ചാനാരിയിലെ വീട്ടില്‍ പ്രകാശനും ഭാര്യ പ്രമീളയും തത്തകള്‍ക്ക് മുടക്കമില്ലാതെ ഭക്ഷണംകൊടുക്കാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷം. എല്ലാ തത്തകളും പ്രകാശനിപ്പോള്‍ മണിക്കുട്ടിയാണ്. ഈ പേരില്‍ ഒരു തത്തയെ പണ്ട് കൂട്ടില്‍ വളര്‍ത്തിയിരുന്നു. അതിന് തീറ്റയായി നെല്ല് കൊടുക്കുമായിരുന്നു. അത് തിന്നാന്‍ ഒന്നുരണ്ട് തത്തകള്‍ ആദ്യം വന്നു. പിന്നെ അമ്പതായി, നൂറായി. പിന്നെയും എണ്ണം കൂടിക്കൂടി വന്നു. അതോടെ തീറ്റയായി നെല്ല് കൂടിനുപുറത്ത് കൊടുക്കാന്‍ തുടങ്ങി. പിന്നീടൊരിക്കല്‍ വളര്‍ത്തുതത്ത മണിക്കുട്ടിയെ കാണാതായി. അതില്‍പ്പിന്നെ തത്തകളെ കൂട്ടിലിട്ട് വളര്‍ത്തിയിട്ടില്ല.

To advertise here,

മഴക്കാലത്താണ് ഏറ്റവും കൂടുതല്‍ തത്തകള്‍ വന്നെത്തുക. രാവിലെ ആറരയാവുമ്പോഴേക്ക് വീടിനടുത്തുള്ള കൊന്നമരത്തിലും വീടിന്റെ ചുറ്റുമതിലിലും തത്തകള്‍ വരിനില്‍ക്കാന്‍ തുടങ്ങും. വൈകീട്ട് അഞ്ച് മണിമുതലും ഇതേപോലെ തിരക്കുകൂട്ടും തത്തക്കൂട്ടം. തീറ്റയായി നെല്ലും പയറും പഴവുമൊക്കെയാണ് നല്‍കുന്നത്. വലിയങ്ങാടിയില്‍നിന്ന് വാങ്ങിക്കുന്ന നെല്ല് കഴുകി വൃത്തിയാക്കിയാണ് തത്തകള്‍ക്ക് നല്‍കുന്നത്. തീറ്റകൊടുക്കാന്‍ വീടിന്റെ ചുറ്റുമതിലില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കോവിഡ് സമയത്ത് നെല്ലുകിട്ടാന്‍ പ്രയാസംനേരിട്ടപ്പോള്‍ പൂജ സ്റ്റോഴ്സ് ഉടമകളും മറ്റും സ്‌പോണ്‍സര്‍ ചെയ്തു.

തത്തകളോടുള്ള ഇഷ്ടം കാരണം വീടിനും ചുറ്റുമതിലിനും പച്ചനിറമാക്കി. കോഴിക്കോട് ഫോട്ടോടെക് സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറാണ് പ്രകാശന്‍. മക്കളായ ദീപികയും ദില്‍നയും പേരക്കുട്ടികളും തത്തകള്‍ക്ക് വിരുന്നൊരുക്കാന്‍ മുന്നിലുണ്ട്.