
'എന്റെ പ്രിയതമയ്ക്ക്, എന്റെ കുഞ്ഞുങ്ങളുടെ അമ്മയ്ക്ക്, എന്റെ ആത്മസുഹൃത്തിന് പ്രണയദിനാശംസകള്‍. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നീയെന്നെ ഇപ്പോഴും മോഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു'- അസ്തമയ സൂര്യന്റെ പശ്ചാത്തലത്തില്‍, കടുംചുവപ്പ് കടലിനെ സാക്ഷിയാക്കിയെടുത്ത വിക്ടോറിയയ്ക്കൊപ്പമുള്ള ചുംബന സെല്‍ഫിക്കൊപ്പം കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ ഡേവിഡ് ബെക്കാം സോഷ്യല്‍ മീഡിയയില്‍ കുറിച്ച വരികളാണിത്. 1999 ജൂലായ് നാലിന് തുടങ്ങിയ അവരുടെ ജീവിതയാത്ര 25-ാം വര്‍ഷത്തിലെത്തി നില്‍ക്കുകയാണ്. എന്നാല്‍ അവരിപ്പോഴും ഇംഗ്ലണ്ടിലെ തെരുവുകളിലൂടെ ആരാധകരുടെ കണ്ണുവെട്ടിച്ച് പാറിപ്പറന്ന് നടന്നിരുന്ന പഴയ ബെക്കാമും വിക്ടോറിയയും തന്നെയാണ്. അതേ പ്രണയവും സ്നേഹവും അവരില്‍ അവശേഷിക്കുന്നു. കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള, ഗ്ലാമറില്‍ മുങ്ങിക്കുളിച്ച ജീവിതമായിട്ടും ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താതെ ബെക്കാമും വിക്ടോറിയയും ഇന്നും ഒരേ തോണിയില്‍ മറുകര ലക്ഷ്യമാക്കി യാത്ര ചെയ്യുന്നു.
ലൗ അറ്റ് ഫസ്റ്റ് സൈറ്റ്
കണ്ടമാത്രയില്‍ തന്നെ പ്രണയം തോന്നുന്ന 'ലൗ അറ്റ് ഫസ്റ്റ് സൈറ്റി'ല്‍ വിശ്വാസമില്ലാത്ത കൗമാരക്കാരിയായിരുന്നു വിക്ടോറിയ. ഒരിക്കല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്ലെയേഴ്സ് ലോഞ്ചില്‍ ഡേവിഡ് ബെക്കാം നില്‍ക്കുന്നത് വിക്ടോറിയ കണ്ടു. ലൗ അറ്റ് ഫസ്റ്റ് സൈറ്റായിരുന്നു. ആ സ്വര്‍ണത്തലമുടിക്കാരന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാന്‍ വിക്ടോറിയക്ക് തോന്നിയില്ല. അന്ന് 23-കാരിയായിരുന്ന അവര്‍ സ്പൈസ് ഗേള്‍സ് മ്യൂസിക് ബാന്‍ഡില്‍ കത്തിനില്‍ക്കുന്ന സമയമായിരുന്നു. ബെക്കാമാകട്ടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ കളി തുടങ്ങിയ കാലവും.
അന്നത്തെ കൂടിക്കാഴ്ച്ചയെ കുറിച്ച് വിക്ടോറിയ വോഗിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്. 'ലൗ അറ്റ് ഫസ്റ്റ് സൈറ്റ് വെറുതെ പറയുന്ന ഒരു കാര്യമല്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്ലയേഴ്സ് ലോഞ്ചിലാണ് അത് സംഭവിച്ചത്. അന്ന് ഞാന്‍ അല്‍പം മദ്യപിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ മങ്ങിയ ഓര്‍മകളാണ് എന്റെയുള്ളിലുള്ളത്. മറ്റു കളിക്കാരെല്ലാം കൂട്ടുകാരോടൊപ്പം മദ്യപിക്കുന്ന തിരക്കിലായിരുന്നു. എന്നാല്‍, ഡേവിഡ് അതില്‍ നിന്നെല്ലാം മാറി കുടുംബാംഗങ്ങളുടെ കൂടെ നില്‍ക്കുകയായിരുന്നു. എന്നെപ്പോലെ കുടുംബത്തിന് പ്രധാന്യം നല്‍കുന്നയാളാണല്ലോ ഡേവിഡും എന്നാണ് ആ നിമിഷം ഞാന്‍ ചിന്തിച്ചത്. ഇതിനിടയില്‍ ഡേവിഡ് എന്നെ നോക്കി ചിരിച്ചു. അതില്‍ ഞാന്‍ വീണുപോയി. അത്രയും മനോഹരമായ ചിരി ഞാന്‍ അതിന് മുമ്പ് കണ്ടിട്ടില്ലായിരുന്നു.'- വിക്ടോറിയ ഓര്‍മകള്‍ പൊടിതട്ടിയെടുക്കുന്നു.

എന്നാല്‍ ഇത് ഒരു വശത്ത് മാത്രമായിരുന്നില്ല സംഭവിച്ചത്. മറുവശത്ത് ബെക്കാമും ഇതേ വികാരങ്ങളിലൂടെയാണ് കടന്നുപോയത്. 'അന്ന് ആദ്യമായി കണ്ടപ്പോള്‍ വിക്ടോറിയയോട് നമ്പര്‍ ചോദിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയല്ലോ എന്നതായിരുന്നു എന്റെ ചിന്ത മുഴുവന്‍. എന്നാല്‍ അടുത്ത തവണ ഞാന്‍ അവസരം നഷ്ടപ്പെടുത്തിയില്ല. വിക്ടോറിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മത്സരം കാണാനെത്തിയപ്പോള്‍ ഞങ്ങള്‍ പ്ലെയേഴ്സ് ലോഞ്ചില്‍ ഒരു മണിക്കൂറോളം സംസാരിച്ചിരുന്നു. തിരിച്ചുപോകുമ്പോള്‍ പേഴ്സില്‍ നിന്നെടുത്ത ട്രെയ്ന്‍ ടിക്കറ്റിന് പിന്നില്‍ വിക്ടോറിയ നമ്പര്‍ എഴുതിത്തന്നു. ഇപ്പോഴും ആ ടിക്കറ്റ് എന്റെ കൈയിലുണ്ട്.' 'ദി ടുനൈറ്റ് ഷോ' എന്ന പരിപാടിയില്‍ ബെക്കാം ഓര്‍മകള്‍ പങ്കുവെയ്ക്കുന്നു.
ബിഎംഡബ്ല്യുവിലെ ആദ്യ ചുംബനം
വിക്ടോറിയയുടെ ഫോണ്‍ നമ്പര്‍ കൈയില്‍ കിട്ടിയതോടെ ബെക്കാം ഒന്നാന്തരമൊരു കാമുകനായി രൂപാന്തരം പ്രാപിച്ചു. മത്സരങ്ങളുടേയും പരിശീലനത്തിന്റേയും ഇടവേളകളില്‍ ഫോണുമായി ബെക്കാം ഗ്രൗണ്ടിന് പുറത്തേക്കോടും. ചില ദിവസങ്ങളില്‍ സല്ലാപം സൂര്യനുദിക്കുന്നതുവരെ നീളും. ബെക്കാമിന്റെ സഹതാരമായിരുന്ന ഗാരി നെവില്‍ ഇതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. 'ഞാന്‍ കാണുമ്പോഴെല്ലാം അവന്‍ വിക്ടോറിയയുമായി ഫോണില്‍ സംസാരിക്കുകയായിരിക്കും. മണിക്കൂറുകളോളം ഇതു നീളും. ഒരു ലഹരി പോലെയായിരുന്നു ബെക്കാമിന് വിക്ടോറിയയുമായുള്ള ബന്ധം. ഒരിക്കല്‍ വിക്ടോറിയയെ കാണാന്‍ നാല് മണിക്കൂര്‍ കാര്‍ ഡ്രൈവ് ചെയ്താണ് ബെക്കാം പോയത്. അന്ന് അവര്‍ മ്യൂസിക് ഷോയുടെ തിരക്കിലായിരുന്നു. 20 മിനിറ്റ് മാത്രമേ കാണാന്‍ കഴിയൂ എന്നറിഞ്ഞിട്ടും ബെക്കാം സാഹസത്തിന് മുതിര്‍ന്നു.'
രണ്ടു പേരും ഒരുപോലെ പ്രശസ്തരായതിനാല്‍ പുറത്ത് ചുറ്റിക്കറങ്ങിയുള്ള പ്രണയം ഇരുവര്‍ക്കും നിഷിദ്ധമായിരുന്നു. രാജ്യത്തിന്റെ ഏത് കോണില്‍ പോയാലും ഇരുവരും തിരിച്ചറിയപ്പെടും. ഇതിന് അവര്‍ ഒടുവില്‍ ഒരു പരിഹാരം കണ്ടെത്തി. പാര്‍ക്കിങ് ഏരിയകളില്‍ കാറിനുള്ളിലായിരുന്നു ഇരുവരും പലപ്പോഴും കൂടിക്കാഴ്ച്ച നടത്തിയിരുന്നത്. ആദ്യമായി വിക്ടോറിയയെ ബെക്കാം ചുംബിച്ചതുപോലും ബിഎംഡബ്ല്യു കാറിനുള്ളില്‍വെച്ചായിരുന്നു.

വിവാഹത്തിന് സാക്ഷിയായി കുഞ്ഞ്
ഇരുവരുടേയും പ്രണയം വൈകാതെ ആരാധകരും പാപ്പരാസികളും കണ്ടുപിടിച്ചു. സ്‌പൈസ് ഗേള്‍സ് ബാന്‍ഡില്‍ 'പോഷ്' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന വിക്ടോറിയയെ അതേ പേരിലാണ് പ്രണയവാര്‍ത്തയില്‍ മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിച്ചത്. 'പോഷും ബെക്ക്‌സും പ്രണയത്തിലോ' എന്നതായിരുന്നു അവരുടെ തലക്കെട്ടുകള്‍. ഏറെ വൈകാതെ വിക്ടോറിയയെ ബെക്കാം ജീവിതത്തിലേക്ക് ക്ഷണിച്ചു. ഹെര്‍ട്‌ഫോര്‍ഡ്‌ഷെയറിലെ ചെസന്റിലെ റസ്റ്ററന്റില്‍ ഒരു ഡിന്നര്‍ പാർട്ടിക്കിടെയായിരുന്നു ഈ പ്രൊപ്പോസല്‍. ഫുട്‌ബോള്‍ ലോകം മുഴുവന്‍ ആരാധിക്കുന്ന തന്റെ അദ്ഭുത കാല്‍ നിലത്തുകുത്തി ബെക്കാം വിക്ടോറിയയ്ക്കു നേരെ മോതിരം നീട്ടി. ഈ സര്‍പ്രൈസില്‍ നിറഞ്ഞ കണ്ണുകളുമായി വിക്ടോറിയ തന്റെ മോതിരവിരല്‍ ബെക്കാമിന് നേരെ നീട്ടി.
കുറച്ച് മാസങ്ങള്‍ക്കുശേഷം തങ്ങളിരുവരും ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന സന്തോഷവാര്‍ത്ത ഇരുവരും ആരാധകരെ അറിയിച്ചു. 1999 മാര്‍ച്ചില്‍ പോഷും ബെക്ക്‌സും ആദ്യത്തെ കണ്‍മണിയെ ജീവിതത്തിലേക്ക് വരവേറ്റു. ബ്രൂക്ക്‌ലിന്‍ എന്ന് അവന് പേര് നല്‍കി. കുഞ്ഞിന് നാല് മാസം പ്രായമുള്ളപ്പോള്‍ ഇരുവരും ഔദ്യോഗികമായി വിവാഹിതരായി. എല്ലാതരത്തിലുള്ള ആഡംബരങ്ങളോടും കൂടിയായിരുന്നു വിവാഹം. അയര്‍ലന്‍ഡിലെ ലുട്രെല്‍സ്റ്റൗണ്‍ കാസിലായിരുന്നു വേദി. 560 ഏക്കര്‍ നീണ്ടുകിടക്കുന്ന എസ്‌റ്റേറ്റിനുള്ളിലെ ഈ കാസിലില്‍ വിവാഹത്തിനെത്തിയ അതിഥികള്‍ ആടിയും പാടിയും സമയം ചെലവഴിച്ചു. ഏകദേശം 177 കോടി രൂപയാണ് താരദമ്പതികള്‍ വിവാഹത്തിനായി ഒഴുക്കിയത്.
കാസിലിന് പുറത്ത് വി.ബി.ഡി എന്നെഴുതിയ ഒരു പതാക ഉയര്‍ത്തിക്കെട്ടിയിരുന്നു. വിക്ടോറിയ, ബ്രൂക്ക്‌ലിന്‍, ഡേവിഡ് എന്നീ പേരുകളുടെ ആദ്യാക്ഷരങ്ങളായിരുന്നു വി.ബി.ഡി. ഇരുവരും വിവാഹത്തിന് സമ്മം മൂളുന്ന ചടങ്ങില്‍ ഏറ്റവും അടുത്ത 29 അതിഥികളാണ് പങ്കെടുത്തത്. അതിനുശേഷം നടന്ന വിരുന്നില്‍ നിരവധി പേര്‍ പങ്കാളികളായി. സ്വര്‍ണ സിംഹാസനത്തിലിരുന്നാണ് നവദമ്പതികള്‍ അതിഥികളെ വരവേറ്റത്. അമേരിക്കന്‍ ഗായകനായ ഫ്രാങ്ക് സിനാട്രയുടെ 'ഇറ്റ് ഹാഡ് റ്റു ബി യു' എന്ന ഗാനത്തിന് ഇരുവരും ആദ്യമായി ഒരുമിച്ച് ചുവടുകള്‍വെച്ചു.

സ്പൈസ് ഗേള്‍സായിരുന്നു അതിഥികളിലെ ശ്രദ്ധാകേന്ദ്രം. ഇവര്‍ക്കൊപ്പം ഇംഗ്ലണ്ട്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമുകളിലെ താരങ്ങളുമെത്തി. പ്രശസ്ത ബ്രൈഡല്‍ ഡിസൈനര്‍ വേരാ വാങ്ങിന്റെ ഐവറി നിറത്തിലുള്ള ബോള്‍ഗൗണായിരുന്നു വിക്ടോറിയയുടെ വിവാഹവേഷം. സ്ട്രാപ്ലെസ് നെക്ക്‌ലൈനുള്ള ഈ ഗൗണിനൊപ്പം 20 അടി നീളമുള്ള ട്രെയ്‌നുമുണ്ടായിരുന്നു. വജ്രങ്ങള്‍ കൊണ്ടലങ്കരിച്ച സ്വര്‍ണക്കിരീടവും വിക്ടോറിയ ധരിച്ചു. ക്രീം നിറത്തിലുള്ള സ്യൂട്ടില്‍ ബെക്കാം കൂടുതല്‍ സുന്ദരനായി.
വിവാഹ വിരുന്നില്‍ ഇരുവരും പര്‍പ്പിൾ നിറമാണ് തിരഞ്ഞെടുത്തത്. വിക്ടോറിയയുടെ തൈ സ്ലിറ്റ് ഗൗണിന് വലിയ റോസാപൂക്കളുടെ ഡിസൈനുള്ള ഷോള്‍ഡറാണ് നല്‍കിയിരുന്നത്. ഈ പൂക്കളില്‍ ചിലത് ചുവപ്പ് നിറമായിരുന്നു. ബെക്കാമിന്റെ സ്യൂട്ടിന് മുകളിലും ഒരു റോസാപ്പൂ നല്‍കിയിരുന്നു. ഈ ഔട്ട്ഫിറ്റുകളെ കുറിച്ച് ഇരുവരും പിന്നീട് നടന്ന അഭിമുഖങ്ങളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അക്കാലത്ത് തനിക്ക് പര്‍പ്പ്ള്‍ നിറത്തിലുള്ള ഒരു തൊപ്പി പോലും ഇല്ലായിരുന്നെന്നും ആദ്യമായാണ് ആ നിറത്തിലുള്ള ഒരു വസ്ത്രം ധരിച്ചതെന്നുമാണ് ബെക്കാം വെളിപ്പെടുത്തിയത്. ഒരേ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് അന്ന് ട്രെന്‍ഡിങ്ങിന്റെ ഭാഗമൊന്നും ആയിരുന്നില്ല. അതൊരു രസത്തിനുവേണ്ടി ചെയ്തതായിരുന്നുവെന്ന് വിക്ടോറിയയും പറയുന്നു.
അസിസ്റ്റന്റുമായുള്ള പ്രണയം
വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷം വിക്ടോറിയ രണ്ടാമത്തെ കുഞ്ഞിനും ജന്മം നല്‍കി. റോമിയോ എന്നാണ് അവന് പേര് നല്‍കിയത്. 'കുട്ടികളുണ്ടാകുക എന്നത് അല്‍പം സമ്മര്‍ദമുണ്ടാക്കുന്ന കാര്യമാണ്. പക്ഷേ ലോകത്തിലെ ഏറ്റവും മനോഹരമായ സംഭവവും അതാണ്. ഒരു കുഞ്ഞു കൂടി വന്നിരിക്കുന്നു. അമ്മ സുഖമായിരിക്കുന്നു. അവനെ കാണാന്‍ ബ്രൂക്ക്‌ലിനെ പോലെ തന്നെയുണ്ട്. ബ്രൂക്ക്‌ലിന്റെ മൂക്കും വിക്ടോറിയയുടെ കവിളുമാണ് അവന് കിട്ടിയിരിക്കുന്നത്.' രണ്ടാമത്തെ മകനെ വരവേറ്റ് ബെക്കാം മാധ്യമങ്ങളോട് പറഞ്ഞു.
ഇതിന് പിന്നാലെ പ്രീമിയര്‍ ലീഗ് വിട്ട് ബെക്കാം ലാ ലിഗയിലേക്ക് ചേക്കേറി. മാഞ്ചസ്റ്ററിന്റെ ചുവപ്പില്‍ നിന്ന് റയല്‍ മാഡ്രിഡിന്റെ വെള്ളക്കുപ്പായത്തില്‍ കളിക്കാന്‍ തുടങ്ങി. എന്നാല്‍ ബെക്കാമിന്റെ ജീവിതത്തില്‍ സമാധാനം നഷ്ടപ്പെട്ടു. മുന്‍ അസിസ്റ്റന്റ് റബേക്ക ലൂസുമായി ബെക്കാം പ്രണയത്തിലാണെന്ന അഭ്യൂഹം വിക്ടോറിയയെ പിടിച്ചുലച്ചു. ഇരുവരുടേയും ബന്ധത്തില്‍ അത് ചെറിയ വിള്ളലുകള്‍ വീഴ്ത്തി. സ്‌പൈസ് ഗേള്‍സ് എന്ന സ്വപ്‌നത്തോട് തത്ക്കാലത്തേക്ക് വിടപറഞ്ഞ്, നാലും ഒന്നും വയസുള്ള രണ്ട് കുഞ്ഞുങ്ങളുമായി വീട്ടില്‍ ഓടിനടക്കുന്നതിനിടയില്‍ ഈ വാര്‍ത്ത വിക്ടോറിയയെ തീരെ രസിപ്പിച്ചില്ല.

കരിയര്‍ ഇല്ലാതായിത്തീരുമോ എന്ന ആശങ്കയുടെ വാള്‍ തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തിന്റെ കഥ കൂടി അവര്‍ക്ക് ഇരുട്ടടിയായി. പക്ഷേ ആ ഘട്ടം അവര്‍ മനക്കരുത്തോടെ അതിജീവിച്ചു. എല്ലാം മാധ്യമസൃഷ്ടിയാണെന്നും ബെക്കാം തന്നെ വഞ്ചിക്കില്ലെന്നും അവര്‍ക്കുറപ്പായിരുന്നു. ആ പോരാട്ടത്തില്‍ ബെക്കാമിനൊപ്പം വിക്ടോറിയ നിന്നു. 'ഞാന്‍ വളരെ സന്തോഷവാനായ ഒരു ഭര്‍ത്താവാണ്. സുന്ദരിയായ ഒരു ഭാര്യയും രണ്ട് പൊന്നോമനകളുമുള്ളപ്പോള്‍ മൂന്നാമതൊരാള്‍ക്ക് എന്നില്‍ സ്വാധീനം ചെലുത്താന്‍ കഴിയില്ല'- ആ അഭ്യൂഹങ്ങളോട് ബെക്കാമിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. 2005-ല്‍ ഇരുവരും മൂന്നാമത്തെ കുഞ്ഞ് ക്രൂസിനേയും വരവേറ്റു. അപ്പോഴും ഒരു പെണ്‍കുട്ടി വേണെമെന്ന അവരുടെ സ്വപ്‌നം അവശേഷിച്ചിരുന്നു. 2011-ലാണ് അത് സാക്ഷാത്കരിച്ചത്. ജൂലായ് 10ന് ഹാര്‍പെര്‍ സെവന്‍ എന്ന പെണ്‍കുട്ടിക്ക് വിക്ടോറിയ ജന്മം നല്‍കി. ബെക്കാമിന്റെ ജഴ്‌സി നമ്പര്‍ കൂടി ചേര്‍ത്താണ് മകളുടെ പേര് തിരഞ്ഞെടുത്തത്.
നാല് വര്‍ഷത്തെ സ്പാനിഷ് വാസത്തിന് വിരാമമിട്ട് ബെക്കാം 2007-ല്‍ കുടുംബത്തോടൊപ്പം യുഎസ്സിലേക്ക് താമസം മാറി. ലോസ് ആഞ്ജലീസ് ഗാലക്‌സിയായിരുന്നു അടുത്ത കളിത്തട്ട്. ബെല്‍ എയറില്‍ ഒരു ആഡംബര വസതിയും താരം സ്വന്തമാക്കി. ഹോളിവുഡിലെ അടുത്ത സുഹൃത്തുക്കളെ കാണാനും, സ്‌പൈസ് ഗേള്‍സ് ബാന്‍ഡിനൊപ്പമുള്ള സംഗീത പരിപാടികള്‍ക്കും വിക്ടോറിയയ്ക്കും ഇണങ്ങിയ സ്ഥലം അമേരിക്കയായിരുന്നു. ഇതിനിടയില്‍ എപ്പോഴെങ്കിലും അവര്‍ ജന്മനാടായ ലണ്ടനില്‍ മുഖം കാണിച്ച് മടങ്ങും.
പത്ത് റോസാപ്പൂക്കളുടെ ടാറ്റൂ
2009-ലാണ് ഇരുവരും പത്താം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. അന്ന് പത്ത് റോസാപ്പൂക്കള്‍ കൈയില്‍ ടാറ്റൂ ചെയ്ത് ബെക്കാം വിക്ടോറിയയെ അദ്ഭുതപ്പെടുത്തി. ഇത്രയും കാലം ഈ ബന്ധം എങ്ങനെ നിലനിന്നുവെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ബെക്കാമിനോട് ചോദിച്ചു. അതിന് അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. 'ഞങ്ങള്‍ എപ്പോഴും എന്തെങ്കിലും സ്‌പെഷ്യലായി ചെയ്യാന്‍ ശ്രമിക്കും. പരസ്പരം സമ്മാനം വാങ്ങിക്കൊടുക്കുക എന്നത് മാത്രമല്ല ഈ സ്‌പെഷ്യല്‍ കാര്യം. ഒരുമിച്ച് ചെലവഴിക്കാനുള്ള സമയം കണ്ടെത്തുക എന്നതാണ്. പുറത്തുപോയി ഡിന്നര്‍ കഴിക്കുക, ചെറിയ യാത്ര പോകുക തുടങ്ങിയ കാര്യങ്ങളിലൊന്നും ഞാന്‍ വിട്ടുവീഴ്ച്ച ചെയ്തിരുന്നില്ല. അതായിരുന്നു ഞങ്ങള്‍ രണ്ടുപേര്‍ക്കും പ്രധാനപ്പെട്ടത്.'
ഒരു അഭിമുഖത്തില്‍ ബെക്കാം ഇപ്പോഴും എത്രത്തോളം തന്നെ ആകര്‍ഷിക്കുന്നുണ്ടെന്ന് വിക്ടോറിയയും തുറന്നുപറഞ്ഞിരുന്നു. അന്ന് അവതാരക ബെക്കാമിന്‌റെ വലിയ ശബ്ദത്തെ കുറിച്ചാണ് വിക്ടോറിയയോട് ചോദിച്ചത്. അത് താന്‍ ശ്രദ്ധിച്ചിട്ടില്ലെന്നും എല്ലാതരത്തിലും അദ്ദേഹം പെര്‍ഫെക്ട് ആയതിനാല്‍ ആളുകള്‍ കണ്ടുപിടിച്ച ഒരു കുറവ് ആയിരിക്കും അതെന്നുമായിരുന്നു വിക്ടോറിയയുടെ മറുപടി.

അതിന് തുടര്‍ച്ചയായി ഒരു സംഭവവും വിക്ടോറിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. 'ഒരു ദിവസം ഞങ്ങള്‍ പുറത്തുപോകാന്‍ തയ്യാറെടുക്കുകയായിരുന്നു. കുളിച്ചുവന്ന് വസ്ത്രം മാറാനൊരുങ്ങുമ്പോള്‍ ബെക്കാമിന് ഒരു അത്യാവശ്യ ഇ-മെയില്‍ അയക്കേണ്ടി വന്നു. ഇതോടെ ലാപ്‌ടോപ്പുമായി ബെഡ്ഡിന്റെ ഒരു മൂലയില്‍ അദ്ദേഹം ഇരുപ്പറപ്പിച്ചു. ഞാന്‍ അദ്ദേഹത്തെതന്നെ നോക്കി അവിടെ നിന്നു. ടാറ്റൂ നിറഞ്ഞ, കൊഴുപ്പുകളൊന്നുമില്ലാത്ത, വെയിലുകൊണ്ട് നിറംമാറിയ ശരീരം. അതായിരുന്നു ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ടത്. അദ്ദേഹം ഒരു മേക്കപ്പും ചെയ്തിരുന്നില്ല. മുടി പോലും ചീകിയിരുന്നില്ല. എന്നിട്ടും കാണാന്‍ അതിസുന്ദരനായിരുന്നു. എല്ലാ സമയത്തും അദ്ദേഹം കാണാന്‍ അതുപോലെത്തന്നെയാകും. രാവിലെ എഴുന്നേറ്റുവരുമ്പോള്‍ പോലും സുന്ദരനായിരിക്കും. അന്ന് ആ ശരീരം നോക്കി നില്‍ക്കുന്നതിനിടയില്‍ അങ്ങനെയൊരു ഭര്‍ത്താവിനെ തെരഞ്ഞെടുത്തതില്‍ ഞാന്‍ എന്റെ തോളില്‍ തട്ടി എന്നെത്തന്നെ അഭിനന്ദിച്ചു.'
വിക്ടോറിയയുടെ ഫാഷന്‍ പരീക്ഷണം
കുടുംബജീവിതം തുടങ്ങിയതോടെ വിക്ടോറിയയുടെ മ്യൂസിക് കരിയറില്‍ ഉലച്ചിലുകള്‍ സംഭവിച്ചിരുന്നു. ചെറിയ പ്രായവ്യത്യാസമുള്ള നാല് മക്കളെ പരിപാലിക്കേണ്ട ഉത്തരവാദിത്തമുള്ളതിനാല്‍ വിക്ടോറിയക്ക് ചില മ്യൂസിക് ഷോകള്‍ ഉപേക്ഷിക്കേണ്ടി വന്നു. ഇതു സ്‌പൈസ് ഗേള്‍സ് എന്ന ബാന്‍ഡിലും പ്രശ്‌നങ്ങളുണ്ടാക്കി. ഇതിനെ മറികടക്കാന്‍ വിക്ടോറിയ തന്റെ മറ്റൊരു ഇഷ്ടമായ ഫാഷനെ കൂട്ടുപിടിച്ചു. 2008-ല്‍ സ്വന്തം പേരില്‍ ഒരു ക്ലോത്തിങ് ഡിസൈനര്‍ ബ്രാന്റ് തുടങ്ങി. മൂന്നു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടീഷ് ഫാഷന്‍ അവാര്‍ഡില്‍ മികച്ച ഡിസൈനര്‍ ബ്രാന്റിനുള്ള പുരസ്‌കാരവും നേടി. അന്ന് സന്തോഷാശ്രുക്കളോടെ വിക്ടോറിയ പറഞ്ഞ വാക്കുകള്‍ ഇങ്ങനെയാണ്. 'ഡേവിഡില്ലെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. ഇതെല്ലാം തുടങ്ങാന്‍ എനിക്ക് ആത്മവിശ്വാസവും ധൈര്യവും പകര്‍ന്നത് അദ്ദേഹമാണ്.'
എന്നാല്‍ അതിനുശേഷം ഈ ബ്രാന്‍ഡിന് അധികം വളര്‍ച്ചയുണ്ടായില്ല. തുടര്‍ച്ചയായി നഷ്ടങ്ങള്‍ സംഭവിച്ചു. അപ്പോഴെല്ലാം തളര്‍ന്ന വിക്ടോറിയയെ ചേര്‍ത്തുപിടിച്ചത് ബെക്കാമാണ്. ഒടുവില്‍ ബ്രാന്റ് തുടങ്ങി 15 വര്‍ഷത്തിന് ശേഷം വലിയൊരു ലാഭമുണ്ടാക്കിയിരിക്കുകയാണ് വിക്ടോറിയ. അതിന്റെ ആവേശത്തിലാണ് അവരിപ്പോഴുള്ളത്. 2019-ല്‍ ബ്യൂട്ടി പ്രൊഡക്റ്റുകളുടെ വില്‍പനയ്ക്കും വിക്ടോറിയ തുടക്കം കുറിച്ചിരുന്നു. അതിലെ സാറ്റിന്‍ കാജല്‍ ഐലൈനറാണ് ആളുകളുടെ ഇഷ്ടപ്പെട്ട മേക്കപ്പ് പ്രൊഡക്റ്റ്. എല്ലാ വര്‍ഷവും ലാഭമുണ്ടാക്കിയ ഈ കമ്പനി മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.

വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍
2018 മുതലാണ് ഇരുവരും വിവാഹമോചിതരാകുകയാണെന്ന വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഒരു അഭിമുഖത്തില്‍ ബെക്കാം പറഞ്ഞ കാര്യങ്ങളായിരുന്നു ഇതിന്റെ ആധാരം. വിവാഹം അതികഠിനമാണെന്നും ബന്ധം നിലനിര്‍ത്തിപ്പോവുക എന്നത് ശ്രമകരമായ ജോലിയാണെന്നുമായിരുന്നു ബെക്കാം പറഞ്ഞത്. ഇതോടെ ഇരുവരും വഴിപിരിയുകയാണെന്ന തരത്തില്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ എഴുതിപ്പിടിപ്പിച്ചു. ഇരുവരുടേയും ബന്ധത്തില്‍ വിള്ളല്‍ വീണുതുടങ്ങിയിട്ടുണ്ടെന്നും റിലേഷന്‍ഷിപ്പ് എക്‌സപേര്‍ട്ടുകളും വിലയിരുത്തി.
എല്ലാ വിവാഹവും കഠിനധ്വാനമാണെന്നും വിജയകരമാക്കി മാറ്റാന്‍ ബുദ്ധിമുട്ടാണെന്നുമായിരുന്നു യഥാര്‍ഥത്തില്‍ ബെക്കാം ആ വാക്കുകള്‍കൊണ്ട് ഉദ്ദേശിച്ചത്. ഇക്കാര്യം വിശദീകരിച്ച് താരദമ്പതികളുടെ ആരാധകരും രംഗത്തെത്തി. മകള്‍ക്കൊപ്പമുള്ള ഒരു ചിത്രം ഇന്‍സ്റ്റഗ്രമില്‍ പങ്കുവെച്ചാണ് വിക്ടോറിയ ഇതിന് മറുപടി നല്‍കിയത്. 'രാവിലേയുള്ള കെട്ടിപ്പിടുത്തവും സ്‌നേഹം പങ്കുവെയ്ക്കലും. ഞങ്ങള്‍ നിന്നെ വല്ലാതെ മിസ് ചെയ്യുന്നു ഡേവിഡ്.' എന്നായിരുന്നു ചിത്രത്തിനൊപ്പം വിക്ടോറിയ കുറിച്ചത്.
ഈ അഭ്യൂഹങ്ങളോട് ബെക്കാമും പ്രതികരണവുമായെത്തി. 'മറ്റാരേക്കാളും നന്നായി ഞങ്ങള്‍ രണ്ടുപേര്‍ക്കും പരസ്പരം അറിയാം. ഇതൊരു ബ്രാന്‍ഡ് ആണെന്ന് കരുതിയല്ലേ നിങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നത് എന്ന് ആളുകള്‍ പലപ്പോഴും സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ അങ്ങനെയല്ല. ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നതിനാലാണ് ഒരുമിച്ച് ജീവിക്കുന്നത്. ഞങ്ങളുടെ നാല് മക്കളും കൂടെയുണ്ട്. പ്രയാസം നിറഞ്ഞ സമയങ്ങളിലൂടെ കടന്നുപോയിട്ടില്ലേ എന്നു ചോദിച്ചാല്‍ അതെ എന്നാകും ഉത്തരം. അത് ബന്ധങ്ങളുടെ ഭാഗമാണ്. വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകാത്തവരുണ്ടാകില്ല.'
Content Highlights: david beckham and victoria beckham celebrate 25 years of marriage
Published: 25 Feb 2024, 10:30 am IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented