
ഇത് 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നൊരു സംഭവമാണ്. ആരേയും അമ്പരപ്പിക്കുന്ന, കഥകളില്‍ നമ്മള് കേട്ടതുപോലെയുള്ള ഒരു സംഭവം. ഇറാനിലെ തബ്രിസില് നിന്നുള്ള ചിത്രകാരന് അഹദ് സാദിയും ചിത്രകാരിയായ പാരിസ കരംനെസ്ഹാദുമാണ് ഈ കഥയിലെ നായകനും നായികയും.
ചിത്രങ്ങളെ മാത്രം സ്നേഹിച്ച്, ചിത്രകലയില്‍ മുഴുകിക്കഴിഞ്ഞിരുന്ന അഹദ് സാദിക്ക് വിവാഹപ്രായം പിന്നിട്ടതോടെ അമ്മയുടെ മനസില്‍ ആധി കൂടാന്‍ തുടങ്ങി. വിവാഹം കഴിക്കാനായി അഹദിനെ അമ്മ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ അമ്മയുടെ ഈ ശല്ല്യപ്പെടുത്തലില് നിന്ന് രക്ഷപ്പെടാന്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രം വരയ്ക്കാന്‍ അഹദ് തീരുമാനിച്ചു. ഭാര്യയായി വരാന്‍ പോകുന്ന തന്റെ മനസിലുള്ള പെണ്‍കുട്ടിയെ അഹദ് കാന്‍വാസിലേക്ക് പകര്‍ത്തി.
ചുരുണ്ട മുടിയുള്ള സുന്ദരിയായ ഒരു ഇറാനിയന്‍ പെണ്‍കുട്ടിയുടെ മുഖമാണ് അഹദ് കാന്‍വാസില്‍ വരച്ചെടുത്തത്. തൊട്ടടുത്ത വര്‍ഷം തബ്രിസിലെ ഒരു ഗാലറിയിലെ ചിത്രപ്രദര്‍ശനത്തില്‍ ഈ ചിത്രവും അദ്ദേഹം പ്രദര്‍ശിപ്പിച്ചു. അന്ന് പ്രദര്‍ശനം കാണാനെത്തിയവരില്‍ പാരിസയുമുണ്ടായിരുന്നു.
ആ ചുരുണ്ട മുടിയുള്ള പെണ്‍കുട്ടിയുടെ ചിത്രം കണ്ട് പാരിസ അമ്പരന്നു. ആ ചിത്രത്തിന് മുന്നില്‍ നിന്നപ്പോള്‍ താന്‍ കണ്ണാടിയില്‍ നോക്കുന്നതു പോലെയാണ് അവര്‍ക്ക് തോന്നിയത്. 'എന്റെ കാമുകന് കെയ്വാണ് ഇങ്ങനെയൊരു ചിത്രപ്രദര്‍ശനത്തിന്റെ കാര്യം എന്നോട് വിളിച്ചുപറഞ്ഞത്. മനോഹരമായ ചിത്രങ്ങളാണെന്നും നമുക്ക് പോയി കാണാമെന്നും കെയ്വ് പറഞ്ഞു. തുടക്കത്തില്‍ എനിക്ക് വലിയ താത്പര്യമൊന്നും ഇല്ലായിരുന്നു. കെയ്വ് നിര്‍ബന്ധിച്ചതോടെ പോകാമെന്നേറ്റു. വൈകുന്നേരം ഞങ്ങളിരുവരും നഗരത്തിലേക്കിറങ്ങി. ആര്‍ട്ട് ഗാലറിയിലെത്തിയപ്പോള്‍ ചിത്രകാരനായ അഹദിന് ചുറ്റും ഒരുപാട് പേര് കൂടിനില്‍ക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടയുടനെ തൊട്ടടുത്തുണ്ടായിരുന്ന സ്ത്രീ അഹദിനോട് എന്തോ സ്വകാര്യം പറയുന്നത് ഞാന്‍ കണ്ടു.
അതൊന്നും കാര്യമാക്കാതെ ഞങ്ങളിരുവരും ചിത്രങ്ങള്‍ നടന്നു കാണാന്‍ തുടങ്ങി. കുറച്ച് പെയ്ന്റിങ്ങുകള്‍ കണ്ടു കഴിഞ്ഞ ശേഷമാണ് എന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ പെയ്ന്റിങ്ങിന് അടുത്ത് ഞാനെത്തിയത്. ചിരിക്കുന്ന മുഖവുമായി ചുരുണ്ട മുടിയുള്ള പെണ്‍കുട്ടി എന്റെ മുന്നില്‍ നില്ക്കുന്നു. കുറച്ച് നേരത്തേക്ക് ഞങ്ങള്‍ ഇരുവരും അതിന് മുന്നില്‍ തരിച്ചുനിന്നു. 'ഈ പെയ്ന്റിങ്ങിലുള്ള സ്ത്രീയെ കാണാന്‍ എന്നെ പോലെയില്ലേ?' എന്ന് ഞാന്‍ കെയ്വിനേട് ചോദിച്ചു. 'കുറച്ചൊക്കെ' എന്ന് പറഞ്ഞ് കെയ്വ് അടുത്ത പെയ്ന്റിങ്ങിന്റെ അടുത്തേക്ക് നടന്നു. എന്നാല്‍ ആ ചിത്രത്തില്‍ നിന്ന് കണ്ണെടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ആര്‍ട്ട് ഗാലറിയില്‍ നിന്ന് തിരിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴും അഹദും ആ പെയ്ന്റിങ്ങുമായിരുന്നു എന്റെ മനസ് നിറയെയുണ്ടായിരുന്നത്.'-പാരിസ അന്നത്തെ അനുഭവം പങ്കുവെയ്ക്കുന്നു.

അതിനുശേഷം ഒരു സുഹൃത്തിനോട് പാരിസ ഇതിനെ കുറിച്ച് സംസാരിച്ചു. ആ പെയ്ന്റിങ്ങ് താനും കണ്ടുവെന്നും അപ്പോള്‍ പാരിസയെയാണ് ഓര്മ വന്നതെന്നും സുഹൃത്ത് പറഞ്ഞു. തൊട്ടടുത്ത ദിവസം ഈ സുഹൃത്തിനൊപ്പം പാരിസ വീണ്ടും ആര്‍ട്ട് ഗാലറിയിലെത്തി. അന്ന് അഹദിനോട് പാരിസ സംസാരിച്ചു. എന്നാല്‍ ആ ചിത്രം വരയ്ക്കാനുണ്ടായ കാരണമൊന്നും ആ സംസാരത്തില്‍ വന്നില്ല. തിരിച്ചുള്ള യാത്രക്കിടെ അഹദിനെ കുറിച്ച് സുഹൃത്ത് പാരിസയോട് പറഞ്ഞത് ഇങ്ങനെയാണ്. 'ആ ചിത്രത്തിന്റെ പിന്നിലെ കഥയൊന്നും എനിക്കറിയില്ല. പക്ഷേ അഹദിന് നിന്നോട് ഭ്രാന്തമായ സ്നേഹമുണ്ടെന്ന് മനസിലായി.'
എന്നാല്‍ അഹദിനെ പിന്നീട് കാണാന്‍ പാരിസ ശ്രമിച്ചില്ല. നിലവിലെ കാമുകനെ വഞ്ചിച്ച് മറ്റൊരാളോടൊപ്പം ജീവിക്കാന്‍ പാരിസ തയ്യാറായിരുന്നില്ല. പിന്നീട് ഒന്നര വര്‍ഷത്തിനുശേഷം പാരിസയെ തേടി ഫെയ്സ്ബുക്കില്‍ ഒരു മെസ്സേജ് എത്തി. ഡിന്നറിന് ക്ഷണിച്ചുള്ള അഹദിന്റെ സന്ദേശമായിരുന്നു അത്. കാമുകനായി വഴിപിരിഞ്ഞതിനാല് ആ ക്ഷണം പാരിസ നിരസിച്ചില്ല. ഡിന്നര്‍ നൈറ്റിന് പോയി. അന്ന് രാത്രി പാരിസയെ കണ്ടയുടനെ ആലിംഗനം ചെയത അഹദ് ചെവിയില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. 'ഞാന്‍ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നിനക്ക് അറിയില്ല.' അന്ന് ആ ഡിന്നര്‍ നൈറ്റില്‍ വെച്ച് അഹദ് പാരിസയെ ജീവിതത്തിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് ഇരുവരും വിവാഹിതരായി.
Content Highlights: artist paints dream woman a year before meeting wife
Published: 02 Sept 2024, 05:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented