ജൂൺ 21-ാം തീയതി നമ്മൾ ഫാദേഴ്‌സ് ഡേയായി ആഘോഷിക്കുകയാണല്ലോ. കുടുംബത്തിന് വേണ്ടി സ്വന്തം സുഖസൗകര്യങ്ങൾ മാറ്റിവെച്ച് അധ്വാനിക്കുന്ന അച്ഛന്മാരെ ഓർക്കാനും ആദരിക്കാനുമുള്ള ദിവസം. എന്നാൽ ഓടിനടക്കുന്ന അച്ഛന്മാരുടെ ആരോഗ്യത്തെക്കുറിച്ച്, പ്രത്യേകിച്ച് എല്ലുകളുടെ ആരോഗ്യം ഏറെ ശ്രദ്ധ നൽകേണ്ട വളരെ പ്രധാനപ്പെട്ട ഒന്നാണ്.
പലപ്പോഴും ഉത്തരവാദിത്തങ്ങൾക്കിടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ പുരുഷന്മാർ മറന്നുപോകാറുണ്ട്. പ്രത്യേകിച്ച് 40 വയസ്സ് പിന്നിടുമ്പോൾ അവരുടെ ശരീരത്തിൽ, പ്രകടമല്ലാത്ത പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അസ്ഥികളുടെയും സന്ധികളുടെയും ആരോഗ്യത്തിലുണ്ടാകുന്ന ഘടനാപരമായ മാറ്റങ്ങൾ.
തുടക്കത്തിൽ കാര്യമായ ലക്ഷണങ്ങൾ ഒന്നും കാണിക്കാത്ത, ഒരു നിശ്ശബ്ദ രോഗമായ ഓസ്റ്റിയോപൊറോസിസ് എന്ന അവസ്ഥ പലപ്പോഴും അവഗണിക്കപ്പെടുകയാണ് പതിവ്. 40 വയസ്സിന് ശേഷം പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവ് പതുക്കെ കുറയാൻ തുടങ്ങുന്നു. ഇത് പേശികളുടെ ബലത്തെയും അസ്ഥികളുടെ സാന്ദ്രതയെയും ബാധിക്കും. പ്രായമാകുന്തോറും സന്ധികളിലെ ലിഗമെന്റുകളുടെ വഴക്കം കുറയുകയും അസ്ഥികൾക്ക് ബലക്ഷയം സംഭവിക്കുകയും ചെയ്യുന്നു. പുറമെക്ക് യാതൊരു ലക്ഷണവും കാണിക്കാത്തതുകൊണ്ട് തന്നെ ഇതിനെ 'നിശ്ശബ്ദനായ വില്ലൻ' എന്ന് വിളിക്കാം.
ചെറിയ വേദനകൾ അവഗണിക്കരുത്: അത് നാളത്തെ വലിയ പ്രശ്‌നമാകാം
പല അച്ഛന്മാരും അവലംബിക്കുന്ന ഒരു രീതിയുണ്ട്. മുട്ടുവേദനയോ, നടുവേദനയോ വന്നാൽ അതൊരു ചെറിയ താൽക്കാലിക പ്രശ്‌നമായി തള്ളിക്കളയും. 'ഇതൊക്കെ കുറച്ചുദിവസം കഴിയുമ്പോൾ മാറിക്കോളും' എന്ന ചിന്താഗതിയാണ് പലർക്കും. എന്നാൽ കൃത്യമായ സമയത്ത് ചികിത്സിക്കാത്ത ചെറിയ സന്ധി വേദനകൾ പിന്നീട് ക്രോണിക് മൊബിലിറ്റി പ്രശ്‌നങ്ങളിലേക്കും സന്ധികളുടെ കടുത്ത തേയ്മാനത്തിലേക്കും നയിച്ചേക്കാം.
ആദ്യഘട്ടങ്ങളിൽ ഫിസിയോതെറാപ്പിയിലൂടെയോ ലളിതമായ വ്യായാമങ്ങളിലൂടെയോ മാറ്റിയെടുക്കാവുന്ന പ്രശ്‌നങ്ങൾ, അവഗണിക്കുന്നത് വഴി പിന്നീട് വലിയ ശസ്ത്രക്രിയകളിലേക്ക് എത്തിച്ചേരാൻ കാരണമാകുന്നു. ഓർക്കുക, ഇന്ന് നിങ്ങൾ അവഗണിക്കുന്ന ചെറിയൊരു മുട്ടുവേദന, നാളെ നിങ്ങളുടെ മക്കളോടും കൊച്ചുമക്കളോടുമൊപ്പം ഓടിക്കളിക്കാനും അവരുടെ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളിൽ പങ്കാളിയാകാനുമുള്ള നിങ്ങളുടെ ശേഷിയെയാണ് ഇല്ലാതാക്കുന്നത്.
പ്രതിരോധമാണ് പ്രധാനം
വേദന വരുമ്പോൾ മാത്രം ഡോക്ടറെ കാണുന്ന രീതി മാറ്റി, രോഗം വരാതെ സൂക്ഷിക്കുന്ന രീതി നമ്മൾ ശീലമാക്കണം. കൃത്യമായ ഇടവേളകളിൽ അവശ്യ പരിശോധനകൾ നടത്തുന്നത് സ്വന്തം ആരോഗ്യത്തെ കുറിച്ച് ശരിയായി മനസ്സിലാക്കാൻ സഹായിക്കും. കൂടാതെ, ജോലിസ്ഥലത്തും വീട്ടിലും ഇരിക്കുമ്പോഴും നിൽക്കുമ്പോഴും ശരിയായ പോസ്ചർ നിലനിർത്താൻ ശ്രദ്ധിക്കുക. ഒരുപാട് നേരം ഒരേ ഇരിപ്പ് ഇരിക്കുന്നത് നട്ടെല്ലിന് വലിയ ആഘാതമുണ്ടാക്കും.
അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കാൻ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കാം:
ഭക്ഷണക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ:
കാൽസ്യം: അസ്ഥികളുടെ ബലത്തിന് കാൽസ്യം അനിവാര്യമാണ്. പാൽ, തൈര്, ചീര, രാഗി, നട്‌സ് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
വിറ്റാമിൻ ഡി: കാൽസ്യം ശരീരത്തിന് ആഗിരണം ചെയ്യണമെങ്കിൽ വിറ്റാമിൻ ഡി വേണം. ദിവസവും രാവിലെ ചെറിയ വെയിൽ കൊള്ളുന്നത് ശീലമാക്കുക. ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം സപ്ലിമെന്റുകൾ കഴിക്കാം.
പ്രോട്ടീൻ: പേശികളുടെ ബലം നിലനിർത്താൻ മുട്ട, മീൻ, ചിക്കൻ, പയറുവർഗ്ഗങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉറപ്പാക്കുക.
വ്യായാമം: അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കാൻ ഭാരമെടുത്തുള്ള വ്യായാമങ്ങൾ സഹായിക്കും. ജിമ്മിൽ പോകാൻ സാധിക്കാത്തവർക്ക് വേഗത്തിലുള്ള നടത്തം, പടികൾ കയറുന്നത്, ലളിതമായ സ്‌ട്രെച്ചിങ് വ്യായാമങ്ങൾ എന്നിവ ചെയ്യാം. ഇത് പേശികളുടെയും ലിഗമെന്റുകളുടെയും വഴക്കം നിലനിർത്തും.
(കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ ഓർത്തോപീഡിക് സർജറി സീനിയർ കൺസൾട്ടന്റാണ് ലേഖകൻ )
Content Highlights: Understanding the impact of testosterone decline on bone density after age 40., Recognizing osteoporosis as a silent disease requiring proactive care., The importance of early intervention for joint pain to avoid chronic mobility issues., Dietary recommendations including Calcium, Vitamin D, and Protein intake., Practical exercise routines to maintain muscle strength and ligament flexibility.
Published: 21 Jun 2026, 09:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented