''രണ്ടു പെൺകുട്ടികളല്ലേ വളർന്നുവരുന്നത്, അവരെ വൈകിക്കാതെ വിവാഹം കഴിപ്പിച്ചുവിട്ടുകൂടേ'' 
ഈ ചോദ്യം ജീവിതത്തിൽ ഒട്ടേറെ തവണ കേട്ടിട്ടുള്ള വ്യക്തിയാണ് മലപ്പുറം വള്ളുവമ്പ്രം സ്വദേശിയായ അലവിക്കുട്ടി. എന്നാൽ ''എന്റെ പെൺകുട്ടികളെ ഞാൻ കല്ല്യാണം കഴിപ്പിക്കാൻ വേണ്ടിയല്ല പഠിപ്പിക്കുന്നതും വളർത്തുന്നതും'' എന്നാണ് ചോദിച്ചവർക്കെല്ലാം ആ പിതാവ് നൽകിയ മറുപടി. രണ്ടു മക്കളും നൃത്തം അഭ്യസിക്കാൻ തീരുമാനിച്ചപ്പോഴും പിന്തുണയായി അദ്ദേഹം കൂടെനിന്നു. അകാലത്തിൽ കാൻസർ ബാധിച്ചു മരിച്ച അമ്മയുടെ മരണത്തോടെ മക്കൾ ആ കുറവ് അറിയരുതെന്ന് ചിന്തിച്ച് ആ റോൾ ഏറ്റെടുത്തു. 

വിദ്യാഭ്യാസത്തിലും കരിയറിലും തുടങ്ങി വിവാഹത്തിൽ വരെ മക്കൾക്ക് അവരുടെ തീരുമാനങ്ങൾ തിരഞ്ഞെടുക്കാനുള്ള ഇടം നൽകിയ പിതാവാണ് അലവിക്കുട്ടി. ഒടുവിൽ ഇളയ മകൾ മൻസിയ നൃത്തവേദികൾ കീഴടക്കിയപ്പോഴും മതത്തിന്റെ പേരിൽ മാറ്റിനിർത്തലുകൾ അനുഭവിച്ചപ്പോഴും ആത്മവിശ്വാസവും കരുതലും പകർന്ന് അലവിക്കുട്ടി കൂടെയുണ്ടായിരുന്നു. ഉപ്പ എന്ന ഹീറോയെക്കുറിച്ചും, അദ്ദേഹം വഴി വായനയിലൂടെ കൈവരിച്ച വിശാലമായ കാഴ്ച്ചപ്പാടുകളെക്കുറിച്ചും ഫാദേഴ്‌സ് ഡേയിൽ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുകയാണ് മൻസിയ.

To advertise here,
placeholder
മൻസിയ നൃത്തവേദിയിൽ, മൻസിയ പിതാവിനൊപ്പം

നൃത്തമേഖലയിലേക്ക് വന്നതിന്റെ പേരിൽ വിമർശനങ്ങളും കുത്തുവാക്കുകളും കേട്ടിട്ടുള്ളയാളാണ് മൻസിയ. നൃത്തമാണ് കരിയർ എന്ന് തീരുമാനിച്ചതിന് പിതാവ്‌ നൽകിയ പിന്തുണയെക്കുറിച്ച്?

സത്യത്തിൽ, ചെറുപ്പത്തിലൊന്നും നൃത്തം കരിയറാക്കണമെന്ന് ചിന്തിച്ചിട്ടേയില്ല. മറ്റ് കോഴ്സിനൊപ്പം സൈഡിലൂടെ നൃത്തവും കൊണ്ടുപോകണമെന്നാണ് കരുതിയിരുന്നത്. പിന്നീടാണ് ഇതാണ് എന്റെ പ്രൊഫഷൻ എന്ന് ചിന്തിച്ചു തുടങ്ങിയത്. അതേക്കുറിച്ച് പറഞ്ഞപ്പോൾ ഏറ്റവുമധികം സന്തുഷ്ടനായതും ഉപ്പയാണ്‌. ജീവിതത്തിൽ ഒരു കാര്യത്തിലും ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണം എന്ന ഇടപെടലുകളൊന്നും ഉപ്പയുടെ ഭാഗത്തുനിന്ന് ഉണ്ടാകാറില്ല. നിർദേശങ്ങൾ പറയാറുണ്ട്. ഒന്നും അടിച്ചേൽപ്പിക്കാത്തതു കൊണ്ടുതന്നെ ഇഷ്ടമുള്ള പ്രൊഫഷൻ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരുന്നു. 

അമ്മയില്ലാത്ത രണ്ട് പെൺകുട്ടികളാണ്,  ഇവരെ കല്ല്യാണം കഴിപ്പിച്ചു വിടാൻ എന്ത് ചെയ്യും എന്ന ചോദ്യങ്ങളൊക്കെ ഉപ്പ സ്ഥിരമായി കേട്ടിരുന്നു. എന്റെ പെൺകുട്ടികളെ ഞാൻ കല്ല്യാണം കഴിപ്പിക്കാനല്ല പഠിപ്പിക്കുന്നതും വളർത്തുന്നതും എന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞാണ് ഉപ്പ അവരുടെ വായടപ്പിച്ചിരുന്നത്. പെൺകുട്ടികളെക്കുറിച്ച് അച്ഛന്മാർ വിചാരിക്കേണ്ടതും സമൂഹത്തോട് പറയേണ്ടതുമായ ഒരു കാര്യമാണത്. പെൺമക്കളെ വളർത്തുന്നത് വിവാഹം കഴിപ്പിക്കാൻ വേണ്ടിയാകരുത്. പെൺകുട്ടികളെ നേരത്തേ വിവാഹം കഴിപ്പിക്കണം അല്ലെങ്കിൽ ബാധ്യതയാകില്ലേ എന്നും ഉപ്പയോട് പലരും ചോദിക്കുന്നത് കേട്ടിട്ടുണ്ട്. ഇരുപത്തിമൂന്ന് വയസ്സ് ഒക്കെ ആയപ്പോഴേക്കും നിരന്തരം ഇത്തരം ചോദ്യങ്ങൾ കേട്ടിരുന്നു. എന്റെ മക്കൾ എങ്ങനെയാണ് എനിക്ക് ബാധ്യതയാവുക എന്നാണ് അവരോടൊക്കെ ഉപ്പ ചോദിച്ചിരുന്നത്. 

placeholder
മൻസിയയും അലവിക്കുട്ടിയും

കല ജാതിക്കും മതത്തിനും അതീതമാണെന്ന ചിന്ത വളർത്തിയതിൽ പിതാവിന്റെ പങ്ക്?

ഉപ്പച്ചിയാണ് വായന വളർത്തിയത്. ഇന്ന മേഖല എന്നൊന്നില്ലാതെ വിശാലമായ വായനയ്ക്കുള്ള ഇടം വീട്ടിലുണ്ടായിരുന്നു. ഒരു സാഹചര്യം വരുന്ന സമയത്ത് രണ്ടു വശങ്ങളെക്കുറിച്ച് ചിന്തിക്കാനും പഠിപ്പിച്ചിരുന്നു. തന്റെ വിശ്വാസങ്ങളാണ് നല്ലത്. അതു പിന്തുടരണം എന്നൊന്നും ഒരിക്കലും പറഞ്ഞിട്ടില്ല. ശരിയോ തെറ്റോ എന്നൊക്കെ തിരിച്ചറിഞ്ഞ്‌ നിങ്ങൾക്കു സ്വയം കാര്യങ്ങൾ തീരുമാനിക്കാം എന്നാണ് ചെറുപ്പം മുതലേ പറഞ്ഞിരുന്നത്. കുട്ടിക്കാലം തൊട്ടു പോലും ഞങ്ങൾ ഇരുവരോടും അഭിപ്രായങ്ങൾ ചോദിച്ചിരുന്നു. അവ പലപ്പോഴും മണ്ടത്തരം ആയാൽപ്പോലും അതു പ്രകടിപ്പിക്കാനുള്ള ഇടം നൽകിയിരുന്നു എന്നതാണ് പ്രധാനം.

ജാതിയെയും മതത്തെയും അടച്ചാക്ഷേപിക്കണം എന്നല്ല പഠിപ്പിച്ചത്, മറിച്ച് അവ എന്താണെന്നും എന്തു കൊണ്ട് പുരോ​ഗമന കാഴ്ച്ചപ്പാടുകൾ വേണമെന്നുമുള്ള  ചിന്തകളാണ് പുസ്തകങ്ങളിലൂടെയും മറ്റും പകർന്നത്. പ്രസം​ഗങ്ങളും ചർച്ചകളുമൊക്കെ കുട്ടിക്കാലം തൊട്ട് കേൾപ്പിക്കാൻ കൊണ്ടുപോകുമായിരുന്നു. അതൊക്കെ വിശാലമായി ചിന്തിക്കാൻ പ്രാപ്തമാക്കിയിട്ടുണ്ട്. ഒപ്പം ഓർഫനേജുകളും പാലിയേറ്റീവ് കെയറുകളുമൊക്കെ സന്ദർശിക്കാൻ കൊണ്ടുപോകുമായിരുന്നു. മനുഷ്യരെ മനുഷ്യരായി പരിഗണിക്കണമെന്ന ചിന്തയൊക്കെ ഉണ്ടാക്കിയെടുക്കാൻ ഈ സാഹചര്യങ്ങൾക്കൊക്കെ കഴിഞ്ഞിട്ടുണ്ട്. അത്തരം സാഹചര്യങ്ങൾ ഉപ്പ തന്നെ ബോധപൂർവം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുകയാണ് ചെയ്തത്. 

പെൺകുട്ടികൾക്ക് ഇന്നും അരുതുകൾ കൽപ്പിക്കുന്ന സമൂഹമാണല്ലോ നമ്മുടേത്. അത്തരം സമൂഹത്തിൽ മൻസിയയുടെ വളർച്ചയെക്കുറിച്ച്?

ആൺകുട്ടി ആയിരുന്നെങ്കിലെന്ന്‌ ആ​ഗ്രഹിച്ചിട്ടുണ്ടോ എന്നൊക്കെ പലരും മുമ്പ് ചോദിച്ചിട്ടുണ്ട്. പക്ഷേ, എന്റെ ജീവിതത്തിൽ ഒരിക്കലും പെൺകുട്ടി ആവേണ്ടിയിരുന്നില്ല എന്ന തോന്നൽ ഉണ്ടായിട്ടില്ല. പെൺകുട്ടിയായതുകൊണ്ട് എനിക്ക് വിലക്കുകളും നേരിടേണ്ടി വന്നിട്ടില്ല എന്നതുകൊണ്ടാണത്. നീ ഒരു പെൺകുട്ടിയാണ്, ഇങ്ങനെയേ ചെയ്യാവൂ എന്നൊന്നും ജീവിതത്തിൽ ഒരു കാലത്തും ഉപ്പ പറഞ്ഞിട്ടില്ല.

ഒറ്റവാക്കിൽ ഉപ്പയാണ് എന്റെ ഹീറോ എന്നു പറയാം. സാമ്പത്തികമായി വളരരെ ഭദ്രതയുള്ള കുടുംബത്തിലായിരുന്നു ജനനം എങ്കിൽ പലതിനും സമൂഹത്തെ ഭയക്കാതെ തീരുമാനങ്ങൾ കൈക്കൊള്ളാം. എന്നാൽ, അതൊന്നുമില്ലാതെ കൃത്യമായ വരുമാനം പോലുമില്ലാത്ത സാഹചര്യത്തിൽ പോലും മക്കളുടെ ഇടങ്ങളെ തിരിച്ചറിഞ്ഞ് സമൂഹത്തെ ഭയക്കാതെയാണ് തീരുമാനങ്ങൾ കൈക്കൊണ്ടിരുന്നത്. വളരെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നയാളായിരുന്നു അദ്ദേഹം. 

placeholder
മൻസിയ

ഹിന്ദു വേഷങ്ങളണിഞ്ഞ് നൃത്തം ചെയ്തതിന് മഹല്ലിൽനിന്നും അഹിന്ദുവെന്നു പറഞ്ഞ് ക്ഷേത്രത്തിലെ നൃത്തവേദിയിൽനിന്നും വിലക്കു നേരിട്ട സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടല്ലോ. നൃത്തം എപ്പോഴെങ്കിലും ഉപേക്ഷിക്കണമെന്ന തോന്നൽ ഉണ്ടായിട്ടുണ്ടോ? അത്തരം പ്രതിസന്ധിഘട്ടങ്ങളിലെ പിന്തുണയെക്കുറിച്ച്?

സ്കൂൾ കാലത്താണ് നൃത്തം പഠിക്കുന്നതിന്റെ പേരിൽ ഏറ്റവുമധികം കുത്തുവാക്കുകൾ കേൾക്കണ്ടി വന്നിട്ടുള്ളത്. ചേച്ചിയാണ് ആദ്യമായി നൃത്തമേഖലയിലേക്ക് കടന്നത്. അപ്പോൾ‌ തന്നെ പലരും വിമർശനങ്ങളുമായി എത്തിയിരുന്നു. ചേച്ചി തമിഴ്‌നാട്ടില്‍ പഠിക്കാൻ പോയതോടെ കൂടുതൽ വിമർശനങ്ങൾ എനിക്കായി. ഉമ്മ മരിക്കുന്നതിന് മുമ്പുതന്നെ ഹിന്ദുക്കളുടെ ഡാൻസ് ആണ് പരിശീലിക്കുന്നത് എന്നു പറഞ്ഞ് മഹല്ലിൽനിന്ന് ഞങ്ങളെ പുറത്താക്കിയിരുന്നു. വിശ്വാസിയായിരുന്ന ഉമ്മയെ അതേറെ തകർത്തിരുന്നു. മരിച്ചപ്പോഴും ഖബറടക്കുന്ന സമയത്ത് വിവാദങ്ങളൊക്കെ ഉണ്ടായിരുന്നു. അതൊക്കെ പല മാധ്യമങ്ങളിലും വന്നിരുന്നു. തുടർന്നുള്ള കാലത്ത് എല്ലാ കുത്തുവാക്കുകളും നേരിട്ടിരുന്നത് ഞാനായിരുന്നു. എന്നോട് സംസാരിക്കരുത്, ഞാൻ മോശം കുട്ടിയാണ് എന്നൊക്കെയാണ് സ്കൂളിൽ പ്രചരിച്ചിരുന്നത്. അതെല്ലാം നൃത്തം പഠിക്കുന്നു എന്നതിന്റെ പേരിൽ മാത്രം. അധ്യാപകർ പോലും മോശമായാണ് പെരുമാറിയിരുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ സ്കൂളിൽ സമയം ചെലവഴിക്കുന്ന ആ കാലത്ത് ഇത്തരം അവ​ഗണനകളൊന്നും താങ്ങാനുള്ള കെൽപ്പുണ്ടായിരുന്നില്ല. ഇന്നത്തെപ്പോലെ ബോൾഡ് ആയ പെൺകുട്ടിയും ആയിരുന്നില്ല. ആ പെൺകുട്ടിയുടെ സ്വഭാവം ശരിയല്ല എന്ന തലത്തിലേക്ക് പ്രചാരണം തുടങ്ങിയതോടെയാണ് നൃത്തം ഉപേക്ഷിക്കാൻ തീരുമാനിക്കുന്നത്.  

പ്ലസ് ടു കാലത്താണ് ഉപ്പച്ചിയോടു എനിക്കിന് നൃത്തം പഠിക്കണ്ട എന്ന് പറയുന്നത്. അന്നു വളരെ ശാന്തനായി ഉപ്പച്ചി പറഞ്ഞ ഒരു കാര്യം ഇന്നും ജീവിതത്തിൽ കൊണ്ടുനടക്കാറുണ്ട്. തെറ്റു ചെയ്തുവെന്നു നിനക്ക് തോന്നുന്ന സമയത്ത് മാത്രം അതിൽനിന്നു പിൻവാങ്ങണം, അല്ലാതെ ആരെ ഭയന്നും ജീവിതത്തിൽനിന്ന് ഒളിച്ചോടരുത് . നൃത്തം ചെയ്യുന്നത് തെറ്റാണ് എന്ന് സ്വയം തോന്നുന്ന സമയത്ത് അതു നിർത്തിക്കോളൂ എന്നും അല്ലാതെ ഒരിക്കലും അതിൽനിന്ന് പിൻവാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കരുത് എന്നുമാണ് അച്ഛൻ പറഞ്ഞത്. അതിനു ശേഷം ജീവിതത്തെ വളരെ ബോൾഡ് ആയി കാണാൻ പഠിച്ചു. കൂടൽമാണിക്യം ക്ഷേത്രത്തിൽ അഹിന്ദുവാണ് എന്നു പേരു പറഞ്ഞ് നൃത്തം ചെയ്യുന്നത് വിലക്കിയത് ഈയടുത്താണ്. അപ്പോഴേക്കൊക്കെ കാര്യങ്ങളെ പാകതയോടെ സമീപിക്കാൻ ഞാൻ ശീലിച്ചിരുന്നു. ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങളിലൂടെ കടന്നുവന്നതുകൊണ്ട് എങ്ങനെ കൈകാര്യം ചെയ്യണം എന്നൊക്കെ തിരിച്ചറിഞ്ഞിരുന്നു. എന്റെ ജീവിതത്തിലെ പ്രശ്നങ്ങളും കാര്യങ്ങളുമൊക്കെ ഉപ്പയാണ് പരിഹരിക്കുന്നത് എന്ന് കേൾക്കാൻ അദ്ദേഹം ഒരിക്കലും ഇഷ്ടമുള്ളയാളായിരുന്നില്ല, അതുകൊണ്ടുതന്നെ ശരി-തെറ്റുകൾ തിരിച്ചറിഞ്ഞ് കാര്യങ്ങൾ ചെയ്യാൻ കുട്ടിക്കാലം തൊട്ടേ ശീലമാക്കിയിരുന്നു. 

placeholder
Mansiya VP
മൻസിയ

സിംഗിൾ പാരന്റിങ് എന്നത് എന്താണ് എന്നു കണ്ടു വളർന്നയാളാണ് മൻസിയ. അതേക്കുറിച്ച്? അലവിക്കുട്ടി എന്ന സിംഗിൾ പാരന്റ് നേരിട്ട വെല്ലുവിളികളെക്കുറിച്ച്?

ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഉമ്മ കാൻസർ ബാധിച്ച്  മരിക്കുന്നത്. ഉപ്പയെ സംബന്ധിച്ചിടത്തോളം അവിടം മുതൽ നല്ല പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്. വളരെ ശക്തയായൊരു സ്ത്രീയായിരുന്നു ഉമ്മ. അങ്ങനെയൊരാൾ പെട്ടെന്ന് ജീവിതത്തിൽ ഇല്ലാതായപ്പോഴുള്ള വിഷമമൊക്കെ ഉപ്പയ്ക്ക് ഉണ്ടായിരുന്നു. ആ ആശങ്കയൊന്നും ഞങ്ങളെ അറിയിച്ചിരുന്നില്ല. സ്കൂൾ കാലങ്ങളിലൊക്കെ വൈകുന്നേരം വീട്ടിലെത്തിയാൽ അന്നത്തെ വിശേഷങ്ങൾ മുഴുവൻ ഉമ്മയോട് പറയുന്നതായിരുന്നു ശീലം. ഉമ്മ മരിച്ചതിനു ശേഷം ആ ഉത്തരവാദിത്വമൊക്കെ വളരെ ഭം​ഗിയോടെയാണ് ഉപ്പ ഏറ്റെടുത്തിരുന്നത്. ഉമ്മ എങ്ങനെയാണോ എന്റെ വിശേഷങ്ങൾ കേൾക്കാൻ ഇരുന്നിരുന്നത്, അതുപോലെ ഉപ്പയും സമയം കണ്ടെത്തി. ഉമ്മ ചെയ്തിരുന്ന ചെറിയ കാര്യങ്ങൾ പോലും ഉപ്പ ഏറ്റെടുത്ത് ചെയ്തു. 

ഒരു ഘട്ടംമുതൽ ഉമ്മയുടെ സ്ഥാനം കൂടി ഏറ്റെടുത്ത് നടത്തുന്നതിന്റെ ബുദ്ധിമുട്ടുകളും വീഴ്ച്ചകളുമൊക്കെ ഉപ്പയ്ക്കും ഉണ്ടായിട്ടുണ്ട്. പക്ഷേ, അവ വളരെ നന്നായി കൈകാര്യം ചെയ്യാൻ ശ്രമിച്ചിരുന്നു. സിം​ഗിൾ പാരന്റിങ് മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ വെല്ലുവിളി, അതിനപ്പുറം ഈ സമൂഹത്തിന് മുന്നിൽ രണ്ടു പെൺകുട്ടികളെയും ചേർത്തുപിടിച്ച് നിവർന്നു നിൽക്കണം എന്ന ചിന്ത കൂടി ഉണ്ടായിരുന്നു‌. രണ്ടു പെൺകുട്ടികൾ ആയതിനെക്കുറിച്ചും അവരെ പഠിപ്പിക്കാതെ വിവാഹം കഴിപ്പിക്കേണ്ടതിനെക്കുറിച്ചുമൊക്കെ നിരന്തരം കേട്ടിരുന്നു. 

സ്വന്തം വിവാഹത്തിന്റെ കാര്യത്തിൽപ്പോലും തീരുമാനം എടുക്കാൻ കഴിയാത്ത പെൺകുട്ടികളുണ്ട്. ആ​ഗ്രഹിച്ച കരിയറും വിവാഹവുമൊക്കെ മൻസിയയ്ക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുള്ള ഇടമുണ്ടായിരുന്നു. 

ശ്യാം എന്നെ പ്രൊപ്പോസ് ചെയ്ത സമയത്തുതന്നെ ഉപ്പയോട് കാര്യം പറഞ്ഞിരുന്നു. വർഷങ്ങളായി ഞാനും ഉപ്പയും മാത്രമാണ് വീട്ടിൽ. അതുകൊണ്ട് എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവെച്ചിരുന്നു. ശരിക്കു പറഞ്ഞാൽ സുഹൃത്തുക്കളെപ്പോലെയായിരുന്നു ഞാനും ഉപ്പയും. അച്ഛൻ-മകൾ എന്ന ബന്ധത്തിന് അപ്പുറമുള്ള സൗഹൃദമാണ് ഞങ്ങളുടേത്. ചേച്ചിയുടെ വിവാഹസമയത്ത് ഉപ്പ ചോദിച്ചത് നിനക്കിഷ്ടമാണോ, നീ സന്തുഷ്ടയായിരിക്കുമോ എന്നു മാത്രമാണ്. സ്പെഷൽ മാര്യേജ് ആക്റ്റ് പ്രകാരമാണ് എന്റെ വിവാഹം കഴിഞ്ഞത്. പിന്നീട് ഭർത്താവിന്റെ വീട്ടുകാരുടെ ആ​ഗ്രഹപ്രകാരമുള്ള ചടങ്ങുകളും നടത്തിയിരുന്നു. അത്തരത്തിൽ വളരെ തുറസ്സായ മനസ്സോടെയാണ് കാര്യങ്ങളെ എതിരേറ്റത്.

രണ്ടു മക്കളും ഇതരമതസ്ഥരെ വിവാഹം കഴിച്ചു, ഡാൻസിന് വിട്ടതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്നൊക്കെയുള്ള നിരവധി കുറ്റപ്പെടുത്തലുകൾ പലപ്പോഴും കേട്ടിട്ടുണ്ട്. ഒരേയൊരു കാര്യം മാത്രമാണ് എപ്പോഴും പറഞ്ഞിരുന്നത്. അത് ജോലിയെക്കുറിച്ചായിരുന്നു. ജോലി ആയതിനു ശേഷം മാത്രം വിവാഹം കഴിക്കുക എന്നാണ് പറഞ്ഞിരുന്നത്. വിവാഹം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല, ജോലി നിർബന്ധമായും നേടിയിരിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ മനോഭാവം.