കാല്‍നൂറ്റാണ്ടോളമായി അര്‍ബുദ രോഗികളോടൊപ്പം ചെലവഴിച്ചും അവര്‍ക്ക് സാന്ത്വനമേകിയും ഒരു ആശ പ്രവര്‍ത്തക. കില പറവൂര്‍ ബ്ലോക്ക് കോഡിനേറ്റര്‍ കൈതാരം സ്വദേശിനി രാജേശ്വരി ഇതിനകം 136 അര്‍ബുദരോഗികളെയാണ് തിരുവനന്തപുരം ആര്‍.സി.സി.യില്‍ എത്തിച്ച് ചികിത്സ ലഭ്യമാക്കുന്നതിന് സഹായിയായത്. മൂന്നുവട്ടം കാന്‍സര്‍ പിടികൂടിയപ്പോഴും അതിനെ അതിജീവിച്ചാണ് സാമൂഹികസേവനം. കാന്‍സര്‍ ബാധിതരും ശയ്യാവലംബരുമായ നിരവധിപേരാണ് രാജേശ്വരിയുടെ സ്‌നേഹസാന്ത്വനം നേരിട്ടനുഭവിച്ചറിഞ്ഞത്. 

To advertise here,

ഒരു ഫോണ്‍വിളി മതി ലാഭേച്ഛയൊന്നുമില്ലാതെ, രാപകല്‍ ഭേദമില്ലാതെ സഹായത്തിനായി രാജേശ്വരിയുണ്ടാകും. രോഗിക്കൊപ്പം പോകുന്നതുള്‍പ്പെടെ ആവശ്യമായ എല്ലാ സഹായത്തിനും ഒപ്പമുണ്ടാകും. ചികിത്സകഴിഞ്ഞ് വീട്ടിലെത്തുന്ന രോഗികളുടെ പരിചരണത്തിനും കൂടെയുണ്ടാകും. ഇതിനെല്ലാം തന്നെ പരുവപ്പെടുത്തിയത് കാന്‍സര്‍ വന്നതാണെന്ന് രാജേശ്വരി പറയും. ''അതിന്റെ വേദന ശരിയായി അറിഞ്ഞിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയതുമുതല്‍ കാന്‍സര്‍ രോഗിയാണെന്ന ചിന്തപോലും മനസ്സിലില്ല.''

കാന്‍സര്‍ രോഗബാധ തിരിച്ചറിയുന്നത് 31 വയസ്സുള്ളപ്പോഴാണ്, അഞ്ചും, മൂന്നര വയസ്സുമുള്ള രണ്ടുപെണ്‍കുട്ടികള്‍ക്കും ഭര്‍ത്താവിനുമൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്നതിനിടെ. ചികിത്സയ്ക്കായി പലരുടെയും സഹായം തേടിയിട്ടുണ്ട്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഭര്‍ത്താവിന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു ചികിത്സാച്ചെലവ്. ആദ്യമൊന്നു പതറിയെങ്കിലും അതിജീവിക്കുമെന്ന് മനസ്സിനെ പാകപ്പെടുത്തി- രാജേശ്വരി പറയുന്നു. 

വീട്ടമ്മ മാത്രമായിരുന്ന രാജേശ്വരി 18 ദിവസത്തെ തിരുവനന്തപുരം ആര്‍.സി.സി.യിലെ ചികിത്സകഴിഞ്ഞ് പുതിയൊരു തീരുമാനവുമായിട്ടാണ് വീടിന്റെ പടി കയറിയത്. ഇനിയുള്ള കാലം കാന്‍സര്‍ ബാധിതരായവര്‍ക്കും രോഗബാധകളാല്‍ വേദനിക്കുന്നവര്‍ക്കും തന്നാലായ വിധത്തിലുള്ള സഹായങ്ങള്‍ചെയ്ത് മുന്നോട്ടുപോകണം. മൂന്നുമാസത്തെ നിര്‍ബന്ധിത വിശ്രമത്തിനൊടുവില്‍ തുടങ്ങിയ സേവനം കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴും തുടര്‍ന്നുപോരാനായതിലുള്ള സന്തോഷവും രാജേശ്വരി പങ്കുവെയ്ക്കുന്നു. 

2008-മുതല്‍ ആശ പ്രവര്‍ത്തകയാണ്. കിലയുടെ പറവൂര്‍ ബ്ലോക്ക് കോഡിനേറ്റര്‍ കൂടിയായ രാജേശ്വരി ജനപ്രതിനിധികള്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുമൊക്കെ പരിശീലന ക്ലാസും എടുക്കുന്നുണ്ട്. കൈതാരം നോര്‍ത്ത് അര്‍ത്തിപ്പടി ബാലചന്ദ്രന്റെ ഭാര്യയാണ്.