പ്രായം അൻപത്തിയാറിലെത്തി നിൽക്കുമ്പോഴും ഊർജസ്വലതയോടെയും ചടുലതയോടെയും തുടരുകയാണ് മനീഷ കൊയ്‌രാള. കേവലം സിക്‌സ് പാക്ക് ഉണ്ടാക്കുകയോ, കഠിനമായ ഭാരം ഉയർത്തലോ അല്ല യഥാർത്ഥ ഫിറ്റ്‌നസ് എന്ന് പറയുകയാണ് താരം. ദിവസേനയുള്ള വ്യായാമ മുറകളിലൂടെ ശരീരത്തിന്റെ ഫ്‌ളെക്‌സിബിലിറ്റിയും സന്ധികളുടെ ചലനശേഷിയും, മികച്ച സന്തുലിതാവസ്ഥയും സംരക്ഷിക്കുന്ന മനീഷയുടെ ഫിറ്റ്‌നസ് റൂട്ടീൻ ഇന്ന് ഫിറ്റ്‌നസ് പ്രേമികൾക്കിടയിൽ വലിയ ചർച്ചയാകുകയാണ്. കഠിനമായ രോഗാവസ്ഥകളെയും പ്രതിസന്ധികളെയും അതിജീവിച്ചെത്തിയ മനീഷ, പ്രായമാകുന്തോറും ശരീരം കൂടുതൽ വഴക്കമുള്ളതും ബലമുള്ളതുമാക്കി മാറ്റാൻ മൊബിലിറ്റി എക്‌സർസൈസുകളെയാണ് ആശ്രയിക്കുന്നത്.

To advertise here,

ദിവസവും പ്രാണായാമത്തോടെയാണ് മനീഷ വർക്ക്ഔട്ടുകൾ ആരംഭിക്കുന്നത്. ശ്വസനക്രിയകൾ ക്രമീകരിക്കുന്ന പ്രാണായാമം രക്തയോട്ടം വർധിപ്പിക്കാനും ശരീരകോശങ്ങളിലേക്ക് ഓക്‌സിജൻ പ്രവാഹം ഉറപ്പുവരുത്താനും സഹായിക്കുന്നു. തുടർന്ന് ശരീരത്തിന് പൂർണ്ണമായ വാംഅപ്പ് നൽകുന്നതിനായി സൂര്യനമസ്‌കാരം ചെയ്യുന്നു. സന്ധികളുടെ അയവിനായുള്ള മൊബിലിറ്റി സ്‌റ്റ്രെച്ചുകളാണ് അടുത്തത്.

നട്ടെല്ലിന്റെ വഴക്കം വർധിപ്പിക്കാനും പുറംവേദന ഒഴിവാക്കാനും സഹായിക്കുന്ന യോഗാസനം, കഴുത്ത്, തോൾ, പുറംഭാഗത്തിന്റെ മുകൾഭാഗം എന്നിവിടങ്ങളിലെ പേശികളുടെ പിരിമുറുക്കവും വലിവും മാറ്റാൻ ത്രെഡ്-ദി-നീഡിൽ സ്‌റ്റ്രെച്ച്, ഇടുപ്പ്, തുടകൾ, കാലുകൾ എന്നിവയിലെ പേശികളെ സജീവമാക്കുന്ന ലഞ്ചസ് സ്‌റ്റ്രെച്ച് എന്നിവയാണ് അടുത്തത്. അതുപോലെ, ശരീരത്തിന്റെ ഭാരം ക്രമീകരിക്കാനും മസിൽ മാസ് നിലനിർത്താനും ലളിതമായ സ്‌ട്രെങ്ത് വ്യായാമങ്ങളും അവർ ഒപ്പം ചെയ്യുന്നു

പ്രായം കൂടുന്നതിനനുസരിച്ച് മനുഷ്യശരീരത്തിൽ സ്വാഭാവികമായും മസിൽ മാസും അസ്ഥികളുടെ സാന്ദ്രതയും കുറയാൻ തുടങ്ങുന്നു. ഇത് സന്ധികളിൽ കാഠിന്യത്തിനും വഴക്കമില്ലായ്മയ്ക്കും കാരണമാകുന്നു. ഫലത്തിൽ, കോണിപ്പടികൾ കയറുക, നിലത്തുനിന്ന് കുനിഞ്ഞ് സാധനങ്ങൾ എടുക്കുക, കസേരയിൽ നിന്ന് എഴുന്നേൽക്കുക തുടങ്ങിയ ലളിതമായ ദൈനംദിന കാര്യങ്ങൾ പോലും പ്രായമായവർക്ക് ബുദ്ധിമുട്ടായി മാറുന്നു. ഇവിടെയാണ് മോബിലിറ്റി എക്‌സർസൈസുകളുടെ പ്രാധാന്യം.

ഷോൾഡർ റൊട്ടേഷൻ, ഹിപ് റൊട്ടേഷൻ, ആങ്കിൾ മൂവ്‌മെന്റുകൾ തുടങ്ങിയ ചെറിയ വ്യായാമങ്ങൾ സന്ധികൾക്ക് ചുറ്റുമുള്ള ദ്രാവക ലഭ്യതയും ചലനശേഷിയും നിലനിർത്തുന്നു. വയസ്സുകാലത്ത് ഉണ്ടാകുന്ന പെട്ടെന്നുള്ള ബാലൻസ് തെറ്റലുകളും വീഴ്ചകളും അവ മൂലമുണ്ടാകുന്ന അസ്ഥി ഒടിവുകളും തടയാൻ ശരീരത്തിന്റെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്ന ഇത്തരം വ്യായാമങ്ങൾ സഹായിക്കും.കഠിനമായ ജിം വർക്ക്ഔട്ടുകൾ ചെയ്യാൻ സാധിക്കാത്തവർക്കും, വലിയ ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ പേശികളെ സജീവമായി നിർത്താൻ മൊബിലിറ്റി വ്യായാമങ്ങളിലൂടെ സാധിക്കും.

കഠിനമായ വർക്ക്ഔട്ടുകൾ മണിക്കൂറുകളോളം ചെയ്യേണ്ടതില്ലെന്നും, ദിവസേന കൃത്യമായി 10 മുതൽ 15 മിനിറ്റ് വരെ ലളിതമായ മോബിലിറ്റി വ്യായാമങ്ങൾക്കായി നീക്കിവെച്ചാൽ തന്നെ ശരീരത്തിന് അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്നും ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. മനീഷ കൊയ്‌രാളയെപ്പോലെ കൃത്യമായ ലക്ഷ്യബോധത്തോടെയും മിതമായ രീതിയിലും ദിനചര്യകളിൽ വ്യായാമം ഉൾപ്പെടുത്തിയാൽ, എത്ര പ്രായമായാലും ആരോഗ്യവും ആത്മവിശ്വാസവും ഒരുപോലെ കാത്തുസൂക്ഷിക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല.