
ഓരോരുത്തര്‍ക്കും ഓണം ഓരോന്നാണ്. ചിലര്‍ക്കത് പുത്തന്‍ ഉടുപ്പുകളാണ്. ചിലര്‍ക്ക് നല്ല ഭക്ഷണമാണ്. മറ്റു ചിലര്‍ക്ക്് പലവര്‍ണപ്പൂക്കളങ്ങള്‍ തീര്‍ക്കുന്നതിലെ ആനന്ദമാണ്. പഴയ ആളുകള്‍ക്കാണെങ്കില്‍ പൂവുകള്‍ തേടി കുന്നും പറമ്പും കടന്നുനടന്ന ഓര്‍മകളാണ്. മറ്റു ചിലര്‍ക്ക്് ഒന്നിച്ചുചേര്‍ന്നുള്ള പാട്ടും കളികളും ആഘോഷങ്ങളുമാണ്. എനിക്ക് ഓണം എന്നും വീട്ടിലേക്കുള്ള മടക്കയാത്രകളായിരുന്നു; അച്ഛനും അമ്മയും സഹോദരനുമടങ്ങിയ കുടുംബത്തിലേക്കുള്ള തിരിച്ചുവരവുകളായിരുന്നു. ആദ്യം സഹോദരന്‍ ഞങ്ങളെ വിട്ടുപിരിഞ്ഞുപോയി. പിന്നെ അച്ഛനും. ഇപ്പോള്‍ അമ്മമാത്രം. അങ്ങനെ, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഓണം എനിക്ക് അമ്മയിലേക്കുള്ള തിരിച്ചുവരവുകളായി.
സിനിമയില്‍ വന്നതിനുശേഷമുള്ള എന്റെ ആദ്യ ഓണം ആശുപത്രിയിലായിരുന്നു. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കളി'ല്‍ അഭിനയിക്കുമ്പോള്‍ അപകടംപറ്റി കിടപ്പിലായതായിരുന്നു ഞാന്‍. അതിനുശേഷം ഇന്നുവരെ വളരെവളരെ അപൂര്‍വമായി മാത്രമേ ഞാന്‍ ഓണത്തിന് വീട്ടിലെത്താതിരുന്നിട്ടുള്ളൂ. ഓണക്കാലത്ത് അഭിനയിക്കാന്‍ ഡേറ്റ് കൊടുക്കുമ്പോള്‍ത്തന്നെ ഞാന്‍ പറയാറുണ്ട്, തിരുവോണത്തിന് ഞാന്‍ വീട്ടില്‍പ്പോവും എന്ന്. തൊഴിലിന്റെ ഭാഗമായി എവിടെയൊക്കെയോ അലയുന്ന എന്നെ ഒരു പഴയ വീട് തിരുവനന്തപുരത്ത് കാത്തിരിക്കുന്നതുപോലെ എനിക്ക് തോന്നുമായിരുന്നു. ആ വീട്ടിലെ മണങ്ങളും രുചികളും എനിക്കേറെ പ്രിയപ്പെട്ടതുമായിരുന്നു. എവിടെനിന്നായാലും അതിലേക്ക് തിരിച്ചുനടക്കാന്‍ ഓണം എനിക്കൊരു പാലമിട്ടുതരുകയായിരുന്നു.
ആ വീട്ടിലെ ഓണം ഇപ്പോഴും ഓര്‍മയിലുണ്ട്്. ഉച്ചഭക്ഷണസമയത്ത്് അച്ഛന്‍ ആദ്യത്തെ ചോറുരുള എടുത്ത് അമ്മയ്ക്കുകൊടുക്കും; അമ്മ തിരിച്ചും. പിന്നെ ഞങ്ങള്‍ക്ക് അമ്മ തരും. എല്ലാ അമ്മമാരുടെയും വിരല്‍തൊട്ട ചോറിന് ഒരു അധികസ്വാദുണ്ടായിരിക്കും. അതാസ്വദിച്ച് പലതും പറഞ്ഞ് സന്തോഷത്തോടെ ഞങ്ങളുടെ സദ്യ തീരും. ആ കൂട്ടത്തില്‍നിന്ന് ആദ്യം സഹോദരന്‍ ഞങ്ങളെ വിട്ടുപിരിഞ്ഞ് പോയപ്പോള്‍ ഒരു കസേര ഒഴിഞ്ഞുകിടന്നു. പിന്നീട് അച്ഛനും വിടപറഞ്ഞപ്പോള്‍ ഞാനും അമ്മയും മാത്രമായി. എല്ലാ ഓണത്തിനും അമ്മ കാത്തിരിക്കും. എവിടെനിന്നാണെങ്കിലും ഞാന്‍ എത്തും. ആദ്യ ഉരുള അമ്മ എന്റെ വായില്‍വെച്ചുതരും. അധികസ്വാദ് ആസ്വദിച്ച് ഞാനത് കഴിക്കും.
ഓണത്തില്‍ വലിയരീതിയിലുള്ള ഒരു തിരിച്ചുവരവുകള്‍ ഉണ്ട്്. മഹാബലിപോലും തിരിച്ചുവരുകയാണ് . വീട്ടിലേക്ക് അല്ലെങ്കില്‍ വേരിലേക്ക്് തിരിച്ചെത്തുക എന്നതാണത്. ജീവിക്കാനായി എങ്ങോട്ടൊക്കെയോ പോയവരില്‍ വലിയൊരു ഭാഗം അവര്‍ പിറന്നുവളര്‍ന്ന ചുറ്റുപാടുകളിലേക്ക്്് ഈ ദിവസം തിരിച്ചെത്താന്‍ ശ്രമിക്കുന്നു. പറന്നുപോയ പക്ഷികള്‍ കൂട്ടിലേക്ക് തിരിച്ചുവരുന്നതുപോലെ. ഓണക്കാലത്ത് നാട്ടിലെത്താന്‍ വെമ്പുന്ന എത്രയോ പ്രവാസിമലയാളികളെ ലോകമെങ്ങും ഞാന്‍ കണ്ടിട്ടുണ്ട്്. ആരൊക്കെയോ, എന്തൊക്കെയോ അവരെ നാട്ടിലും വീട്ടിലും കാത്തിരിക്കുന്നു. അതിന് സാധിക്കാത്തവര്‍ ആ സങ്കടത്തെ താമസിക്കുന്ന ഇടങ്ങളില്‍ ഒരു തുരുത്തുണ്ടാക്കി മറികടക്കുന്നു. ഗൃഹാതുരത്വം എന്ന ലാഘവമുള്ള പദം ഉപയോഗിച്ച് ഈ തിരിച്ചുവരവുകളെ ചെറുതാക്കിക്കാണിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്്. സൂക്ഷ്മമായി അനുഭവിച്ചാല്‍ അതിലുമൊക്കെ ആഴത്തിലുള്ളതാണ് ആ അവസ്ഥ. ഓരോ ഓണത്തിനും വീട്ടിലെത്തുമ്പോള്‍ ഞാനത് അനുഭവിച്ചിട്ടുണ്ട്്. എല്ലായ്പോഴും ആ അനുഭവത്തെ ഞാന്‍ വിലമതിച്ചിട്ടുമുണ്ട്്. അതുംകൂടിചേരുമ്പോഴാണ് നാം മലയാളിയും മനുഷ്യനുമെല്ലാമാവുന്നത്.
എന്റെ അമ്മ കുറച്ച് വര്‍ഷങ്ങളായി കിടപ്പിലാണ്. ധാരാളം സംസാരിക്കുമായിരുന്ന അമ്മയ്ക്ക് ഇപ്പോള്‍ സംസാരിക്കാന്‍ സാധിക്കില്ല. കണ്ണുകളിലൂടെയാണ് ഞാനും അമ്മയും ഇപ്പോള്‍ കൂടുതല്‍ മിണ്ടാറുള്ളത്. കണ്ണില്‍ക്കണ്ണില്‍ നോക്കിയിരുന്നാണ് ഞാനാ സ്‌നേഹവും വാത്സല്യവും അറിയുന്നത്. ചിലപ്പോള്‍ അമ്മ എന്നെ ഒന്ന് തൊടും, തല ഒന്നിളക്കും. അതിലൊക്കെ ഇപ്പോള്‍ ഒരു ഭാഷ തിരിച്ചറിയാന്‍ എനിക്ക് സാധിക്കുന്നു. പണ്ട് അമ്മ എനിക്ക് ഉരുള ഉരുട്ടിത്തന്നതുപോലെ ഞാന്‍ അമ്മയ്ക്ക് ഉരുള നല്‍കും. ഞാനും ഭാര്യ സുചിത്രയും കഴിക്കുന്നത് നോക്കി അമ്മ കിടക്കും. തൊട്ടിരിക്കുക എന്ന് പറയാറില്ലേ. ആ തൊടലിലൂടെ ഒരുപാടുകാര്യങ്ങള്‍ അമ്മ പറയാതെ പറയുന്നുണ്ടാവണം. അങ്ങനെ അമ്മയുടെ അടുത്തിരിക്കുമ്പോള്‍ ജീവിതത്തിന്റെ ഒരു ചക്രം പൂര്‍ത്തിയാവുന്നത് ഞാന്‍ അറിയുന്നു, അനുഭവിക്കുന്നു. ഞാനതില്‍ എന്നെക്കാണുന്നു; മനുഷ്യജീവിതം കാണുന്നു.
രണ്ടാഴ്ചമുമ്പ് അമ്മയ്ക്ക് ഒരു ഓപ്പറേഷന്‍ വേണ്ടിവന്നു. ഇതിനകം അമ്മ ആശുപത്രിയില്‍നിന്ന് തിരിച്ചെത്തേണ്ടതായിരുന്നു. ഷൂട്ടിങ്ങിനായി മൈസൂരുവിലായിരുന്ന ഞാന്‍ ഓടിപ്പിടിച്ച്്് ഞായറാഴ്ച കൊച്ചിയിലെത്തി. തിരുവോണ ദിവസത്തെ മാതൃഭൂമിക്കുവേണ്ടി ഈ കുറിപ്പെഴുതുമ്പോഴും ആശുപത്രിയില്‍നിന്ന് അമ്മ വീട്ടിലെത്തിയിട്ടില്ല. പണ്ട് തിരുവോണദിനത്തലേന്ന് അമ്മ എന്നെക്കാത്തിരിക്കാറുള്ളതുപോലെ ഇപ്പോള്‍ ഞാന്‍ അമ്മയെ കാത്തിരിക്കുന്നു. തിരുവോണദിനം രാവിലെ നിങ്ങളിത് വായിക്കുമ്പോഴേക്കും അമ്മ ആശുപത്രിയില്‍നിന്ന് വീട്ടിലെത്തിയിട്ടുണ്ടാവും -എന്നെയും സുചിത്രയെയും സ്‌നേഹംകൊണ്ട് തൊട്ടിരിക്കാന്‍, ഒരു നുള്ള് മധുരം ഞങ്ങളുടെ ചുണ്ടില്‍ത്തരാന്‍. ആ നിമിഷത്തിനു വേണ്ടിയുള്ള വെമ്പല്‍ വേദനയ്ക്കിടയിലും മനസ്സിനെ തണുപ്പിക്കുന്നു. അങ്ങനെ ഒരിക്കല്‍ക്കൂടി ഓണനാളില്‍ അമ്മയിലേക്ക് ഞാന്‍ തിരിച്ചെത്തുന്നു.
Content Highlights: actor mohanlal onam memories
Published: 29 Aug 2023, 04:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented