
പാലക്കാട്: കായികതാരങ്ങളുടെ പേശീഘടനനോക്കി യോജിച്ച കായികയിനം തിരഞ്ഞെടുക്കാൻ ചെലവുകുറഞ്ഞ പരിശോധനാ സംവിധാനം വികസിപ്പിച്ചെടുത്തു. പാലക്കാട് എൻ.എസ്.എസ്. എൻജിനിയറിങ് കോളേജിലെ ഗവേഷകരാണ് ഇതിനു പിന്നിൽ.
ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനിയറിങ് വകുപ്പിലെ പ്രൊഫ. ജി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഗവേഷണത്തിന് മദ്രാസ് ഐ.ഐ.ടി. പ്രൊഫ. എസ്. രാമകൃഷ്ണൻ പിന്തുണനൽകി. രമ്യ ആർ. നായർ, ദിവ്യ ശശിധരൻ എന്നിവരും ഗവേഷണ സംഘത്തിലുണ്ടായിരുന്നു.
പേശീഘടന മിനിറ്റുകൾകൊണ്ട് മനസ്സിലാക്കാവുന്ന ചെലവുകുറഞ്ഞ പരിശോധനാ രീതിയാണ് ഇവർ വികസിപ്പിച്ചത്. തൊലിപ്പുറത്തുനിന്ന് ലഭിക്കുന്ന ഇലക്‌ട്രിക് സന്ദേശങ്ങളുടെ വ്യതിയാനങ്ങളുടെ അടിസ്ഥാനത്തിലാണിത് സാധിക്കുന്നത്. ശരീരത്തിൽ മുറിവുണ്ടാക്കി ശേഖരിക്കുന്ന പേശീഭാഗം പരിശോധിക്കുന്ന രീതിയാണ് ഇതുവരെയുണ്ടായിരുന്നത്. കൂടുതൽ സമയം വേണ്ടുന്ന, ചെലവേറിയ രീതിയാണിത്.
പാലക്കാട് പറളി സ്കൂൾ കായികതാരങ്ങളിൽ 2019-ൽ തുടങ്ങിയ പഠനം രണ്ടുവർഷം കൊണ്ട് പൂർത്തിയാക്കി. കഴിഞ്ഞദിവസം പേറ്റന്റ് ലഭിച്ചു. കോളേജിലെ ലാബിൽ തയ്യാറാക്കിയ മാതൃക ഉപയോഗിച്ചായിരുന്നു കായികതാരങ്ങളുടെ പേശീ പരിശോധന. 100 മീ., 200 മീ. തുടങ്ങിയ ഹ്രസ്വദൂര ഓട്ടമത്സരങ്ങൾക്ക് സഹായകമായ പേശീഘടനയുള്ളവർക്ക് ആ ഇനങ്ങളിലും ദീർഘദൂര ഓട്ടത്തിന് ഇണങ്ങിയ പേശീഘടനയുള്ളവർക്ക് അതിലും മാറ്റുരയ്ക്കാൻ ഇതുവഴി കഴിയും. പേശീസംബന്ധമായ വൈദ്യപഠനത്തിനും ചികിത്സയ്ക്കും സ്പോർട്സ് സയൻസ്, ഫിസിയോതെറാപ്പി, കായികപരിശീലനം എന്നീ രംഗങ്ങളിലും പുതിയ സാങ്കേതികവിദ്യ ഗുണകരമാകും.
പരിശീലകർക്കും സഹായം
കായികതാരങ്ങളുടെ കരിയറിെൻറ തുടക്കത്തിൽത്തന്നെ പേശീഘടന വിലയിരുത്തി കഴിവ് തിരിച്ചറിയാനും പരിശീലനരീതി വികസിപ്പിക്കാനും ഈ സാങ്കേതികവിദ്യ പരിശീലകരെ സഹായിക്കും.
Content Highlights: new method for analyzing muscle structure in athletes has been developed
Published: 04 Jan 2025, 06:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented