'പ്രായമായി, ഇനിയിപ്പോ എന്തിനാ...' എന്ന ചിന്ത വേട്ടയാടാറുണ്ടോ? എങ്കിൽ ഓർക്കുക, പ്രായമാകുന്നത് ഒന്നിന്റെയും അവസാനമല്ല. വാർധക്യത്തെക്കുറിച്ചുള്ള തെറ്റായ സാമൂഹിക സങ്കൽപ്പങ്ങളെയും മനസ്സിലെ നിഷേധാത്മക ചിന്തകളെയും കാറ്റിൽപ്പറത്തിയാൽ ആയുസ്സും ആരോഗ്യവും ഒരുപോലെ കൂട്ടാമെന്ന് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രായത്തിന്റെ പേരിലുള്ള വേർതിരിവുകളെയും വിവേചനങ്ങളെയും അതിജീവിക്കുന്നത് മനുഷ്യന്റെ ആയുസ്സ് ദീർഘിപ്പിക്കാൻ സഹായിക്കുമെന്ന് യേൽ സർവകലാശാലയിലെ ഡോ. ബെക്ക ലെവി നടത്തിയ പഠനത്തിൽ പറയുന്നു. ലെവി നടത്തിയ പഠനങ്ങൾ അനുസരിച്ച്, പ്രായമാകുന്നതിനെ പോസിറ്റീവായി കാണുന്ന ആളുകൾക്ക്, അങ്ങനെയല്ലാതെ നിഷേധാത്മകമായി കാണുന്നവരെ അപേക്ഷിച്ച് ശരാശരി 7.5 വർഷം കൂടുതൽ ആയുസ്സ് ലഭിക്കുമെന്നാണ് പറയുന്നത്.

To advertise here,

സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ വാർധക്യ സങ്കൽപ്പങ്ങൾ ഒരു വ്യക്തിയെ ശാരീരികമായി തളർത്തുന്നത് മൂന്ന് പ്രധാന വഴികളിലൂടെയാണ്. പ്രായമാകുമ്പോൾ ഓർമക്കുറവും ശാരീരികക്ഷമതയും കുറയുമെന്ന ചിന്ത നാം ചെറുപ്പം മുതലേ കേൾക്കുകയും അത് മനസ്സിൽ ഉറപ്പിക്കുകയും ചെയ്യുന്നു. ഈ തെറ്റായ ഭയം ഒരു വില്ലനായി ശരീരത്തെ ബാധിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. അതുപോലെ പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിയില്ലെന്ന ചിന്ത ആവർത്തിച്ച് കേൾക്കുമ്പോൾ വ്യക്തികളിൽ ആത്മവിശ്വാസം നഷ്ടപ്പെടുന്നു. ഇതോടെ, അവർ സ്വയം പുതിയ കാര്യങ്ങൾ പഠിക്കുന്നതിൽനിന്നും സാമൂഹിക ഇടപെടലുകളിൽനിന്നും പിൻവാങ്ങുന്നു.

പ്രായമാകുന്നതിനെ ഭയത്തോടെ കാണുന്നവരിൽ ഭയവും ഉത്കണ്ഠയും കാരണം സ്‌ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് 40% വരെ വർധിക്കുന്നു. ഇത് ശരീരത്തിൽ വിട്ടുമാറാത്ത വീക്കത്തിനും ഹൃദയസംബന്ധമായ രോഗങ്ങൾക്കും കാരണമാകുന്നു. പ്രായത്തെക്കുറിച്ച് പോസിറ്റീവായ കാഴ്ചപ്പാടുള്ളവരിൽ അൽഷിമേഴ്സ് പോലെയുള്ള രോഗങ്ങൾക്ക് കാരണമാകുന്ന ബയോമാർക്കറുകൾ വളരെ കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി. തലച്ചോറിൽ ഓർമ്മകളെ നിയന്ത്രിക്കുന്ന ഹിപ്പോകാമ്പസ് (Hippocampus) എന്ന ഭാഗത്തിന് വിസ്തൃതി കുറയുന്നത് തടയാനും പോസിറ്റീവ് ചിന്താഗതി സഹായിക്കുന്നു. അൽഷിമേഴ്സ് രോഗത്തിന് കാരണമാകുന്ന വിഷമയമായ അമിലോയിഡ് പ്ലാക്കുകൾ തലച്ചോറിൽ അടിഞ്ഞു കൂടാനുള്ള സാധ്യത ഇത്തരക്കാരിൽ വളരെ കുറവാണ്. വാർധക്യത്തെ പോസിറ്റീവായി കാണുന്നവർ കൃത്യമായ ഭക്ഷണരീതിയും വ്യായാമവും പിന്തുടരുമ്പോൾ, നെഗറ്റീവായി കാണുന്നവർ സ്വന്തം ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്താൻ മടിക്കുന്നു.

പ്രായമായവരുടെ എണ്ണം കൂടുന്നതിനെ ഗ്രേ സുനാമി എന്ന് വിശേഷിപ്പിക്കുന്നത് തികച്ചും തെറ്റാണെന്ന് കാനഡയിലെ മക്മാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ പർമീന്ദർ റെയ്‌ന ചൂണ്ടിക്കാണിക്കുന്നുണ്ട്.

സുനാമി നാശം വിതയ്ക്കുന്ന ഒന്നാണ്. എന്നാൽ, വാർധക്യം തകർച്ചയോ വിനാശമോ അല്ല. മറിച്ച്, ആധുനിക പൊതുജനാരോഗ്യ മേഖല കൈവരിച്ച വലിയൊരു നേട്ടമാണ്. യഥാർഥത്തിൽ മനുഷ്യശരീരത്തിനും മസിലുകൾക്കും തലച്ചോറിനും ഏത് പ്രായത്തിലും പുതിയ കാര്യങ്ങൾ പരിശീലിക്കാനും സജീവമായിരിക്കാനും സാധിക്കും. മനുഷ്യന്റെ ശേഷികൾക്ക് പ്രായം ഒരു പരിധി നിശ്ചയിക്കുന്നില്ല.

പ്രായത്തിന്റെ പേരിലുള്ള വിവേചനം മാറ്റിനിർത്താൻ കുട്ടിക്കാലം മുതൽ ബോധവൽക്കരണം നൽകണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. സ്വന്തം മനസ്സിലെ മുൻവിധികൾ തിരിച്ചറിയാൻ പ്രൊഫ. ബെക്ക ലെവി നിർദ്ദേശിക്കുന്ന എബിസി രീതി ഇതാണ്.
1. വാർധക്യത്തെക്കുറിച്ച് മനസ്സിലുള്ള തെറ്റായ ധാരണകൾ കണ്ടെത്തുക.
2. ഇത്തരം സങ്ക്‌ലപങ്ങൾ സമൂഹം ഉണ്ടാക്കിയെടുത്ത വ്യാജ പ്രചാരണമാണെന്ന് തിരിച്ചറിയുക.
3. പ്രായമായവരും പുതിയ കാര്യങ്ങൾ പഠിക്കുന്നതും സജീവമായിരിക്കുന്നതുമായ പോസിറ്റീവ് ഉദാഹരണങ്ങൾ കണ്ടെത്തി തെറ്റായ ചിന്തകളെ തിരുത്തുക.

പ്രായമാകുന്നത് ജീവിതത്തിന്റെ അവസാനമല്ല. മറിച്ച്, അനുഭവസമ്പത്തിന്റെ പുതിയൊരു ഘട്ടമാണ്. പ്രായത്തിന്റെ പേരിലുള്ള വേർതിരിവുകൾ അവസാനിപ്പിച്ച്, മനസ്സിനെ പോസിറ്റീവായി നിലനിർത്തിയാൽ രോഗങ്ങളില്ലാതെ കൂടുതൽ കാലം സന്തോഷത്തോടെ ജീവിക്കാൻ സാധിക്കും.