ്‍ വ്യതിയാനവും ചര്‍മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ഇതിന് കാരണങ്ങള്‍. ഈ കറുപ്പ് കളയാനായി വീട്ടില്‍ തന്നെ ചെയ്യാന്‍ പറ്റുന്ന ചില പൊടിക്കൈകളുണ്ട്. അത് എന്തെല്ലാമാണെന്ന് നമുക്ക് അറിഞ്ഞിരിക്കാം.

To advertise here,

കറ്റാര്‍ വാഴ

പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന കറ്റാര്‍ വാഴയിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ കക്ഷത്തിലെ കറുപ്പ് നിറം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ചര്‍മത്തിന് നിറം നല്‍കുകയും ചെയ്യും. കറ്റാര്‍ വാഴയുടെ ജെല്‍ കക്ഷത്തില്‍ പുരട്ടി 14 മിനിറ്റ് വെക്കുക. ശേഷം ഇത് വെള്ളത്തില്‍ കഴുകി കളയാം. ആഴ്ച്ചയില്‍ മൂന്ന് തവണയെങ്കിലും ചെയ്താല്‍ മാത്രമേ ഇതിന്റെ ഫലം ലഭിക്കുകയുള്ളൂ.

വെളിച്ചെണ്ണ

വെളിച്ചണ്ണയില്‍ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡായ ലോറിക് ആസിഡ് ഈര്‍പ്പമുള്ള സ്ഥലത്തെ ബാക്ടീരയകളുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ വിറ്റാമിന്‍ ഇ ആണ് കക്ഷത്തിലെ കറുപ്പ് മാറാന്‍ ഏറെ സഹായിക്കുന്നത്. ദിവസവും വെളിച്ചെണ്ണ ഉപയോഗിച്ച് കറുപ്പുള്ള ഭാഗങ്ങളില്‍ മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം സാധാരണ വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകിക്കളയുക. ഇത് കുറച്ച് ദിവസം ആവര്‍ത്തിച്ചാല്‍ ചര്‍മം തിളങ്ങുകയും കറുപ്പ് നിറം കുറയുകയും ചെയ്യും.

ബേക്കിങ് സോഡ

കക്ഷത്തിലെ കറുപ്പ് മാറാന്‍ ഏറ്റവും മികച്ച വഴികളിലൊന്നാണ് ബേക്കിങ് സോഡ. നാല് ടേബ്ള്‍സ്പൂണ്‍ ബേക്കിങ് സോഡ ഒരു ടേബ്ള്‍സ്പൂണ്‍ റോസ് വാട്ടറില്‍ കലര്‍ത്തി പേസ്റ്റുണ്ടാക്കുക. ഒരു കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് ഈ പേസ്റ്റ് കക്ഷത്തില്‍ പുരട്ടുക. അഞ്ച് മിനിറ്റിനുശേഷം കഴുകിക്കളയുക. ആഴ്ച്ചയില്‍ രണ്ട് തവണയെങ്കിലും ഇത്തരത്തില്‍ ചെയ്താല്‍ കക്ഷത്തിലെ കറുപ്പ് മാറിക്കിട്ടും. 

ഉരുളക്കിഴങ്ങ്

പ്രകൃതിദത്ത ബ്ലീച്ച് ആയ ഉരുളക്കിഴങ്ങിന്റെ നീരും കക്ഷത്തിലെ കറുപ്പ് മാറാന്‍ ഉപയോഗിക്കാം. വെള്ളം ചേര്‍ക്കാതെ അല്‍പം ഉരുളക്കിഴങ്ങ് നീരുണ്ടാക്കുക. ഇത് കക്ഷത്തില്‍ തേച്ച് അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുക്കിക്കളയുക. ഉരുളക്കിഴങ്ങിന്റെ നീരെടുത്ത് ഒരു ഐസ് ട്രേയില്‍ ഒഴിച്ച് ഫ്രീസറില്‍ സൂക്ഷിച്ചശേഷം ആവശ്യമുള്ളപ്പോള്‍ എടുത്ത് കക്ഷത്തില്‍ ഉരസുകയും ചെയ്യാം. അതല്ലെങ്കില്‍ മുറിച്ചെടുത്ത ഉരുളക്കിഴങ്ങ് കഷ്ണം ഉപയോഗിച്ച് കക്ഷത്തില്‍ ഉരസുന്നതും കറുപ്പ് നിറം കുറയ്ക്കാന്‍ സഹായിക്കും. ദിവസവും രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്യണം.

നാരങ്ങയും മഞ്ഞള്‍പൊടിയും

നാരങ്ങ നീരില്‍ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് ചര്‍മത്തിന്റെ നിറം കൂട്ടാന്‍ സഹായിക്കുന്ന ഘടകമാണ്. രണ്ട് ടേബ്ള്‍സ്പൂണ്‍ നാരങ്ങാ നീര് മഞ്ഞള്‍പൊടിയുമായി ചേര്‍ത്ത് പേസ്റ്റുണ്ടാക്കി അത് കക്ഷത്തില്‍ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം കഴുകിക്കളയാം. അതുപോലെ ദിവസവും പകുതി മുറിച്ച നാരങ്ങ കക്ഷത്തിലെ ഇരുണ്ട ഭാഗത്ത് ദിവസവും തടവിയാലും ഫലം ലഭിക്കും. ഗുണം കൂടുതല്‍ കിട്ടാന്‍ നാരങ്ങയ്‌ക്കൊപ്പം അല്‍പം ഉപ്പ് കൂടി ചേര്‍ത്താല്‍ മതി.