
കുട്ടിക്കാലത്ത് സിന്‍ഡ്രെല്ലയുടെ കഥ കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. രണ്ടാനമ്മയുടെ ക്രൂരത സഹിച്ചുകഴിയുന്ന സിന്‍ഡ്രെല്ല എന്നെ പെണ്‍കുട്ടി അപ്രതീക്ഷിതമായി രാജകുമാരിയാകുന്ന കഥ. അന്ന് സിന്‍ഡ്രല്ലയെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റാന്‍ ഒരു രാജകുമാരന്‍ വന്നു. അങ്ങനെയവള്‍ ആ രാജ്യത്തിന്റെ രാജകുമാരിയായി മാറി. ഈ കഥ കേള്‍ക്കുമ്പോള്‍ ഓരോ പെണ്‍കുട്ടിയുടേയും മനസില്‍ ഒരു രാജകുമാരന്റെ ചിത്രം തെളിഞ്ഞുവരും. കുതിരപ്പുറത്ത് തന്നെ തേടിവരുന്ന ഒരു രാജകുമാരനെ അവള്‍ സ്വപ്നം കാണും. ഈ കഥയും സ്വപ്‌നവുംപോലെ ഒരു രാജകുമാരന്‍ ഒരു സാധാരണ പെണ്‍കുട്ടിയെ സ്വന്തം രാജ്യത്തിന്റെ രാജകുമാരിയായി മാറ്റിയിരിക്കുകയാണ്.
ബ്രൂണെയിലാണ് ഈ മനോഹര സംഭവം നടന്നിരിക്കുന്നത്. ബ്രൂണൈ രാജകുമാരന്‍ അബ്ദുള്‍ മതിനാണ് ഇതിലെ നായകന്‍. നായികയാകട്ടെ രാജകീയ പാരമ്പര്യങ്ങളൊന്നുമില്ലാത്ത യാങ് മുലിയ അനിഷ റോസ്നാഹ് എന്ന പെണ്‍കുട്ടിയും. ഏഷ്യയിലെ ഏറ്റവും യോഗ്യനായ അവിവാഹിതന്‍ എന്നാണ് മതിനെ വിശേഷപ്പിക്കുന്നത്. കോടിക്കണക്കിന് രൂപ ആസ്തിയുള്ള, 25 ലക്ഷത്തില്‍ കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സുള്ള അദ്ദേഹത്തെ ആരാധിക്കുന്ന നിരവധി പെണ്‍കുട്ടികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അതു മാത്രമല്ല, ഒന്നാന്തരം പോളോ കളിക്കാരന്‍ കൂടിയാണ് ഈ രാജകുമാരന്‍.
1.4 ലക്ഷം കോടി രൂപ ആസ്തിയുള്ള പിതാവ്
ലോകത്തിലെ ഏറ്റവും ധനികനായ ഭരണാധികാരികളില്‍ ഒരാളാണ് മതിന്റെ പിതാവ് ഹസനുല്‍ ബോല്‍കിയ ഇബ്നി ഒമര്‍ അലി സൈഫുദ്ദീന്‍ മൂന്നാമന്‍. 57 വര്‍ഷമായി ബ്രൂണൈയുടെ ഭരണാധികാരിയായ ഹസനുല്‍ ബോല്‍കിയ ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിക്ക് ശേഷം ഏറ്റവും കൂടുതല്‍ കാലം ഭരണാധികാരിയായ രാജാവ് കൂടിയാണ്. 1967 മുതല്‍ ബ്രൂണൈയുടെ രാജാവായ അദ്ദേഹം 1984-ല്‍ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം പ്രധാനമന്ത്രി സ്ഥാനവും വഹിക്കുന്നു. അതു മാത്രമല്ല, ധനമന്ത്രി, വിദേശകാര്യമന്ത്രി, സായുധസേനയുടെ കമാന്‍ഡര്‍, പോലീസ് മേധാവി, പെട്രോളിയം യൂണിറ്റ് മേധാവി, യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍, ഇസ്ലാം മതകാര്യ സമിതി പരമോന്നത തലവന്‍, ബ്രോഡ്കാസ്റ്റിങ് ആന്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസസ് തലവന്‍ എന്നീ പദവികളെല്ലാം വഹിക്കുന്നത് അദ്ദേഹമാണ്.

2008-ലെ ഫോര്‍ബ്‌സ് മാസികയുടെ കണക്കുപ്രകാരം ബോല്‍കിയയുടെ ആസ്തി 1.4 ലക്ഷം കോടി രൂപയാണ്. ഡാര്‍ജിലിങ്ങിലെ പ്രത്യേക തോട്ടത്തില്‍ ഉത്പാദിപ്പിക്കുന്ന പ്രത്യേക തേയില കൊണ്ടുള്ള ചായയാണ് അദ്ദേഹം കുടിക്കുന്നത്. ഇതിന്റെ വില ഒരു കിലോയ്ക്ക് ഒരു ലക്ഷത്തോളം രൂപയാണ്. മുടിവെട്ടാന്‍ മാത്രം ബോല്‍ക്കിയ ഏകദേശം 15 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത് അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കാര്‍പ്രേമി കൂടിയായ അദ്ദേഹത്തിന്റെ ശേഖരത്തില്‍ ഏഴായിരത്തോളം ആഡംബര കാറുകളുണ്ട്. 600 റോള്‍സ് റോയ്‌സും 300 ഫെരാരി കാറുകളും ഇതില്‍ ഉള്‍പ്പെടുന്നു. സ്വര്‍ണത്തോട് ഭ്രമമുള്ളതിനാല്‍ 24 കാരറ്റ് സ്വര്‍ണം പൂശിയ കാറുകളും സ്വന്തമായുണ്ട്. 3000 കോടി രൂപ നല്‍കി വാങ്ങിയ ബോയിങ് 747 വിമാനത്തിലാണ് അദ്ദേഹം ലോകം ചുറ്റുന്നത്. 30 ബംഗാള്‍ കടുവകളുള്ള സ്വകാര്യ മൃഗശാലയും ബോല്‍കിയയ്ക്കുണ്ട്. 2550 കോടി രൂപയിലധികം വരുന്ന കൊട്ടാരത്തിലാണ് സുല്‍ത്താന്റെ താമസം. രണ്ട് ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ പരന്നുകിടക്കുന്ന വസതി ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരമായി ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരുന്നു. ഇതിന്റെ താഴികക്കുടത്തില്‍ 22 കാരറ്റ് സ്വര്‍ണം പതിപ്പിച്ചിട്ടുണ്ട്. പ്രകാശത്തിന്റെ കൊട്ടാരം എന്നാണ് ഇത് അറിയപ്പെടുന്നത്.
മാതാപിതാക്കളുടെ വേര്‍പിരിയല്‍
ഹസനുല്‍ ബോല്‍കിയയുടേയും അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യ മറിയം അബ്ദുല്‍ അസീസിന്റേയും മകനാണ് മതിന്‍. ഫ്ളൈറ്റ് അറ്റന്‍ഡറായിരുന്ന മറിയത്തെ 1982-ലാണ് ഹസനുല്‍ ബോല്‍കിയ വിവാഹം ചെയ്യുന്നത്. 21 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം 2003-ല്‍ ഇരുവരും വിവാഹമോചിതരായി. അന്ന് 12 വയസായിരുന്നു മതിന്റെ പ്രായം. മാതാപിതാക്കളുടെ വേര്‍പിരിയലോടെ മതിന്റെ ജീവിതത്തിലും വിഷാദവും സങ്കടവും ചിത്രം വരച്ചു. കൊട്ടാരത്തിലെ എല്ലാ സുഖസൗകര്യങ്ങളുമുണ്ടെങ്കിലും മാതാപിതാക്കളുടെ ലാളന ഒരുപോലെ അനുഭവിക്കാന്‍ അവന് ഭാഗ്യമുണ്ടായിരുന്നില്ല. ഇതില്‍ നിന്നെല്ലാം മതിന്‍ കരകയറിയത് മൂത്ത സഹോദരങ്ങളുടെ ലാളനയിലും സ്നേഹത്തിലുമാണ്. സഹോദരിമാരായ അസ്മാഹിന്റേയും ഫദ്സില്ലാഹ് ലുബാബുലിന്റേയും സഹോദരന്‍ അസീമിന്റേയും കൂടെ ഓടിക്കളിച്ച് നടക്കുമ്പോള്‍ അവന്‍ സങ്കടങ്ങളെല്ലാം മറന്നു.

ബ്രൂണെയിലെ ബന്ദർഡ സെരി ബെഗവാനിലെ സെയ്ന്റ് ആൻഡ്രൂസ് സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ബ്രൂണൈയിലെ ടോപ്പ് സ്‌കൂളുകളായ ജെറുദോങ് ഇന്റര്‍നാഷണല്‍ സ്‌കൂളിലും പാദുക സെരി ബെഗ്വാന്‍ സുല്‍ത്താന്‍ സയന്‍സ് കോളേജിലുമായിരുന്നു സെക്കന്‍ഡറി വിദ്യാഭ്യാസം. 2014 ജൂലായില്‍ ലണ്ടനിലെ കിങ്സ് കോളേജില്‍ നിനന് ഇന്റര്‍നാഷണല്‍ പൊളിറ്റിക്സില്‍ ബിരുദം നേടി. 2016-ല്‍ ലണ്ടന്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഓറിയന്റൽ ആന്റ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ നിന്ന് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ആന്റ് ഡിപ്ലോമസിയില്‍ ബിരുദാനന്തര ബിരുദവും നേടി.
ഇംഗ്ലണ്ടിലെ സാന്‍ഡ്ഹര്‍സ്റ്റ് പട്ടണത്തിലെ റോയല്‍ മിലിട്ടറിയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മതിന്‍ ഇംഗ്ലണ്ടിലെ ഡിഫന്‍സ് ഹെലികോപ്റ്റര്‍ ഫ്ളൈയിങ് സ്‌കൂളില്‍ നിന്ന് ഹെലികോപ്റ്റര്‍ പൈലറ്റാകാനുള്ള യോഗ്യതയും സ്വന്തമാക്കി. നിലവില്‍ ബ്രൂണെ എയര്‍ഫോഴ്സില്‍ പൈലറ്റായി സേവനമനുഷ്ഠിക്കുകയാണ് മതിന്‍.
ബാല്യകാല സുഹൃത്ത് ജീവിതസഖി
കുട്ടിക്കാലം മുതല്‍ കൊട്ടാരത്തില്‍ അബ്ദുല്‍ മതിനൊപ്പം ഓടിക്കളിച്ച പെണ്‍കുട്ടിയാണ് യാങ് മുലിയ അനിഷ റോസ്നാഹ്. മതിന്റെ പിതാവ് ബോല്‍കിയയുടെ പ്രധാന ഉപദേശകരില്‍ ഒരാളായ പെഹിന്‍ ദാത്തോ ഇഷയുടെ ചെറുമകളാണ് അനിഷ റോസ്നാഹ്. സമപ്രായക്കാരായ അനിഷയുടെ സഹോദരനും മതിനും അടുത്ത സുഹൃത്തുക്കളായിരുന്നു. കൊട്ടാരം പോലുള്ള വീട്ടില്‍ മൂന്നുപേരും ഒരുമിച്ചാണ് വളര്‍ന്നത്. ഇരുവരും കൗമാരം പ്രായം പിന്നിട്ടതോടെ സൗഹൃദം പ്രണയത്തിലേക്ക് വളര്‍ന്നു. മതിന്‍ ഉന്നത പഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പറന്നപ്പോഴും ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണില്ല. ഇതിനിടയില്‍ സ്വന്തമായി ഫാഷന്‍, ടൂറിസം കമ്പനികള്‍ അനിഷയും തുടങ്ങി.

കഴിഞ്ഞ ഡിസംബര്‍ 31-നാണ് അനിഷയ്ക്കൊപ്പമുള്ള ആദ്യ ചിത്രം മതിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. 'പുതിയ വര്‍ഷത്തില്‍ എല്ലാവര്‍ക്കും നല്ലത് വരട്ടെ എന്നാശംസിക്കുന്നു' എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ഇതുകണ്ടതോടെ രാജകുമാരന്റെ ആരാധികമാരുടെ നിരാശയും സങ്കടവും അണപൊട്ടിയൊഴുകി. ഒരു ഹാര്‍ട്ട് ബ്രേക്കോട് കൂടിയാണ് 2024 തുടങ്ങുന്നത് എന്നായിരുന്നു ആരാധികമാരുടെ കമന്റ്. 'ഇന്റര്‍നാഷണല്‍ ഹാര്‍ട്ട് ബ്രേക്കര്‍' എന്നും കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു.
കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവരും തമ്മിലുള്ള ബന്ധം മതിന്റെ പിതാവ് ഹസനുല്‍ ബോല്‍ക്കിയ പരസ്യമാക്കിയത്. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞുവെന്നും ജനുവരി ഏഴ് മുതല്‍ 16 വരെ നടക്കുന്ന ചടങ്ങുകള്‍ക്കിടയില്‍ ഇരുവരും വിവാഹിതരാകുമെന്നും അദ്ദേഹം അറിയിച്ചു.
2023 ജനുവരില്‍ മതിന്റെ സഹോദരിയും രാജകുമാരിയുമായ അസ്മാഹ് നിമതുല്‍ ബോല്‍ക്കിയയുടെ വിവാഹത്തില്‍ അനിഷയും പങ്കെടുത്തിരുന്നു. അന്ന് മതിന്‍ വരനും വധുവിനും അനിഷയ്ക്കുമൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് അന്ന് തന്നെ വാര്‍ത്തകള്‍ വന്നു. എന്നാല്‍ മാസങ്ങള്‍ക്ക്ശേഷമാണ് കൊട്ടാരത്തില്‍ നിന്ന് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.
സഹോദരന്റെ മരണം
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സഹോദരന്‍ അബ്ദുല്‍ അസീമിന്റെ മരണം മതിന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ പിടിച്ചുലച്ചു. രാജകുടുംബത്തില്‍ നിന്ന് വഴിമാറിനടന്നിരുന്ന അസീം പലപ്പോഴും കൊട്ടാരത്തിന് പുറത്താണ് സമയം ചെലഴിച്ചിരുന്നത്. താന്‍ ഒരു ഗേ ആണെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നതോടെ രാജകുടുംബവും അസീമും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ വീണു. ട്രാന്‍സ് വ്യക്തികള്‍ക്ക് വധശിക്ഷ എന്ന നിയമം ബ്രൂണെയില്‍ നടപ്പിലായതിന് പിന്നാലെയായിരുന്നു അസീം തന്റെ വ്യക്തിത്വം വെളിപ്പെടുത്തിയത്.

പക്ഷേ വിധി മറ്റൊരു രൂപത്തില്‍ അസീമിനോട് ക്രൂരത കാട്ടി. നീണ്ടകാലത്തെ രോഗത്തെ തുടര്‍ന്ന് തന്റെ 38-ാം വയസില്‍ അസീം ലോകത്തോട് വിട പറഞ്ഞു. രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം ഏര്‍പ്പെടുത്തി. അസീമിന് സിസ്റ്റമിക് വാസ്‌കുലൈറ്റിസ് ആയിരുന്നുവെന്നും മള്‍ട്ടിപ്പിൾ ഓര്‍ഗന്‍ ഫെയ്ലിയർ സംഭവിച്ചിരുന്നുവെന്നും മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മതിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
അന്ന് സഹോദരന്റെ വേര്‍പാടിന്റെ സങ്കടത്തില്‍ മതിന്‍ അഭയം കണ്ടെത്തിയിരുന്നത് അനിഷയിലായിരുന്നു. അസീമും പിതാവും തമ്മിലുള്ള അസ്വാരസ്യങ്ങളും പിന്നാലെ അസീമിന്റെ വിയോഗവും മതിനെ കാര്യമായി ബാധിച്ചിരുന്നു. പണ്ടത്തെ വിഷാദകാലത്തേക്ക് മതിന്‍ കാലെടുത്തുവെച്ചിരുന്നു. എന്നാല്‍ അനിഷ നല്‍കിയ പിന്തുണയില്‍ പിടിച്ചുനിന്ന മതിന്‍ സന്തോഷത്തിലേക്ക് തിരിച്ചെത്തി. ജനുവരിയില്‍ അസീമിന്റേയും മതിന്റേയും സഹോദരിയുടെ വിവാഹമായതോടെ കൊട്ടാവും ആഹ്ലാദങ്ങളിലേക്കും ആഘോഷങ്ങളിലേക്കും കടന്നു.
10 ദിവസത്തെ ആഡംബര വിവാഹം
നാടും നഗരവും ഒരുപോലെയാണ് രാജകുമാരന്റെ വിവാഹത്തിനായി അണിഞ്ഞൊരുങ്ങിയത്. ജനുവരി ഏഴിന് 'ഖതം ഖുര്‍ആനോ'ടെയാണ് വിവാഹച്ചടങ്ങിന് തുടക്കം കുറിച്ചത്. ഈ ചടങ്ങില്‍ വധു ഖുര്‍ആന്‍
പൂര്‍ണമായും വായിക്കണം. വെളുത്ത ഹിജാബും പരമ്പരാഗത ബ്രൂണെ തുണി കൊണ്ടുള്ള 'ബാജു കുറുങ്ങു'മാണ് അനിഷ അന്ന് ധരിച്ചത്. ഈ വെള്ള വസ്ത്രത്തിന്റെ ഷര്‍ട്ടിന്റെ സ്ലീവിലും അടിഭാഗത്തും മുത്തുകള്‍ കൊണ്ടുള്ള ഡിസൈന്‍ ചെയ്തിരുന്നു. മലേഷ്യന്‍ ഡിസൈനറായ തെഹ് ഫിര്‍ദൗസാണ് ഈ വസ്ത്രം ഒരുക്കിയത്.
ജനുവരി 11-ന് ഇസതിയാദത് ബെര്‍ബദക് (പൗഡറിങ് ചടങ്ങ്) നടന്നു. വരന്റേയും വധുവിന്റേയും കുടുംബാംഗങ്ങള്‍ ഇരുവരുടേയും കൈകളില്‍ നിറമുള്ള പൊടികള്‍ നല്‍കുന്നതാണ് ഈ ചടങ്ങ്. നല്ല സന്താനങ്ങൾക്കും സമ്പത്തിനും അനുഗ്രഹം നല്‍കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പരമ്പരാഗത കടുംചുവപ്പ് മലായ് വസ്ത്രത്തിലാണ് വരനും വധുവും ഈ ചടങ്ങിന്റെ ഭാഗമായത്. ഇരുവരും തലയില്‍ കിരീടവും ധരിച്ചിരുന്നു.

ചടങ്ങിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ വിവാഹ വിരുന്ന് ജനുവരി 14-നാണ് നടന്നത്. ലോകത്തെ ഏറ്റവും വലിയ റസിഡന്‍ഷ്യല്‍ പാലസും സുല്‍ത്താന്റെ വസതിയുമായ ഇസ്താന നൂറുല്‍ ഇമാനിലായിരുന്നു റിസപ്ഷന്‍. 1788 മുറികളും 257 ബാത്റൂമുകളുമാണ് ഈ വസതിയിലുള്ളത്.
വിവാഹവിരുന്നില്‍ രാജകുമാരന്‍ സൈനിക യൂണിഫോമിലെത്തിയപ്പോള്‍ വെളുത്ത ഗൗണിലും ഡയമണ്ട് ആഭരണങ്ങളിലും വധു കൂടുതല്‍ സുന്ദരിയായി. ലോങ് സ്ലീവുകളുള്ള ഈ ഗൗണില്‍ സിംപിള്‍ ഡിസൈന്‍ മാത്രമാണുണ്ടായിരുന്നത്. ശിരോവസ്ത്രത്തിന് മുകളില്‍വെച്ച കിരീടമായിരുന്നു എല്ലാവരുടേയും ശ്രദ്ധ കവര്‍ന്നത്. വജ്രം കൊണ്ടുണ്ടാക്കിയ ഈ കിരീടം ഇതിന് മുമ്പ് മതിന്റെ സഹോദരി വിവാഹസമയത്ത് ഉപയോഗിച്ചിരുന്നു. പരമ്പരാഗതമായി കൈമാറിവരുന്ന ഇതിന് വര്‍ഷങ്ങളുടെ മൂല്യമുണ്ട്.
തലസ്ഥാന നഗരമായ ബന്ദര്‍ സെരി ബെഗവാനില്‍ രാജകീയ വിവാഹഘോഷയാത്രയും നടന്നു. നിരവധി പേരാണ് തെരുവോരങ്ങളില്‍ ഇരുവരേയും ആശിര്‍വദിക്കാന്‍ അണിനിരന്നത്. തുറന്ന റോള്‍സ് റോയ്സ് കാറിലായിരുന്നു വരന്റേയും വധുവിന്റേയും ഘോഷയാത്ര. ഭൂട്ടാന്‍, ജോര്‍ദാന്‍, സൗദി അറേബ്യ, യുഎഇ, ഇന്‍ഡൊനീഷ്യ, ഫിലിപ്പീൻസ്, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഭരണാധികാരികള്‍ വിവാഹവിരുന്നില്‍ പങ്കെടുത്തു.
Content Highlights: brunei prince abdul mateen love story and marriage
Published: 18 Jan 2024, 12:00 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented