ഡേറ്റിങ് ആപ്പുകള്‍ വലിയ പ്രചാരം നേടിയ സമൂഹത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. വിവിധപ്രായവിഭാഗത്തില്‍പ്പെടുന്ന സ്ത്രീപുരുഷന്‍മാര്‍ ഡേറ്റിങ് ആപ്പുകളുടെ ഉപയോക്താക്കളാണെന്നും നമുക്കറിയം. ഡേറ്റിങ് ആപ്പുകള്‍ കൂടുതലായി ഉപയോഗിക്കുന്നത് സ്ത്രീകളാണോ പുരുഷന്‍മാരാണോ എന്നറിയാന്‍ ഒരു സംഘം ഗവേഷകര്‍ അടുത്തിടെ നടത്തിയ ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് ദ ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇത്തരം ആപ്പുകളില്‍ കൂടുതല്‍ സജീവമായതും ആപ്പുകള്‍ കൂടുതല്‍ കാലം ഉപയോഗിക്കുന്നതും പുരുഷന്‍മാരാണെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. മധ്യവയസ്സിലെത്തിയ പുരുഷന്‍മാരാണ് ഇത്തരം ആപ്പുകളുടെ സജീവ ഉപയോക്താക്കളെന്നും പഠനം പറയുന്നു. 

To advertise here,

25-50 പ്രായപരിധിയില്‍പ്പെട്ടവരാണ് ഈ പഠനത്തില്‍ പങ്കെടുത്തത്. ഡേറ്റിങ് ആപ്പുകളില്‍ ചെലവഴിക്കുന്ന സമയം, ആപ്പുകള്‍ ഉപയോഗിക്കുന്നതിനു പിന്നിലെ കാരണം തുടങ്ങിയ ചോദ്യങ്ങള്‍ പഠനത്തില്‍ പങ്കെടുത്തവരോട് ചോദിക്കുകയുണ്ടായി. സാധാരണ മറ്റ് ആപ്പുകള്‍ ഡൗണ്‍ ചെയ്യുന്നതുപോലെ ഡേറ്റിങ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തവരും ദീര്‍ഘകാലത്തെ പ്രണയബന്ധത്തിനായി ഡേറ്റിങ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തവരും കൂട്ടത്തിലുണ്ടായിരുന്നു. ചിലരാകട്ടെ വെറുതേ സൗഹൃദബന്ധങ്ങള്‍ക്ക് വേണ്ടിയാണ് ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുന്നത്. 

എന്നാല്‍, ദീര്‍ഘസമയം ഡേറ്റിങ് ആപ്പുകളില്‍ ചെലവിടുന്ന പുരുഷന്‍മാര്‍ കാഷ്വല്‍ സെക്‌സാണ് ലക്ഷ്യമിടുന്നതെന്നും പഠനത്തില്‍ കണ്ടെത്തി. ആപ്പുകളിലൂടെ പരിചയപ്പെടുന്നവര്‍ ആദ്യ ഡേറ്റിങ്ങില്‍ തന്നെ സെക്‌സിലേക്ക് നീങ്ങുന്നതാണ് കാഷ്വല്‍ സെക്‌സ്. കാഷ്വല്‍ സെക്‌സുമായി ബന്ധപ്പെട്ട് 2023ല്‍  നടത്തിയ പഠനത്തില്‍ പങ്കെടുത്ത 70 ശതമാനം പുരുഷന്‍മാരും 61 ശതമാനം സ്ത്രീകളും ആദ്യ കൂടിക്കാഴ്ചയിലെ ശാരീരികബന്ധത്തെ അനുകൂലിച്ചിരുന്നു. സ്ത്രീകളെപ്പോലെ അതിവൈകാരികമായ ബന്ധങ്ങളില്‍ ഡേറ്റിങ് ആപ്പുകളുപയോഗിക്കുന്ന ഭൂരിഭാഗം പുരുഷന്‍മാര്‍ക്ക് താല്‍പര്യമില്ലെന്നും പഠനം പറയുന്നു.