സോഷ്യൽ മീഡിയ ആപ്പുകളായ ഇൻസ്റ്റഗ്രാമിൽ ബ്യൂട്ടി ട്രെൻഡുകളുമായി പരീക്ഷണങ്ങളു അടിക്കടി പ്രത്യക്ഷപ്പെടാറുണ്ട്. അതിൽ ഏറ്റവും പുതിയതും വിചിത്രവുമായ ഒന്നാണ് 'പ്ലാസ്റ്റിക് റാപ്പ് മേക്കപ്പ് ഹാക്ക്'. സാധാരണയായി ഭക്ഷണം മൂടിവെക്കാനും പാക്ക് ചെയ്യാനും ഉപയോഗിക്കുന്ന സുതാര്യമായ പ്ലാസ്റ്റിക് കവർ മേക്കപ്പിനായി ഉപയോഗിക്കുകയാണ് ഇതിൽ ചെയ്യുന്നത്.

To advertise here,

സാധാരണയായി ആളുകൾ ഫൗണ്ടേഷൻ, കൺസീലർ, ബ്ലഷ്, കോണ്ടൂർ എന്നിവ നേരിട്ട് മുഖത്ത് പുരട്ടി ബ്രഷ് ഉപയോഗിച്ചോ സ്‌പോഞ്ച് ഉപയോഗിച്ചോ ആണ് ബ്ലെൻഡ് ചെയ്യാറുള്ളത്. എന്നാൽ ഈ രീതിയിൽ നിർദ്ദിഷ്ട മേക്കപ്പ് പ്രൊഡക്റ്റുകൾ ആദ്യം പ്ലാസ്റ്റിക് റാപ്പിൽ കൃത്യമായ സ്ഥാനങ്ങളിൽ ഇടും. അതിനുശേഷം ഈ പ്ലാസ്റ്റിക് റാപ്പ് തിരിച്ചുപിടിച്ച് ഒരു സ്റ്റാമ്പ് പോലെ മുഖത്തേക്ക് അമർത്തി ഒട്ടിച്ചെടുക്കുന്നു. പിന്നീട് സ്‌പോഞ്ചോ ബ്രഷോ ഉപയോഗിച്ച് തിരുമ്മി മിനുക്കിയെടുക്കുമ്പോൾ ചുരുങ്ങിയ സമയം കൊണ്ട് ഫ്‌ളോലെസ്സ് ആയ ബേസ് മേക്കപ്പ് ലഭിക്കുമെന്നാണ് കണ്ടന്റ് ക്രിയേറ്റർമാർ അവകാശപ്പെടുന്നത്. ഒപ്പം സമയം ലാഭിക്കാമെന്നും ഇവർ അവകാശപ്പെടുന്നു. അതായത് തലേന്ന് പിറ്റേ ദിവസം ഓഫീസിൽ ധരിക്കാനുള്ള വസ്ത്രം തേച്ച് എടുത്തുവയ്ക്കുന്നത് പോലെ മേക്കപ്പ് ചെയ്ത് വയ്ക്കാം. പിറ്റേന്ന് രാവിലെ കുളിച്ച് ഫ്രഷായി ഈ പ്ലാസ്റ്റിക് കവർ മുഖത്ത് സ്റ്റാമ്പ് ചെയ്താൽ മതിയെന്നാണ് ഇൻഫ്‌ളുവൻസർമാർ പറയുന്നത്.

സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന ഇത്തരം പല ബ്യൂട്ടി ഹാക്കുകളും പലപ്പോഴും പ്രായോഗികമല്ല എന്നതിന് പുറമെ ചർമത്തിന് അത്ര അനുയോജ്യവുമല്ല. ഭക്ഷ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഫിലിമുകൾ മുഖത്തെ മൃദുവായ ചർമ്മത്തിൽ അമർത്തുമ്പോൾ അലർജിക്കും ചർമത്തിലെ അസ്വസ്ഥതകൾക്കും വഴിവെച്ചേക്കാം. പ്ലാസ്റ്റിക് വെച്ച് മേക്കപ്പ് ബേസ് അമർത്തുമ്പോൾ അത് ചർമത്തിലെ സുഷിരങ്ങളെ അടയ്ക്കുകയും, കുരുക്കൾ വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു. ബ്രഷ് അല്ലെങ്കിൽ സ്‌പോഞ്ച് ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ മേക്കപ്പ് പ്ലാസ്റ്റിക്കിൽ തങ്ങിനിൽക്കാൻ സാധ്യതയുള്ളതിനാൽ ഉൽപ്പന്നങ്ങൾ പാഴായിപ്പോകുന്നു.

തങ്ങളുടെ പുതിയ സിനിമയുടെ പ്രചാരണ ഭാഗമായി നടത്തിയ അഭിമുഖത്തിൽ ആൻ ഹാത്‌വേയെയും ഡക്കോട്ട ജോൺസണെയും ഈ വീഡിയോ കാണിച്ചിരുന്നു. എനിക്കിത് തീരെ മനസ്സിലാകുന്നില്ല എന്ന് പറഞ്ഞുകൊണ്ട് തുടക്കത്തിൽ തന്നെ ആൻ ഈ ട്രെൻഡിനെ തള്ളിക്കളഞ്ഞു.'ഇത് എങ്ങനെയാണ് സമയം ലാഭിക്കാൻ സഹായിക്കുന്നത്? തലേദിവസം രാത്രി തന്നെ പ്ലാസ്റ്റിക് കവറിൽ ഇതൊക്കെ പുരട്ടി വെച്ച് രാവിലെ മുഖത്ത് ഒട്ടിക്കണം എന്നാണോ ഇവർ പറയുന്നത്?' എന്ന് ആൻ ചോദിച്ചു. മേക്കപ്പ് പൂർത്തിയായ ശേഷമുള്ള ക്രിയേറ്ററുടെ ലുക്ക് കണ്ടപ്പോൾ 'മേക്കപ്പ് ഇല്ലാത്തപ്പോൾ തന്നെ അവർ കാണാൻ വളരെ സുന്ദരിയായിട്ടുണ്ട്' എന്നാണ് ആൻ പറഞ്ഞത്. എന്നാൽ സംഗതി വെറും വിഡ്ഢിത്തം മാത്രമാണ് എന്നായിരുന്നു ഡക്കോട്ടയുടെ പ്രതികരണം. ലളിതവും സ്വാഭാവികവുമായ സൗന്ദര്യവർധക രീതികൾ പിന്തുടരുന്നതാണ് എപ്പോഴും ചർമത്തിന്റെ ആരോഗ്യത്തിന് നല്ലതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വൈറൽ ഹിറ്റുകൾക്ക് വേണ്ടി ചെയ്യുന്ന ഇത്തരം പരീക്ഷണങ്ങൾക്ക് പിന്നാലെ കണ്ണടച്ച് പോകാതിരിക്കുകയാണ് ചർമത്തിന്റെ ആരോഗ്യത്തിന് നല്ലത്.