ഫോർട്ട്കൊച്ചി: വാറന്റ് പ്രതിയെ പിടിക്കാൻ കട്ടപ്പനയിൽനിന്നും ഫോർട്ട്‌കൊച്ചിയിലെത്തിയ എക്‌സൈസ് സംഘം വീട് മാറി കയറിയത് പുലിവാലായി. വ്യാഴാഴ്ച പുലർച്ചെ നാലരയോടെയാണ് സംഭവം. ഫോർട്ട്‌കൊച്ചി അധികാരി വളപ്പിന് സമീപം ഫെർണാണ്ടസ് ഗാർഡനിൽ, എടപ്പാൾ സ്വദേശികളായ ദമ്പതിമാർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് സംഘമെത്തിയത്. ഈ വീടിന് സമീപമാണ് വാറന്റ് പ്രതി താമസിക്കുന്നത്.

To advertise here,

ദമ്പതിമാരിൽ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവ് നൈറ്റ് ഡ്യൂട്ടിക്ക് പോയിരിക്കുകയായിരുന്നു. വീട്ടിലെത്തിയ എക്‌സൈസ് സംഘം ജനാലയിലൂടെ വീടിനുള്ളിലേക്ക് ടോർച്ചടിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പൊളിച്ച് അകത്തു കടക്കുമെന്നും ഇവർ പറഞ്ഞതായി വീട്ടമ്മ പറയുന്നു. കള്ളൻമാരാണ് പുറത്തുള്ളതെന്ന് കരുതിയ വീട്ടമ്മ ഫോർട്ട്‌കൊച്ചിയിൽ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന ഭർത്താവിനെ ഫോണിൽ വിളിച്ചു.

ബഹളം കേട്ട് എത്തിയ സമീപത്തെ വീട്ടുടമ, ആ വീട്ടിൽ ഒരു സ്ത്രീ മാത്രമേയുള്ളൂവെന്നു പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ പിൻവാങ്ങിയില്ല. വാതിൽ തുറന്നേ ഞങ്ങൾ പോകൂ എന്ന പിടിവാശിയിലായിരുന്നു എക്‌സൈസ് ഉദ്യോഗസ്ഥരെന്ന് വീട്ടമ്മ പറയുന്നു. ഇതിനിടെ ജോലി സ്ഥലത്തു നിന്ന് ഭർത്താവ് ഓടിയെത്തി. അപ്പോഴും എക്‌സൈസ് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് പരാതി.

ഒരു വനിതാ ഓഫീസറുണ്ടായെങ്കിലും അവർ മാറി നിൽക്കുകയായിരുന്നുവത്രെ. പുരുഷ ഉദ്യോഗസ്ഥർക്ക് യൂണിഫോമുണ്ടായിരുന്നില്ല. ഭർത്താവ് എക്‌സൈസ് അധികൃതരോട് തിരിച്ചറിയൽ രേഖ കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ അതിന് തയ്യാറായില്ലെന്നും പറയുന്നു.

ബഹളം കേട്ട് ആളുകൾ എത്തിത്തുടങ്ങിയതോടെ, എക്‌സൈസ് സംഘം സ്ഥലം വിട്ടു. ഇതിനിടയിൽ യുവതിയെ ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ഭർത്താവ് ഫോർട്ട്‌കൊച്ചി പോലീസിൽ പരാതിയുമായി എത്തിയെങ്കിലും പരാതി സ്വീകരിക്കാൻ ആദ്യം പോലീസ് തയ്യാറായില്ല.

സംഭവത്തെ തുടർന്ന് തന്റെ ഭാര്യ മാനസികമായി തകർന്നിരിക്കുകയാണെന്നും എക്‌സൈസ് സംഘത്തിനെതിരേ നടപടി വേണമെന്നും യുവതിയുടെ ഭർത്താവ് പോലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നു. സംഭവം വിവാദമായതോടെ ഫോർട്ട്‌കൊച്ചി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.