
സദ്ഗുരുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് മനോഹരമായ ഫ്ലോറൽ സാരി തിരഞ്ഞെടുത്ത് നടി തമന്ന ഭാട്ടിയ. പിങ്ക് നിറത്തിലുള്ള സാരിയിൽ കൈകൊണ്ട് വരച്ച ലില്ലി, പാരിജാതം പൂക്കളുടെ ഡിസൈനുകളും മുത്തുകളുടെ അലങ്കാരവുമാണ് താരത്തിന്റെ ലുക്കിന് പ്രത്യേക ഭംഗി നൽകിയത്. സാരിയുടെ വിലയാണ് ഫാഷൻ ലോകത്ത് ശ്രദ്ധ നേടിയത്. 65,500 രൂപയാണ് ഈ വസ്ത്രത്തിന്റെ വില. മുംബൈയിലെ ഫെയർമോണ്ട് ഹോട്ടലിൽ നടന്ന സദ്ഗുരുവിന്റെ ഫോട്ടോബുക്കായ 'ഡിസപ്പിയറിങ് ഫേസസ്' സംബന്ധിച്ച ചർച്ചയിൽ പങ്കെടുക്കാനാണ് തമന്ന എത്തിയത്. സംവിധായകൻ വിശാൽ ഭരദ്വാജും പരിപാടിയുടെ ഭാഗമായിരുന്നു. ഹിമാലയൻ യാത്രകൾക്കിടെ, പ്രത്യേകിച്ച് ടിബറ്റിലും നേപ്പാളിലും നടത്തിയ യാത്രകളിൽ സദ്ഗുരു കഴിഞ്ഞ 50 വർഷത്തിനിടെ പകർത്തിയ ചിത്രങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. പരിപാടിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും തമന്ന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ചില സംഭാഷണങ്ങൾ ഏറെക്കാലം മനസ്സിൽ തങ്ങിനിൽക്കുമെന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.
65,500 രൂപയുടെ ഫ്ലോറൽ സാരി
സെലിബ്രിറ്റികൾക്കിടയിൽ ഏറെ പ്രിയപ്പെട്ട ഡിസൈനർ ബ്രാൻഡായ പിച്ചിക്കയുടെ പ്രത്യേക ശേഖരത്തിൽ നിന്നുള്ളതാണ് തമന്നയുടെ സാരി. ആലിയ ഭട്ട്, കരീന കപൂർ ഖാൻ, ജാൻവി കപൂർ, കാജോൾ, മാധുരി ദീക്ഷിത് തുടങ്ങിയ താരങ്ങളും ഈ ബ്രാൻഡിന്റെ വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട്. ഡൾ റോസ് നിറത്തിലുള്ള സാരിയിൽ ലില്ലി, വെള്ള പാരിജാതം പൂക്കളുടെ കൈകൊണ്ട് അച്ചടിച്ച ഡിസൈനുകളാണുള്ളത്. ഇറ്റാലിയൻ പ്യുവർ സിൽക്ക് ഓർഗൻസയിലാണ് സാരി ഒരുക്കിയിരിക്കുന്നത്. സുതാര്യമായ തുണിയിൽ നൽകിയ മുത്തുകളുടെ അലങ്കാരം വസ്ത്രത്തിന് കൂടുതൽ ആഡംബരഭംഗി നൽകുന്നു. പൂക്കളുടെ തണ്ടുകളിൽ ഗോൾഡൻ ഗോറ്റാ വർക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. സാരിക്കൊപ്പം ലില്ലി, പാരിജാതം ഡിസൈനുകൾ കൈകൊണ്ട് പ്രിന്റ് ചെയ്ത കോട്ട സിൽക്ക് സൈഡ് ദുപ്പട്ടയും തമന്ന അണിഞ്ഞു. സ്വർണനിറത്തിലുള്ള സൂക്ഷ്മമായ അലങ്കാരപ്പണികളും ദുപ്പട്ടയിലുണ്ട്. തമന്ന സ്വന്തം ബ്രാൻഡായ തമന്ന ഫൈൻ ജ്വല്ലറിയിൽ നിന്നുള്ള നെക്ലേസ്, കമ്മലുകൾ, ഒന്നിലധികം സ്വർണവളകൾ എന്നിവയാണ് ആഭരണങ്ങളായി തിരഞ്ഞെടുത്തത്. മേക്കപ്പിൽ മാറ്റ്-ഡ്യൂവി ബേസ്, പിങ്ക് ബ്ലഷ്, ഇളം പിങ്ക് ലിപ്സ്റ്റിക്, ഐലൈനർ, മസ്‌കാര, പിങ്ക് ഐഷാഡോ എന്നിവയായിരുന്നു പ്രധാനമായും ഉൾപ്പെട്ടത്. നെറ്റിയിലെ ചുവന്ന പൊട്ടും ലുക്കിന് പരമ്പരാഗത ഭംഗി നൽകി.
തമന്നയുടെ ചോദ്യം
ഫാഷൻ വിശേഷങ്ങൾക്കപ്പുറം സദ്ഗുരുവുമായുള്ള സംഭാഷണവും പരിപാടിയിൽ ശ്രദ്ധേയമായി. കാലം കടന്നുപോകുന്നത് സ്വാഭാവികമായ കാര്യമാണെങ്കിലും അതിനെ അംഗീകരിക്കാൻ സമൂഹം മടിക്കുന്നത് എന്തുകൊണ്ടാണെന്നായിരുന്നു തമന്നയുടെ ചോദ്യം. 'ഒഴിവാക്കാനാകാത്ത ഒന്നാണ് കാലത്തിന്റെ കടന്നുപോക്ക്. പിന്നെ എന്തുകൊണ്ടാണ് നമ്മൾ അതിനെ അംഗീകരിക്കാത്തത്?' എന്നായിരുന്നു താരത്തിന്റെ ചോദ്യം. ഇതിന് മറുപടിയായി, ഇന്ത്യയിൽ അടുത്തകാലത്തായി രൂപപ്പെട്ട പ്രവണതയാണിതെന്ന് സദ്ഗുരു പറഞ്ഞു. മുൻകാലങ്ങളിൽ സ്ത്രീകളും പുരുഷന്മാരും പ്രായമാകുന്നതിനെ സ്വാഭാവികമായി സ്വീകരിച്ചിരുന്നുവെന്നും എന്നാൽ പാശ്ചാത്യ ആശയങ്ങൾ സ്വാധീനിച്ചതോടെ ഹോർമോണുകൾക്ക് അമിതപ്രാധാന്യം നൽകുന്ന കാഴ്ചപ്പാട് വളർന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൗവനത്തിനും ഹോർമോൺ പ്രവർത്തനം ഏറ്റവും ഉയർന്നുനിൽക്കുന്ന പ്രായത്തിനും സമൂഹം അമിതപ്രാധാന്യം നൽകുകയാണെന്നും ജീവിതത്തിന്റെ ഒരു വശംമാത്രം എല്ലാമായി കാണുമ്പോൾ ജീവിതം അസന്തുലിതമാകുമെന്നും സദ്ഗുരു കൂട്ടിച്ചേർത്തു.
Content Highlights: Tamannaah Bhatia wore a Rs 65,500 hand-painted floral organza saree by Pichika., She attended Sadhguru's 'Disappearing Faces' photobook discussion in Mumbai., The saree featured delicate lily and parijata flower designs with pearl embellishments., Tamannaah engaged in a thoughtful conversation with Sadhguru about aging and time.
Published: 29 Nov 2026, 12:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented