
കൊച്ചി: നെറ്റിയിൽനിന്ന് ഒഴുകുന്ന വിയർപ്പ് തുടയ്ക്കാൻ പോലും ഒന്നു കൈയുയർത്താനാവാതെയാണ് നട്ടുച്ച നേരത്ത് അനസ് തെരുവിലൂടെ പായുന്നത്. വലതു കൈയിൽ ഭക്ഷണപ്പൊതികളുള്ളപ്പോൾ അവന്റെ ഇടതുകൈയുടെ സ്ഥാനത്ത് ശൂന്യതയുടെ വേദനയാണ്. ജന്മനാ ഒരു കൈയില്ലാത്ത അനസിന്റെ മറുകൈയിൽ മൂന്ന് വിരലുകളുമില്ല. ലോക പാരാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി വെള്ളിമെഡൽ നേടിയ അനസ് അംഗപരിമിതിയുടെ വേദനകളെല്ലാം ഉള്ളിലൊതുക്കി ഇപ്പോൾ തെരുവിൽ ഭക്ഷണവിതരണക്കാരനായി നടക്കുന്നതിനു കാരണം ഒന്നുമാത്രം, “രാജ്യത്തിനായി ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ പോയ വകയിലുണ്ടായ കടം വീട്ടണം. ദാരിദ്ര്യത്തിനിടയിലും എന്റെ ഉമ്മയുടെയും സഹോദരിയുടെയും ഒരേയൊരു സമ്പാദ്യമായിരുന്ന കുഞ്ഞുമാല പണയം വെച്ചിടത്തുനിന്ന് തിരിച്ചെടുക്കണം”.
കായികരംഗത്ത് രാജ്യത്തിനായി മഹത്തായ നേട്ടം കൊയ്തിട്ടും ജീവിക്കാൻ തെരുവിൽ ഭക്ഷണ വിതരണത്തിന് ഇറങ്ങേണ്ടി വന്ന സങ്കടകഥയാണ് മലപ്പുറം കോട്ടയ്ക്കൽ സ്വദേശി മുഹമ്മദ് അനസിന്റേത്. ജന്മനാ ഒരു കൈയില്ലാതിരുന്നിട്ടും പൊതുവിദ്യാലയത്തിൽ മറ്റു കുട്ടികളോട് പൊരുതിയാണ് അനസ് മുന്നേറിയത്. ജില്ലാ സ്‌കൂൾ കായികമേളയിലും സംസ്ഥാന സ്‌കൂൾ കായികമേളയിലും മികച്ച പ്രകടനം കാഴ്ചവെച്ച അനസ് ഡിഗ്രി പഠനത്തിനു ചേർന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം പഠനം തുടരാനായില്ല. പിന്നീട് ഗുജറാത്തിലെ സായിയിൽ സെലക്ഷൻ കിട്ടിയ അനസിനെ ഹരിയാണക്കാരനായ കോച്ച് വിനോദ് കുമാറാണ് ലോക നിലവാരത്തിലുള്ള പ്രകടനങ്ങളിലേക്ക് കൈപിടിച്ചത്. എന്നാൽ, കുറച്ചു കാലം മുൻപ് ഒരു കാറപകടത്തിൽ വിനോദ് കുമാർ മരിച്ചതോടെ അനസിന് സായിയിലെ പരിശീലനം ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നു.
ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പല തവണ കേരളത്തിനായി മെഡൽ നേടിയ അനസിന് ടുണീഷ്യയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത ലഭിച്ചെങ്കിലും സാമ്പത്തികം തടസ്സമായി. പിന്നീട് ഉമ്മയുടെയും സഹോദരിയുടെയും മാല പണയംവെച്ചും കൂട്ടുകാരുടെ സഹായം തേടിയുമാണ് തുക സ്വരൂപിച്ചത്. ടുണീഷ്യയിൽ പോകാൻ 2.40 ലക്ഷം രൂപയാണ് ചെലവായത്. അവിടെ ഉസ്‌ബെക്കിസ്താൻ താരത്തിനു പിന്നിൽ 6.28 മീറ്റർ ചാടിയാണ് അനസ് വെള്ളിമെഡലിലെത്തിയത്.
അമേസ്ലിൻ ലൂയിസ് എന്ന കോച്ചാണ് അനസിനെ കൊച്ചിക്ക് കൊണ്ടുവന്നത്. ഇവിടെ ലൂയിസിന്റെ ബന്ധുവിന്റെ വീട്ടിൽ താമസ സൗകര്യവും ഏർപ്പാടാക്കി. എന്നാൽ, കടം വീട്ടാൻ മാർഗമില്ലാതെ വന്നതോടെ അനസ് പരിശീലനം മുടക്കി തെരുവിൽ ഭക്ഷണ വിതരണത്തിനിറങ്ങുകയായിരുന്നു. “എന്നോടൊപ്പം മത്സരിച്ച മറ്റു സംസ്ഥാനങ്ങളിലെ താരങ്ങൾക്ക് ദേശീയ ചാമ്പ്യൻഷിപ്പിലെ മെഡലിനു പോലും അവിടത്തെ സർക്കാർ അവർക്ക് കാഷ് പ്രൈസ് നൽകിയിരുന്നു. ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയിട്ടും എന്നെ ആരും സഹായിച്ചില്ല. പാരാലിമ്പിക്സും ഏഷ്യൻ ഗെയിംസും വരാനിരിക്കേ അതിനുവേണ്ടി തീവ്രപരിശീലനം നടത്തി വരുകയായിരുന്നു ഞാൻ. പക്ഷേ, ഇനി അതൊന്നും സാധ്യമാകുമെന്നു തോന്നുന്നില്ല. രാവിലെ മുതൽ രാത്രിവരെയുള്ള ഭക്ഷണവിതരണം കഴിഞ്ഞിട്ട് ഞാൻ എപ്പോൾ പരിശീലിക്കാനാണ്. കടം വീട്ടാതെ ലോങ്ജംപ് സ്വപ്‌നം കാണാനും പറ്റില്ലല്ലോ”. സംസാരിക്കുമ്പോൾ വിയർപ്പിൽ മുങ്ങിയ അനസിന്റെ മുഖത്ത് കണ്ണുനീരും കലർന്നിട്ടുണ്ടായിരുന്നു.
Content Highlights: Anas, who has achieved great things for the country, had to go to food delivery
Published: 18 Feb 2025, 07:57 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented