മണ്‍സൂണില്‍ സ്റ്റെലിഷായിരിക്കാന്‍ വസ്ത്രങ്ങള്‍ക്കൊപ്പം ഫുട്‌വെയറും ട്രെന്‍ഡിയാക്കണം. ഷൂസും ലെതര്‍ ഹീല്‍ ചെരിപ്പുകളുമെല്ലാം മഴയില്‍ കുതിര്‍ന്നുപോകാതെ മാറ്റിവെയ്ക്കാം. അല്ലെങ്കില്‍ ചെരുപ്പിനൊപ്പം ആരോഗ്യവും വഷളാകും. ലെതര്‍ ഷൂസുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരും ശ്രദ്ധിക്കണം. ഈര്‍പ്പമുള്ള ലെതര്‍ പാദരക്ഷകള്‍ അണുബാധയുണ്ടാക്കും.

To advertise here,

ഗ്രിപ്പുള്ളതും കംഫര്‍ട്ട് ഫിറ്റിങ്ങുള്ളതുമായ പാദരക്ഷകളാണ് മണ്‍സൂണ്‍ കാലത്ത് വാങ്ങേണ്ടത്. ക്രോക്‌സും ഫ്‌ളോട്ടേഴ്‌സും മഴയത്ത് നല്ലതാണെങ്കിലും ഫാഷന്‍പ്രേമികള്‍ക്ക് മുന്നില്‍ ഒട്ടേറെ ഓപ്ഷനുകളുണ്ട്. മഴയത്ത് സ്റ്റൈലിഷായിരിക്കുന്നതിനൊപ്പം പാദങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ക്ലോഗ് അഡിക്ഷന്‍

മഴയെത്ര കൊണ്ട് നടക്കാനും ക്ലോഗ് സൂപ്പര്‍ ചോയ്‌സാണ്. നനഞ്ഞാല്‍ കുതിര്‍ന്ന് പോകില്ലെന്നുള്ളത് ഇതിനോടുള്ള പ്രിയം കൂട്ടുന്നു. ക്ലോഗും സ്‌ളൈഡറും എല്ലാത്തരം ഔട്ട്്ഫിറ്റിനൊപ്പം സ്റ്റൈല്‍ ചെയ്യാനും എളുപ്പമാണ്. ക്രോക്‌സ് പ്രേമികള്‍ക്കും മഴക്കാലം സെയ്ഫാണ്. സാരിക്കൊപ്പം ക്ലോഗ് അണിയുന്നതും ട്രെന്‍ഡാണ്. നിറങ്ങളിലും ഡിസൈനിലും വെറൈറ്റി പരീക്ഷിക്കാനും പറ്റിയ സമയം കൂടിയാണ് മണ്‍സൂണ്‍ കാലം. നിയോണ്‍ ക്ലോഗ് നിങ്ങളുടെ കാലുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കിവെയ്ക്കും. വൃത്തിയാക്കാനും എളുപ്പമാണ് ഈ പാദരക്ഷകള്‍. 

ബൂട്ട്‌സ് സെയ്ഫാണ്

റെയിന്‍ ബൂട്ട്‌സും ജെല്ലി ഷൂസുകളും മഴക്കാലത്ത് അണിയാന്‍ ശ്രദ്ധിക്കാം. റബ്ബര്‍ ബൂട്ട്‌സുകളിലും ട്രെന്‍ഡി ക്‌ളകഷ്ന്‍ നമുക്ക് മുന്നിലുണ്ട്. എല്ലാത്തരം ഔട്ട്ഫിറ്റുകള്‍ക്കൊപ്പവും സ്റ്റൈല്‍ ചെയ്യാവുന്നതാണ് ജെല്ലി സ്‌ളൈഡുകള്‍. വാട്ടര്‍ പ്രൂഫ് മെറ്റീരിയല്‍ ഉപയോഗിച്ചുള്ള ട്രെന്‍ഡി സാന്‍ഡലുകള്‍ വാങ്ങാനും ശ്രദ്ധിക്കാം. 

ഗ്ലാഡിയേറ്റര്‍, ഓപ്പണ്‍ സാന്‍ഡല്‍, ജെല്ലി ഷൂസ്, സിലിക്കണ്‍ ഷൂസ്, പിവിസി ബൂട്ട്‌സ്, ഗംബൂട്ട്‌സ്, ഫ്‌ളിപ് ഫ്‌ളോപ്, സ്ലിപ് ഓണ്‍സ് എന്നിവയും പെര്‍ഫെക്ടാണ്. റബ്ബര്‍ പാദരക്ഷകളില്‍ ട്രെന്‍ഡിയും കളര്‍ഫുള്ളുമായ വലിയ ശേഖരം വിപണിയില്‍ ലഭ്യമാണ്. പാദം മുഴുവന്‍ മൂടുന്ന സിലിക്കണ്‍ ബൂട്ട്‌സുകള്‍ മഴക്കാലത്ത് നല്ലതാണ്. ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ക്കൊപ്പം കളര്‍ഫുള്‍ ബൂട്ട്‌സും കൂടിയണിഞ്ഞാല്‍ നിങ്ങളാകും സെന്റര്‍ ഓഫ് അട്രാക്ഷന്‍.

ഫ്‌ളോട്ടര്‍ സാന്‍ഡലുകളും സെമി ഫോര്‍മല്‍ വസ്ത്രങ്ങളുടെ കൂടെ സ്‌റ്റൈല്‍ ചെയ്യാം. ഗം ബൂട്ടുകള്‍ ഉള്ളിലേക്ക് മലിനജലം കടക്കാതെ പാദങ്ങള്‍ക്ക് സംരക്ഷണം തീര്‍ക്കും. 

ഫ്‌ളിപ്പ് ഫ്‌ളോപ്പ് എടുക്കാം

ഫ്‌ളിപ്പ് ഫ്‌ളോപ്പ് ഒരു കംഫര്‍ട്ടബ്‌ളായ പാദരക്ഷയാണ്. ബ്രൈറ്റ് കളര്‍ ഫ്‌ളിപ് ഫ്‌ളോപുകളോട് ഫാഷന്‍ പ്രേമികള്‍ക്ക് പ്രത്യേക ഇഷ്ടമുണ്ട്. വസ്ത്രത്തില്‍ ചെളിയും വെള്ളവും തെറിക്കുന്നുവെന്നുള്ള ഭയമുണ്ടെങ്കില്‍ സ്ട്രാപ്പുള്ള തരത്തിലുള്ള ഫ്‌ളിപ്പ് ഫ്‌ളോപ്പുകള്‍ വാങ്ങാം. ഫ്‌ളോറല്‍ ഫ്‌ളിപ്പ് ഫ്‌ളോപ്പുകള്‍ കൂള്‍ ലുക്ക് നല്‍കും.

ഹീല്‍സ് എടുക്കും മുമ്പ്

മഴക്കാലത്ത് ഹീല്‍സ് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ വഴുതി വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടി വരും. പിവിസി സോള്‍, ജെല്ലി സ്ട്രാപ്പുള്ള ഹീലുകള്‍ വേണം മഴക്കാലത്ത് അണിയാന്‍ ശ്രദ്ധിക്കേണ്ടത്. 

കാലിന്റെ ആരോഗ്യം

പാദരക്ഷകള്‍ക്കൊപ്പം കാലിന്റെ ആരോഗ്യത്തിലും ശ്രദ്ധ വേണം. മഴക്കാലത്ത് ചെരിപ്പ് അണിയുമ്പോള്‍ ഈര്‍പ്പം മൂലം ദുര്‍ഗന്ധം ഉണ്ടാകാന്‍ സാധ്യതയുണ്ട്.  ഇത് അകറ്റാന്‍ ദിവസവും സോപ്പും ചെറുചൂട് വെള്ളവും ഉപയോഗിച്ച് പാദങ്ങള്‍ കഴുകണം. പതിവായി പെഡിക്യൂര്‍ ചെയ്യുന്നതും ഗുണം ചെയ്യും. കാല്‍വിരലുകളുടെ നഖങ്ങള്‍ ചെറുതാക്കി വെയ്ക്കണം. കാലില്‍ ചൊറിച്ചിലോ തിണര്‍പ്പോ ഉണ്ടെങ്കില്‍ വായുസഞ്ചാരം ലഭിക്കുന്ന ചെരുപ്പിലേക്ക് മാറണം. ഒപ്പം ആന്റിഫംഗല്‍ പൗഡറും ഉപയോഗിക്കാം. നനഞ്ഞ സോക്‌സും ഷൂസും ഉടന്‍ മാറ്റി കാലുകള്‍ വൃത്തിയാക്കണം.