
ബോളിവുഡിലെ മാതൃകാ ദമ്പതിമാരായി അറിയപ്പെടുന്നവരാണ് നടൻ അർഷാദ് വർസിയും മരിയ ഗോരെത്തിയും. പരസ്പര സ്‌നേഹവും വിശ്വാസവുമാണെന്ന് തങ്ങളുടെ ദാമ്പത്യത്തിന്റെ അടിത്തറയെന്ന് ഇരുവരും പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. ഇവരുടെ വിവാഹത്തിന് തൊട്ടുമുമ്പ് നടിയും അമിതാഭ് ബച്ചന്റെ ഭാര്യയുമായ ജയാ ബച്ചൻ മരിയയ്ക്ക് ഒരു ഉപദേശം നൽകിയിരുന്നു എന്ന് പറയുകയാണ് അർഷാദ് വർസി.
ഒരു നടനെ വിവാഹം കഴിക്കുക എന്നത് ജീവിതത്തിൽ ചെയ്യാവുന്ന ഏറ്റവും പ്രയാസമുള്ള കാര്യങ്ങളിൽ ഒന്നാണ്' എന്നായിരുന്നുവത്രേ ജയാ ബച്ചന്റെ ഉപദേശം. നിങ്ങൾ അതിന് തയ്യാറാണോയെന്ന് മരിയയോട് ജയ ചോദിച്ചെന്നും അർഷാദ് പറയുന്നു. അമിതാഭ് ബച്ചനുമൊത്തുള്ള ദാമ്പത്യജീവിതത്തിന്റെ പരിചയസമ്പത്തിൽ നിന്നാണ് ജയാ ബച്ചൻ അന്ന് സംസാരിച്ചതെന്ന് അർഷാദ് വർസി പറയുന്നു. സിനിമാലോകത്തിന്റെ യാഥാർത്ഥ്യങ്ങളെക്കുറിച്ചും ഒരു അഭിനേതാവിന്റെ പങ്കാളി നേരിടേണ്ടിവരുന്ന മാനസിക വെല്ലുവിളികളെക്കുറിച്ചും ജയയ്ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും അർഷാദ് പറയുന്നു.
സാധാരണ ദമ്പതികളുടെ ജീവിതത്തിൽ സംഭവിക്കാത്ത പല കാര്യങ്ങളും ഒരു നടന്റെ തൊഴിൽ ജീവിതത്തിന്റെ ഭാഗമായി ഉണ്ടാകും. ആകർഷകമായ രൂപമുള്ളവരും കഴിവുള്ളവരുമായ നിരവധി ആളുകൾക്കൊപ്പം നിരന്തരം ജോലി ചെയ്യേണ്ടിവരുന്ന ഒരു മേഖലയാണിത്. ആ പ്രതിസന്ധികളെയും അതിരുകളെയും മറികടന്ന് ആ വ്യക്തിക്കൊപ്പം നിൽക്കാൻ സാധിക്കണം. അതിന് സാധാരണക്കാർക്കിടയിലുള്ള സ്‌നേഹത്തിനും ശ്രദ്ധയ്ക്കുമപ്പുറമുള്ള കരുതൽ ഉണ്ടാകണമെന്നും ജയാ ബച്ചൻ മരിയയെ ഉപദേശിച്ചിരുന്നുവത്രേ.
1999 ഫെബ്രുവരി 14-നാണ് അർഷാദ് വർസിയും മരിയ ഗോരെത്തി യും വിവാഹിതരായത്. ക്രിസ്ത്യൻ-മുസ്ലീം മതാചാരപ്രകാരം രണ്ടുതവണ വിവാഹം നടത്തി. വ്യത്യസ്ത മതവിശ്വാസികളായതിനാൽ തുടക്കത്തിൽ മരിയയുടെ വീട്ടുകാർക്ക് ചെറിയ ആശങ്കകളുണ്ടായിരുന്നുവെന്ന് അർഷാദ് മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്. എങ്കിലും പ്രതിസന്ധികളെയെല്ലാം മറികടന്ന് 27 വർഷം പിന്നിട്ടിരിക്കുകയാണ് ഇവരുടെ ദാമ്പത്യം. ജയാ ബച്ചൻ നൽകിയ മുന്നറിയിപ്പ് തങ്ങൾക്ക് വലിയൊരു മുതൽക്കൂട്ടായിരുന്നുവെന്ന് അർഷാദ് പറയുന്നു.
'മുന്നാ ഭായ് എം.ബി.ബി.എസ്', 'ധമാൽ', 'അസുർ' തുടങ്ങിയ ചിത്രങ്ങളിലൂടെയും വെബ് സീരീസുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായ അർഷാദ് വർസി, ബോളിവുഡിൽ തിരക്കുള്ള അഭിനേതാവാണ്. 'ജീവൻ ഭീമ യോജന', 'ധമാൽ 4', 'ഘമസാൻ' തുടങ്ങിയ ഒരുപിടി മികച്ച പ്രോജക്റ്റുകളാണ് ഇനി പുറത്തിറങ്ങാനിരിക്കുന്നത്.
Content Highlights: Arshad Warsi revealed that Jaya Bachchan advised Maria Goretti that marrying an actor is very difficult., Jaya Bachchan's warning was based on her own experience being married to Amitabh Bachchan., Arshad and Maria celebrated 27 years of marriage after tying the knot in 1999.
Published: 31 Aug 2026, 03:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented