പല കാര്യങ്ങൾക്കും പെട്ടന്ന് ഉത്തരം കണ്ടെത്താനും കൂട്ടുകാരുമായുള്ള സൗഹൃദം നിലനിർത്താനും എന്തിന് സമയം നോക്കാൻ പോലും സ്മാർട്‌ഫോൺ ഉപയോഗിക്കുന്നവരാണ് നമ്മൾ. ഇതിലൂടെ നമുക്ക് ഒന്നും ഓർമയിൽ സൂക്ഷിക്കാൻ പറ്റാതായി.

രാവിലെ കണ്ണുതുറന്നയുടൻ തലയണയ്ക്ക് അടിയിൽ വെച്ചിട്ടുള്ള സ്മാർട്ട്ഫോൺ എടുത്ത് ഇൻസ്റ്റയിലും വാട്സ്ആപ്പിലും സ്നാപ്പ്ചാറ്റിലും ഫെയ്സ്ബുക്കിലും വരുന്ന നോട്ടിഫിക്കേഷൻ നോക്കി, കമന്റുകൾക്കെല്ലാം മറുപടികൊടുത്താണ് നമ്മൾ ഉണരുന്നത്. രാത്രി ഉറങ്ങുന്നതുവരെ എത്രതവണയാണ് സ്മാർട്ട്ഫോണിലൂടെ കണ്ണോടിക്കുന്നത്. ഓരേ ഇരിപ്പിൽ എത്രയെത്ര റീലുകൾ സ്‍ക്രോൾ ചെയ്യുന്നത്. സൗഹൃദങ്ങളും തൊഴിലും വിനോദവും വിജ്ഞാനവുമെല്ലാം തിരയുന്നതും കണ്ടെത്തുന്നതും അവിടെയാണ്. കംപ്യൂട്ടറുകൾക്കും ഇന്റർനെറ്റിനും സ്മാർട്ട് ഫോണുകൾക്കുമെല്ലാം മനുഷ്യജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താനായിട്ടുണ്ട്. എന്നാൽ, ഈ ഉപകരണങ്ങളെല്ലാം നമ്മെ നിയന്ത്രിക്കാൻ തുടങ്ങുന്നതിനെയാണ് ഡിജിറ്റൽ അടിമത്തം എന്നുപറയുന്നത്. ഈ അടിമച്ചങ്ങലയിൽനിന്ന് മുക്തിനേടാൻ ലോകം കണ്ടെത്തിയ പുതുവഴിയാണ് ഡിജിറ്റൽ ഡിറ്റോക്സ്.
ശരീരത്തിലെ അഴുക്കിനെയും അവശ്യമില്ലാത്ത വസ്തുക്കളെയും പുറന്തള്ളി ശുദ്ധീകരിക്കുന്നതിനെയാണ് ഡീടോക്സിഫിക്കേഷൻ എന്നു പറയുന്നത്. ശരീരത്തിന്റെ കാര്യത്തിലെന്നപോലെ ഡിജിറ്റൽ ഗാഡ്‍ജറ്റുകളുടെ കാര്യത്തിലും നമ്മളെ ഡീറ്റോക്സ് ചെയ്യേണ്ടത് ആവശ്യമാണ്. കാരണം, ഗാഡ്ജറ്റ്‌സിന്റെ അടിമ ആകാതിരിക്കാൻ അവയെ ഒരു പരിധിവരെ നിയന്ത്രിക്കുകയും ഇടക്ക് ഒരു പൂർണ ബ്രേക്ക് നൽകുകയും വേണം.
ഇന്റർനെറ്റിന്റെയോ ഡിജിറ്റൽ ഉപകരണങ്ങളുടെയോ അമിതമായ ഉപയോഗംമൂലം ഒരാളുടെ ദൈനംദിന ജീവിതം, ജോലി, പഠനം, സാമൂഹികബന്ധങ്ങൾ എന്നിവ തടസ്സപ്പെടുന്നതിനെയാണ് ഡിജിറ്റൽ അടിമത്തം എന്നുവിളിക്കുന്നത്. മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിക്കുമ്പോൾ തലച്ചോറിലുണ്ടാകുന്ന അതേ മാറ്റങ്ങൾ അമിതമായ സ്ക്രീൻ ഉപയോഗത്തിലൂടെയും ഉണ്ടാകുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉറക്കമില്ലായ്മ, ഉത്കണ്ഠ, സാമൂഹിക ഒറ്റപ്പെടൽ, കടമകൾ അവഗണിക്കൽ ഇവയെല്ലാമാണ് ഡിജിറ്റൽ അടിമത്തത്തിന്റെ ആദ്യ ലക്ഷണങ്ങൾ.
പാഴാക്കുന്ന മണിക്കൂറുകൾ
- ഒരു സാധാരണക്കാരൻ ദിവസത്തിൽ 200 തവണ സ്മാർട്ട്ഫോൺ നോക്കുന്നുണ്ട്. അതായത് ഓരോ ആറരമിനിറ്റ് കൂടുമ്പോഴും ഫോൺ പരിശോധിക്കുന്നു.
- നാലിലൊരാൾ, ഉറങ്ങുന്നതിനെക്കാൾ കൂടുതൽ സമയം ഓൺലൈനിൽ ചെലവഴിക്കുന്നവരാണ്.
- 16 മുതൽ 24 വയസ്സുവരെയുള്ളവരിൽ 70 ശതമാനം ആളുകളും നേരിട്ട് സംസാരിക്കുന്നതിനെക്കാൾ മെസേജ് അയയ്ക്കാനാണ് ഇഷ്ടപ്പെടുന്നത്.
- കൗമാരപ്രായത്തിലുള്ള ഒരു കുട്ടി, കട്ടിലിൽ കിടന്നുകൊണ്ടുമാത്രം മാസത്തിൽ ചുരുങ്ങിയത് 3400 മെസേജുകൾ അയക്കുന്നുണ്ട്.
- ഒരു ശരാശരി ഇന്ത്യക്കാരൻ ഒരു ദിവസം സാമൂഹികമാധ്യമത്തിൽ ചെലവിടുന്നത് 2.30 മണിക്കൂറാണ്. അതിന്റെ ഇരട്ടിയിലധികം സമയം നമ്മൾ സ്ക്രീൻ ഉപയോഗിക്കുന്നുണ്ട്.
- ലോക ജനസംഖ്യയുടെ 65.7 ശതമാനം ആളുകൾ സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ.
എങ്ങനെചെയ്യാം ഡിജിറ്റൽ ഡീറ്റോക്‌സ് ?
ആദ്യം കയ്യിലുള്ള എല്ലാ ഗാഡ്ജറ്റ്സിന്റെയും ലിസ്റ്റ് ഉണ്ടാക്കാം. ടെക്‌നോളജിയെ എതമാത്രം ആശ്രയിക്കുന്നുണ്ട് എന്നു ഇതിലൂടെ മനസിലാക്കാം. ജീവിതത്തിൽ ചെയ്യാൻ ആഗ്രഹിക്കുന്ന, എന്നാൽ നിലവിൽ ചെയ്യാത്ത കാര്യങ്ങൾക്കായി മറ്റൊരു ലിസ്റ്റ് തയ്യാറാക്കണം. ഇടയ്ക്കിടെ സ്‍ക്രോൾ ചെയ്യാതെ അർത്ഥവത്തായ കാര്യങ്ങൾ നമ്മുക്ക് ചെയ്യാനുണ്ടെന്ന് ഈ ലിസ്റ്റ് ബോധ്യപ്പെടുത്തി തരും. ടെക്‌നോളജി യുടെ ഉപയോഗം കുറച്ചാൽ അതിനുള്ള സമയവും കണ്ടെത്താം.
ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ദിവസവും ഒരു സമയപരിധി നിശ്ചയിച്ചാൽ ഡിജിറ്റൽ ഡീറ്റോക്‌സ് ചെയ്യാൻ എളുപ്പമാകും. ആദ്യം ഓരോ ദിവസത്തേക്കും ഒരു പരിധി നിശ്ചയിക്കാം. വ്യായാമം ചെയ്യുന്നതിനിടയിൽ, ഭക്ഷണം കഴിക്കുമ്പോൾ, ഷോപ്പിങ് നടത്തുമ്പോൾ തുടങ്ങി ദിവസത്തിലെ ഓരോ സമയങ്ങളിൽ ടെക്‌നോളജിയെ അകറ്റിനിർത്താം.
ടെക്‌നോളജിയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു സ്വഭാവം മാറ്റുകയാണ് അടുത്തത്. ഭക്ഷണമേശയിൽ നിന്നോ കിടപ്പുമുറിയിൽ നിന്നോ ഗാഡ്ജറ്റ്സിനെ ഒഴിവാകുന്നതാവാം. ഇടയ്ക്കിടെ എഫ്ബിയും ഇൻസ്റ്റയും ഇമെയിലുമെല്ലാം നോക്കുന്നത് ഒഴിവാക്കാം. എന്തുതന്നെ ആയാലും ഇത് ഒരാഴ്ച എങ്കിലും കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം. അതിനു ശേഷം മറ്റൊരു ടെക്‌നോളജി ശീലം ഒഴിവാക്കുന്നത് തുടങ്ങാം. ഗാഡ്ജറ്റ്‌സിന്റെ ഉപയോഗം നിയന്ത്രണവിധേയമായി എന്നു തോന്നുന്നത് വരെ ഇതു തുടരാം.
ഗാഡ്ജറ്റ്‌സുകൾ കിടപ്പുമുറിയിൽ അല്ലാതെ സ്ഥിരമായി മറ്റൊരു മുറിയിൽ സൂക്ഷിക്കുകയാണ് അടുത്തത്. ഉറങ്ങാൻ പോകുന്നതിനു തൊട്ടു മുൻപും ഉറക്കമുണർന്ന് ഏറ്റവും ആദ്യവും ഇലക്ട്രോണിക് സ്‌ക്രീനുകൾ നോക്കുന്നത് ഇതിലൂടെ ഒഴിവാക്കാം. ഉറങ്ങാൻ പോകുന്നതിനു രണ്ടു മണിക്കൂർ മുൻപ് എങ്കിലും ഫോണുകളും മറ്റും ഓഫ് ചെയ്തു വെക്കാൻ ശ്രമിക്കാം.
നമ്മൾ നിരന്തരം ഫോൺ നോക്കുകയും ഫോണിൽ കുത്തികുറിക്കുകയും ചെയ്യുമ്പോൾ ചുറ്റുമുള്ളതിനെ നമ്മുക്ക് കാണാൻ കഴിയില്ല. തൊട്ടടുത്തിരുന്ന് ചായകുടിക്കുന്ന കൂട്ടുകാർ തന്നെ സംസാരത്തിനിടെ എത്രയെത്ര തവണ ഫോണിലേക്ക് കണ്ണോടിക്കുന്നുണ്ട്. ഫോണിനെ അൽപം മാറ്റിനിർത്താൻ ചുറ്റുപാടിനെ കാണാനും കേൾക്കാനും ഏകാഗ്രതകൂട്ടാനും കഴിയും. തീരെ പറ്റുന്നില്ലെങ്കിൽ അത്യാവശ്യ കാര്യങ്ങൾക്കായി ടൈമർ വെക്കാം.
കുടുംബം, കുട്ടുകാർ, ആരോഗ്യം, ജോലി ഈ നാലിനും ആവശ്യമുള്ള കാര്യങ്ങൾ മാത്രം ഗാഡ്ജറ്റ്‌സ് ഉപയോഗിച്ചു ചെയ്യാം. അലർട്ടുകൾ, ബീപ്പ് സൗണ്ട്, നോട്ടിഫിക്കേഷനുകൾ എന്നിവ ഓഫാക്കിയിടാം. അലർട്ടുകളും നോട്ടിഫിക്കേഷനുകളും ഇല്ലാതെ തന്നെ ബർത്‌ഡേ, എക്‌സാം ഡേറ്റ് പോലുള്ള കാര്യങ്ങൾ ഓർമയിൽ വെക്കാൻ കഴിയണം. ഇത്തരം ഡിസ്ട്രാക്ഷൻസ് ഒഴിവാക്കുന്നതിലൂടെ ശരിക്കും ആവശ്യമുള്ളത് എന്തെന്ന് മനസിലാക്കാനും അതിനായി കൂടുതൽ സമയം നന്നായി ഉപയോഗിക്കാനും കഴിയും.
ഫോൺ ഓരോ തവണ ഗാഡ്ജറ്റുകൾ എടുക്കുമ്പോഴും എന്തിന് എന്നു സ്വയം ചോദിക്കാം. പല കാര്യങ്ങൾക്കും പെട്ടന്ന് ഉത്തരം കണ്ടെത്താനും കൂട്ടുകാരുമായുള്ള സൗഹൃദം നിലനിർത്താനും എന്തിന് സമയം നോക്കാൻ പോലും സ്മാർട്‌ഫോൺ ഉപയോഗിക്കുന്നവരാണ് നമ്മൾ. ഇതിലൂടെ നമുക്ക് ഒന്നും ഓർമയിൽ സൂക്ഷിക്കാൻ പറ്റാതായി. കണക്കുകൂട്ടാനും മറ്റും നമ്മൾ ഫോണിനെ ഉപയോഗിക്കാൻ തുടങ്ങിയതോെട മനക്കണക്ക് എന്ന സ്കിൽ ഇല്ലാതായി. യഥാർത്ഥത്തിൽ നമ്മൾ ചിന്തിക്കുന്നതിനെക്കാൾ കൂടുതൽ തവണ ഫോൺ കയ്യിലെടുക്കുന്നുമുണ്ട്.
ഇലക്ട്രോണിക് ഉപകരണങ്ങൾ ഒഴിവാക്കി തുടങ്ങുമ്പോൾ തുടക്കത്തിൽ പേടി തോന്നിയേക്കാം. എന്നാൽ മറ്റുള്ളവരുമായും അവനവനുമായും കൂടുതൽ അടുപ്പം സ്ഥാപിക്കാനുള്ള ഒരു കാര്യത്തിന് നമ്മൾ തുടക്കമിട്ടിരിക്കുകയാണ് എന്നു മനസ്സിനെ പറഞ്ഞു പഠിപ്പിക്കാം. ഡിജിറ്റൽ അടിമത്തത്തിൽനിന്ന് മോചനം നേടാൻ ഡിജിറ്റൽ ഉപവാസം എന്നൊരു ആശയം വ്യാപകമാവുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസമോ ദിവസത്തിൽ നിശ്ചിത മണിക്കൂറുകളോ ഫോണിൽനിന്ന് പൂർണമായി വിട്ടുനിൽക്കുകയാണ് ഇതിലൂടെ. 20-20-20 റൂളാണ് മറ്റൊന്ന്. സ്ക്രീൻ ഉപയോഗിക്കുമ്പോൾ ഓരോ 20 മിനിറ്റിലും 20 അടി ദൂരെയുള്ള ഒരു വസ്തുവിനെ 20 സെക്കൻഡ് നേരം നോക്കുക.
ഒരു ദിവസം ഗാഡ്ജറ്റ്സ് വീട്ടിൽ വെച്ച് പുറത്തു പോകാനുള്ള ധൈര്യം കാണിക്കാം. ഇടക്കൊക്കെ ഹെഡ് ഫോൺ എടുക്കാതിരിക്കാം. ഫോൺ ഇല്ലാതെ ജീവിക്കുക്കാൻ കഴിയുമെന്ന് സ്വയം തിരിച്ചറിയുകയാണ് വേണ്ടത്. ഫോൺ ഇല്ലാത്തപ്പോൾ മിസ് ആവുന്ന കാര്യങ്ങൾ വളരെ കുറച്ചു മാത്രമാണ്, അതിനേക്കാളേറെ സുന്ദരമായ കാര്യങ്ങൾ നമുക്കുചുറ്റും നടക്കുന്നുണ്ട്. അന്നുവരെ ശ്രദ്ധിക്കാതിരുന്ന കാറ്റും മഴയും കാടും ശബ്ദങ്ങളും നമുക്ക് ഭംഗിയായി ആസ്വദിക്കാം.
ഭക്ഷണം കഴിക്കുമ്പോൾ ഫോൺ സൈലന്റ് അല്ലെങ്കിൽ സ്വിച്ച് ഓഫ് ചെയ്തു വെക്കാം. മുതിർന്നവരിൽ നിന്നു പല ശീലങ്ങളും പഠിക്കുന്ന കുട്ടികൾക്ക് അതൊരു നല്ല മാതൃകയാവും.
ചില പരീക്ഷണങ്ങൾ
- ഒഴിവാക്കാൻ കഴിയുന്ന ആപ്പുകൾ ഡിലീറ്റ് ചെയ്യുക
- സെറ്റിങ്ങ്‌സിൽ പോയി പറ്റുമെങ്കിൽ എല്ലാ അപ്പുകളുടെയും നോട്ടിഫിക്കേഷൻ ഓഫ് ചെയ്യുക. വാട്‌സാപ്പ് മുതൽ ഷോപ്പിങ് സൈറ്റുകൾ വരെ.
- വീട്ടിൽ ഉള്ളപ്പോൾ ഫോൺ ഒരൊ ലാന്റ് ലൈൻ ആണെന്ന് കരുതുക. ഫോണിന്റെ അടുത്ത് ചെന്ന് സംസാരിക്കുക, ആപ്പുകൾ ഉപയോഗിക്കുക, ഇതൊരു പരീക്ഷണമായി കരുതുക.
- ഡിജിറ്റൽ അല്ലാത്ത കാര്യങ്ങളിൽ താൽപ്പര്യം ജനിപ്പിക്കുക, അത് പുസ്തകം വായനയാകാം, ട്രെക്കിങ്ങ് ആകാം.
മുന്നിലുണ്ട് മാതൃകകൾ
കർണാടകയിലെ ഹലഗാ ഗ്രാമമാണ് ഡിജിറ്റൽ ഡിറ്റോക്സിന്റെ ഏറ്റവും ഒടുവിലെ മികച്ച മാതൃക. രാത്രി ഏഴിന് ഗ്രാമത്തിൽ സൈറൺ മുഴങ്ങും. ആ സമയത്ത് വീടുകളിൽ ടിവിയും മൊബൈൽഫോണും ഓഫാക്കിയിടും. കുട്ടികൾ പുസ്തകത്തിലേക്കും മുതിർന്നവർ അവർക്ക് കൂട്ടായും ഇരിക്കും രണ്ട് മണിക്കൂർ കഴിഞ്ഞ് 9-ന് വീണ്ടും സൈറൺ മുഴങ്ങും. അപ്പോൾ മാത്രം ഫോൺ എടുക്കാം.
മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ മൊഹിത്യാൻ ജെ വഡ്‌ഗാവ് ഗ്രാമത്തിൽ 2022-ലാണ് ഇതുപോലെ ഒരു പരീക്ഷണം നടത്തി വിജയിച്ചിരുന്നു. ഇന്ത്യയിൽ മാത്രമല്ല ലോകത്ത് പലയിടങ്ങളിലും സാമൂഹിക മാധ്യമങ്ങൾ നിയന്ത്രിച്ചും മറ്റും ഡിജിറ്റൽ ഡിറ്റോക്സ് ചെയ്യുന്നുണ്ട്. ഓസ്ട്രേലിയയിൽ ഡിസംബർ 10-മുതൽ 16 വയസ്സിൽതാഴെയുള്ളവർക്കുള്ള സാമൂഹികമാധ്യമനിരോധനം ഏർപെടുത്തിയിട്ടുണ്ട്. ചൈനയിൽ ഫോണുകളിൽ ഇന്റർനെറ്റ് സമയം നിശ്ചയിച്ചു.
Content Highlights: The article explores the growing crisis of "digital slavery," where the average person checks their phone 200 times a day, leading to anxiety, insomnia, and social isolation. It offers practical "Digital Detox" strategies,
Published: 01 Jan 2026, 04:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented