പാലക്കാട് ജില്ലയിലെ വെള്ളിനേഴി എന്ന ഗ്രാമം നമ്മുടെ സാംസ്‌കാരിക ഭൂപടത്തിൽ അടയാളപ്പെട്ടിരിക്കുന്നത് കഥകളി എന്ന വിശ്വവശ്യകലയിൽ മുടിചൂടിയ മന്നന്മാരായി വിലസിയ കലാകാരന്മാരുടെ ജന്മനാട് എന്നനിലയിലാണ്. ഒളപ്പമണ്ണ മനയാൽ സംരക്ഷിതകവചം തീർത്തിരുന്ന വള്ളുവനാടിന്റെ ഈ സൗഭാഗ്യഭൂമിയിലേക്കാണ് അരനൂറ്റാണ്ടിനപ്പുറം മട്ടന്നൂർ ശങ്കരൻകുട്ടി എന്ന കൗമാരക്കാരൻ കടന്നുവന്ന് ചെർപ്പുളശ്ശേരിയിലെ പുത്തനാലുക്കൽ ക്ഷേത്രത്തിൽ തായമ്പക കൊട്ടിയത്. കേൾവിക്കാരായെത്തിയ ആലിപ്പറമ്പിൽ ശിവരാമപ്പൊതുവാൾക്കും കൃഷ്ണപ്പൊതുവാൾക്കും പയ്യന്റെ കൊട്ട് ബോധിച്ചു. അധികം വൈകാതെ കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ ‘വടക്കനാ, മിടുക്കനാ’ എന്ന് മട്ടന്നൂരിനെ വെള്ളിനേഴിക്കാർക്ക് ഒന്നുകൂടി പരിചയപ്പെടുത്തി. കാണെക്കാണെ വള്ളുവനാടിനെ മട്ടന്നൂർ ശങ്കരൻകുട്ടി തന്റെ കർമഭൂമിയാക്കി. ആലിപ്പറമ്പിൽ ശിവരാമപ്പൊതുവാളുടെയും തൃത്താല കേശവപ്പൊതുവാളുടെയും ചിലപ്പോഴൊക്കെ പൂക്കാട്ടിരി ദിവാകരപ്പൊതുവാളുടെയും ഇരട്ടത്തായമ്പകയിൽ അവർക്ക് പ്രിയപ്പെട്ട പങ്കാളിയായി. തായമ്പകയിലെ പല്ലാവൂർ പാരമ്പര്യം വെന്നിക്കൊടി പാറിച്ച അടന്തക്കൂറിനെ മട്ടന്നൂർ വള്ളുവനാടിന്റെ തടുക്കാനാവാത്ത പ്രലോഭനമാക്കി മാറ്റി. ആചാര്യന്മാർ ഒന്നൊന്നായി കഥാവശേഷരായപ്പോൾ ശങ്കരൻകുട്ടി മട്ടന്നൂർ ശങ്കരൻകുട്ടിമാരാരായി. മക്കളായ ശ്രീകാന്തും ശ്രീരാജും ചേർന്നപ്പോൾ ട്രിപ്പിൾ തായമ്പക ജനകീയമായി. മധ്യകേരളത്തിന് വടക്കോട്ട് സ്വാഭാവികമായും തെക്കോട്ട് അസ്വാഭാവികമായും തായമ്പക പടർന്നുപന്തലിച്ചു. ക്രമേണ ദേശസീമകളെ ലംഘിച്ച ഇവരുടെ സ്വരലയരത്‌നാകരം ലോക സാംസ്‌കാരികവേദികളിൽ ചെണ്ട എന്ന വാദ്യത്തെ പ്രതിഷ്ഠിച്ചു. തബലയ്ക്കും ഡ്രമ്മിനും മൃദംഗത്തിനും വയലിനും സിത്താറിനുമൊപ്പം കൊച്ചുകേരളത്തിന്റെ പ്രൗഢശബ്ദമായി ചെണ്ട ലോകത്തിലെ സാംസ്‌കാരികമഹോത്സവങ്ങളിൽ മുഴങ്ങി. ഉസ്താദ് സാക്കിർ ഹുസൈനും ശിവമണിക്കും കാരൈക്കുടി മണിക്കും ചെണ്ടയുടെ നാദപ്രഭ നേരിട്ടനുഭവിക്കാൻ കഴിഞ്ഞു.

To advertise here,

‘മാതൃഭൂമി’ക്കുവേണ്ടി നടത്തിയ സുദീർഘമായ ഈ സംഭാഷണത്തിൽ മട്ടന്നൂർ താൻ പിന്നിട്ട വഴികളിലേക്കും അനുഭവിച്ച ക്ലേശങ്ങളിലേക്കും കൈവന്ന സൗഭാഗ്യങ്ങളിലേക്കും തിരിഞ്ഞുനോക്കുന്നു. ഒപ്പം തന്നെ താനാക്കിയ ആചാര്യന്മാരെയും സാഹചര്യങ്ങളെയും സന്ദർഭങ്ങളെയും ഓർത്തെടുക്കുന്നു. ചില ചോദ്യങ്ങൾക്ക് അദ്ദേഹം തന്റെ മറുപടി ധ്വന്യാത്മകമായ മന്ദസ്മിതത്തിലൊതുക്കി.

മട്ടന്നൂർ എന്നാൽ, മലയാളിക്കിന്ന് വടക്കേ മലബാറിലെ ഒരു സ്ഥലം മാത്രമല്ല. അതിലുപരി മധുരമായ നാദമാണ്. ചെണ്ട എന്ന വാദ്യത്തെ ശ്രുതിശുദ്ധവും ജനകീയവുമാക്കിമാറ്റിയ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരാണ്‌ ദേശനാമത്തെ നാദസ്മരണയാക്കിയത്. കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി മട്ടന്നൂർ, ചെണ്ടയുടെ പര്യായമായി നമുക്കിടയിലുണ്ട്. തലയെടുപ്പുള്ള ഗജവീരന്മാരെപ്പോലെത്തന്നെ നമ്മുടെ ഉത്സവങ്ങൾക്ക് മട്ടന്നൂരിന്റെ തായമ്പകയും മേളവും പ്രൗഢിയേറ്റുന്നു. ആഴമേറിയ ഈ സംഭാഷണത്തിൽ മട്ടന്നൂർ ചെണ്ടയുടെ ലോകം തുറന്നിടുന്നു...

മട്ടന്നൂരിലെ കുട്ടിക്കാലം

= മട്ടന്നൂർ മഹാദേവക്ഷേത്രമടക്കം ആ ദേശം മുഴുവൻ ഭരിച്ചിരുന്നത് ബ്രാഹ്മണനും അധികാരിയും ഭൂവുടമയുമായിരുന്ന മട്ടന്നൂർ മധുസൂദനൻ തങ്ങളായിരുന്നു. തങ്ങൾ എന്നത് സ്ഥാനപ്പേര്. എന്റെ അച്ഛൻ മട്ടന്നൂർ കുഞ്ഞികൃഷ്ണമാരാർക്ക് അമ്പലത്തിൽ അടിയന്തിരമായിരുന്നു പ്രവൃത്തി. കൂടാതെ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സെക്രട്ടറിയും. ചെണ്ടയിൽ അച്ഛനാണെന്റെ ഗുരുനാഥൻ. അഞ്ചുവയസ്സിൽത്തന്നെ അമ്പലത്തിൽ ഞാൻ പൂജെക്കാട്ടുതുടങ്ങി. അവിടെ അടിയന്തിരത്തിന് ചെണ്ടയും ചേങ്ങിലയും തിമിലയും മാത്രം. ‘അടിയന്തിരം’ കഴിഞ്ഞാലുടൻ സ്‌കൂളിലേക്ക്‌. തിരിച്ചുവന്നാൽ രാത്രിയാണ് അച്ഛന്റെ ചെണ്ടക്ലാസ്. പഠിപ്പിച്ചുതരുന്ന എണ്ണം പഠിച്ച് കൊട്ടിക്കേൾപ്പിച്ചതിനുശേഷംമാത്രമേ ഉറങ്ങാവൂ. ഉറങ്ങാനുള്ള തിടുക്കംകൊണ്ട് ഞാൻ എണ്ണങ്ങളോരോന്നും ദ്രുതഗതിയിൽ പഠിച്ചു. അതിനിടയ്ക്ക് അരങ്ങേറ്റത്തായമ്പക നടത്തി. പതികാലം, മുറുകിയ ചമ്പക്കൂറ്. ഇടവട്ടം. ഇടനില. ഇരികിട. പന്ത്രണ്ട് വയസ്സായി. എനിക്ക്‌ മട്ടന്നൂർദേശം മടുത്തു. എങ്ങനെയെങ്കിലും അവിടെനിന്ന് രക്ഷപ്പെടണമെന്ന തോന്നലായി. ഇതിനിടയിൽ തലശ്ശേരി പത്മനാഭൻ ഭാഗവതരുടെ കീഴിൽ രണ്ടുകൊല്ലം സംഗീതവും മാടായിക്കാവ് ശങ്കരമാരാരുടെ കീഴിൽ ‘പാണി’യും പഠിച്ചു. ഇദ്ദേഹം പ്രഗല്‌ഭനായ തായമ്പകക്കാരനായിരുന്നു. ഇടംകൈനാദം ഗംഭീരം!

പത്തിരിപ്പാലയിലെ പേരൂർ ഗാന്ധിസേവാസദനത്തിൽ എത്തിച്ചേരാനുണ്ടായ സാഹചര്യം എന്തായിരുന്നു...?

= എന്റെ അമ്മയുടെ അമ്മാവന്റെ മകൻ മട്ടന്നൂർ രാമചന്ദ്രൻ അക്കാലത്ത് സദനത്തിൽ മദ്ദളവിദ്യാർഥി. വേനലവധിക്ക്‌ നാട്ടിൽവന്നപ്പോൾ ചന്ദ്രേട്ടനാണ് എന്നെ സദനത്തിൽ ചെണ്ട പഠിക്കാൻ ചേർത്താലോ എന്ന് അച്ഛനോട് ചോദിച്ചത്. സദനത്തിലാവുമ്പോൾ സ്‌കൂൾ പഠനം മുടങ്ങില്ല. കലാമണ്ഡലത്തിൽ അതില്ല. അച്ഛൻ സമ്മതിച്ചു. എനിക്കാണെങ്കിൽ നാടുവിടാമല്ലോ എന്ന സന്തോഷം. ‘സദന’ത്തിൽ വന്നപ്പോൾ സന്തോഷമൊക്കെ പോയി. നന്നേ വെളുപ്പിന് മൂന്നുമണിക്ക്‌ സാധകം തുടങ്ങും. ചന്ദ്രമന്നാടിയാരാശാനാണ് അധ്യാപകൻ. വാസുവേട്ടൻ (സദനം വാസുദേവൻ) സീനിയർ വിദ്യാർഥി. മന്നാടിയരാശാൻ ആദ്യം എന്നെ പഠിപ്പിച്ചത് ‘കിടതകിതാം’. ഒറ്റപ്രാവശ്യം കൊണ്ടുതന്നെ അതു ഞാൻ പഠിച്ചു. തുടർന്ന് വഴിക്ക്‌ വഴിക്ക്‌ പുറപ്പാട്, മേളപ്പദം. അത്രയുമായപ്പോഴേക്കും മന്നാടിയാരാശാന് കലാമണ്ഡലത്തിൽ ജോലികിട്ടി. പിന്നീട് കഥകളിക്കൊട്ടിന്റെ സകലസങ്കേതങ്ങളും എനിക്കു പഠിപ്പിച്ചുതന്നത് വാസുവേട്ടൻ. കീഴ്പടം കുമാരൻനായരാശാനും കെ.ജി. വാസുവാശാനും കുറച്ചുകാലം അവിടെ ഉണ്ടായിരുന്നു. ഞാനുള്ളപ്പോൾ പ്രധാനമായും ചൊല്ലിയാടിച്ചിരുന്നത് നരിപ്പറ്റ നാരായണൻ നമ്പൂതിരിയായിരുന്നു. സ്‌കൂൾ പഠിത്തവും കളരിയിൽ ചൊല്ലിയാട്ടത്തിനു കൊട്ടലുമൊക്കെയായി ഞാൻ വലഞ്ഞു.

ഇടയ്ക്കവാദനത്തിലെ വിരാട് പുരുഷനായിരുന്ന പട്ടരാത്ത് ശങ്കരമാരാരുടെ ശിഷ്യനാവാനുള്ള പ്രേരണ?

= സദനത്തിൽനിന്ന് കളിക്കൊട്ടിന്റെ കോഴ്സും പത്താം ക്ലാസും പാസായി. ഇനി എന്താ വേണ്ടത്? നാട്ടിലേക്കു തിരിച്ചുപോവാൻ താത്‌പര്യം തോന്നിയില്ല. സദനത്തിൽത്തന്നെ ചൊല്ലിയാട്ടത്തിനുകൂടാൻ സ്ഥാപനത്തിന്റെ അധികാരിയായിരുന്ന കുമാരേട്ടന്റെ അനുവാദം കിട്ടി. ഒരൊറ്റ വ്യവസ്ഥയിൽ. അകലൂർ കാവിനടുത്ത് താമസിക്കുന്ന സാക്ഷാൽ പട്ടരാത്ത് ശങ്കരമാരാരുടെ കീഴിൽ ‘ഇടയ്ക്ക’ പഠിക്കണം. അദ്ദേഹം തന്ന കത്തുമായി ശങ്കരമാരാരെ കണ്ടു. പഞ്ചവാദ്യത്തിലെ ഇടയ്ക്കപ്രമാണി. തായമ്പകയിലും മേളത്തിലും ഒന്നാമൻ. അക്കൊല്ലം തൃശ്ശൂർ പൂരത്തിന് ആശാൻ എന്നെയും കൂട്ടി. മേളത്തിന് എന്നെ ഒരറ്റത്തു നിർത്തി. പഞ്ചാരി അഞ്ചുകാലവും കൊട്ടി ആശാന്റെ മേൽനോട്ടത്തിൽ, സംരക്ഷണയിൽ. പിന്നീട് രണ്ടുകൊല്ലം തുടർച്ചയായി തിരുവമ്പാടി അമ്പലത്തിൽ അടിയന്തിരക്കാരനായി. പാണി കൊട്ടി. മേളത്തിൽ ചേർന്നു. അന്നമനട അച്യുതമാരാർ തൊട്ടുള്ള അതിപ്രഗല്ഭർ പങ്കെടുത്തിരുന്ന ‘മഠത്തിൽ വരവി’ന് ഇടയ്ക്ക വായിച്ചു. ഗുരുനാഥനൊപ്പം. പതികാലവും കൂട്ടിക്കൊട്ടും ഇടയ്ക്കയിൽ താളവട്ടം കഴിഞ്ഞ്, അടുത്ത കൂട്ടിക്കൊട്ടും കഴിഞ്ഞ്, അദ്ദേഹം മേളം പ്രമാണിക്കാനായി പോയപ്പോൾ എന്നെ തത്‌സ്ഥാനത്ത് നിർത്തി. പൂരം കൊടിയേറ്റംമുതൽ പത്തുദിവസവും ഞാൻ എരവത്ത് അപ്പുവിന്റെ മദ്ദളവുമായി ചേർന്ന് ‘കേളി’കൊട്ടി. കഥകളിക്കൊട്ട് പഠിച്ചവർക്ക് ‘കേളി’ നിഷ്പ്രയാസം ചെയ്യാം.

വിവിധതരം മേളങ്ങളുടെ പൊരുൾ തിരിഞ്ഞുകിട്ടിയത് തൃശ്ശൂരിൽനിന്നാണോ?

= ശങ്കരമാരാരാശാന്റെ ഉള്ളഴിഞ്ഞ അനുഗ്രഹം എന്നുതന്നെ പറയണം. സത്യം പറഞ്ഞാൽ കഥകളിക്കളരിയിൽ കൊട്ടിശീലിച്ച പതിഞ്ഞകാലത്തിലുള്ള ചെമ്പടയും അടന്തയും ചെമ്പയുമാണ് ഏതുമേളവും അനായാസം കൈകാര്യം ചെയ്യാൻ എനിക്ക്‌ തുണയായത്. രണ്ടുകൊല്ലം തുടർച്ചയായി തിരുവമ്പാടിയിൽ ഞാൻ അടിയന്തിരക്കാരനായി. പ്രഗല്ഭരായ മാരാന്മാരും കുറുപ്പന്മാരും കൊട്ടിത്തിമിർത്ത മേളങ്ങൾ കേട്ട് പലതും ഗ്രഹിക്കാനുള്ള അവസരങ്ങൾ എനിക്കുണ്ടായി. പഞ്ചവാദ്യത്തിന് 28 അക്ഷരകാലത്തിൽ പട്ടരാത്ത് ശങ്കരമാരാരുടെ ഉരുളുകൈ കേട്ട് നിർന്നിമേഷനായിനിന്നിട്ടുണ്ട്. കഴൂർ ചന്ദ്രൻ മാരാർ പ്രമാണിയായി പഞ്ചവാദ്യം. അദ്ദേഹത്തിന്റെ ഇരുവശത്തുമായി പല്ലാവൂർ മണിയൻ മാരാരും കുഞ്ഞിക്കുട്ടൻ മാരാരും. എന്താ കഥ! അതുപോലെ എന്റെ മനസ്സിൽപ്പതിഞ്ഞതാണ് കുട്ടപ്പമാരാരുടെ ‘തകാര’ത്തിന്റെ ഗാംഭീര്യം. ഇവർക്കിടയിലേക്കാണ് ഒരുനാൾ കലാമണ്ഡലം (അന്നമനട) പരമേശ്വരൻ കടന്നുവരുന്നത്. മൊത്തം മുപ്പത്തിയാറു കൊല്ലമാണ് ഞാൻ തൃശ്ശൂരിൽ പ്രവർത്തിച്ചത്. അതിൽ പത്തുകൊല്ലം പഞ്ചവാദ്യത്തിന് ഇടയ്ക്കവായിച്ചു. കാച്ചാംകുറിശ്ശി ഈച്ചരമാരാർ മേളം പ്രമാണിച്ചപ്പോഴും എന്നെ അദ്ദേഹം കൂടെനിർത്തി. പിന്നീട് ആറുകൊല്ലം ഞാൻ തിരുവമ്പാടിയിൽ മേളം പ്രമാണിച്ചു. പ്രമാണിക്കുന്നത് ഞാനാണെങ്കിൽ കൂടെക്കൊട്ടേണ്ടവരെ ഞാൻതന്നെ തീരുമാനിക്കും. പുറത്തുനിന്നുള്ള ഒരിടപെടലും അംഗീകരിക്കുന്ന പ്രശ്നമില്ല. മറിച്ചൊരു സ്ഥിതിവിശേഷമുണ്ടായപ്പോൾ ഞാനൊഴിഞ്ഞു.

മേളത്തിൽ മുഴുകിയ കാലത്തും തായമ്പകയിൽ തെളിഞ്ഞുവരാനുണ്ടായ സാഹചര്യം?

= ആലിപ്പറമ്പിൽ ശിവരാമപ്പൊതുവാളുടെ മരുമകൻ ഉണ്ണികൃഷ്ണപ്പൊതുവാളാണ് എന്നെ ആദ്യമായി പുത്തനാലുക്കൽ അമ്പലത്തിൽ മണ്ഡലം വിളക്കിന് തായമ്പക കൊട്ടിക്കുന്നത്. അതുകേട്ടിരുന്ന ശിവരാമപ്പൊതുവാളുടെയും കൃഷ്ണപ്പൊതുവാളുടെയും സമ്മതികിട്ടിയതോടെ ഞാൻ അവർക്കൊപ്പം കൂടി. ഒറ്റത്തായമ്പകയും ഇരട്ടത്തായമ്പകയുമായി പിന്നീട് വള്ളുവനാട്ടിൽ ഞാൻ ചിരപരിചിതനായി. അരനൂറ്റാണ്ടുമുൻപ്‌ തൃക്കണ്ടിയൂരമ്പലത്തിൽ ശിവരാമപ്പൊതുവാൾക്കൊപ്പം ഡബിൾ തായമ്പക കൊട്ടുമ്പോൾ എനിക്ക്‌ പ്രായം ഇരുപത്തിയൊന്ന്.

ആർക്കൊപ്പമാണ് അക്കാലത്ത് കൂടുതൽ തവണ തായമ്പക കൊട്ടിയത്?

= അങ്ങനെയില്ല. തായമ്പകയിൽ പ്രതിഷ്ഠനേടിയ ആർക്കൊപ്പവും കൊട്ടാൻ എനിക്ക്‌ ഉത്സാഹമായിരുന്നു. അവരെ അറിയലും അവരുടെ അംഗീകാരം നേടിയെടുക്കലുമായിരുന്നു അക്കാലത്തെന്റെ ലക്ഷ്യം. പൂക്കാട്ടിരി ദിവാകരപ്പൊതുവാളിനൊപ്പം വീണ്ടും വീണ്ടും തായമ്പക കൊട്ടാൻ യോഗമുണ്ടായി. ആദ്യമൊക്കെ പഞ്ചാരി - ചമ്പക്കൂറുകളായിരുന്നു പതിവ്. ഇടയ്ക്ക് ഇടകാല അടന്തക്കൂറും കൊട്ടി. കോട്ടയ്ക്കൽ പി.എസ്.വി. നാട്യസംഘത്തിൽ കുട്ടൻമാരാരാശാന്റെ കീഴിൽ കുറച്ചുനാൾ കഥകളിക്കൊട്ട് ശീലിച്ചതിന്റെ മെച്ചം ദിവാകരപ്പൊതുവാളുടെ തായമ്പകയിൽ പ്രകടമായിരുന്നു. അദ്ദേഹത്തിന്റെ നേർകോലിനും ഉരുളുകോലിനും എന്തൊരു സൗഖ്യം! പാലക്കാട്ടും പരിസരപ്രദേശങ്ങളിലും പല്ലാവൂർ അപ്പുമാരാർക്കും ചെതലി രാമമാരാർക്കുമൊപ്പം കുറെക്കാലം കൊട്ടാൻ സാധിച്ചു.

കലയിലും ജീവിതത്തിലും വിഭ്രാമകനായിരുന്ന തൃത്താല കേശവപ്പൊതുവാളുമായി ചേർന്നും കൊട്ടിയിട്ടുണ്ടല്ലോ?

= കേശവേട്ടനോടൊപ്പം രണ്ടുകൊല്ലം തുടർച്ചയായി കൊട്ടി. ഒറ്റപ്പാലം മനിശ്ശേരി കിള്ളിക്കാവിലായിരുന്നു തുടക്കം. അവസാനം ചേമഞ്ചേരിയിലും. എ.എസ്.എൻ. നമ്പീശൻ മുൻകൈയെടുത്ത് പൂത്തോളിൽ ഒരു ഡബിൾ തായമ്പകയുണ്ടായി. അന്ന് അടന്തക്കൂറിൽ ഒരിരട്ടി കൊട്ടിയിട്ടുണ്ട് കേശവേട്ടൻ. കൂടെ കൊട്ടിയ ഞാൻ മരിച്ചുവീഴും എന്നുതോന്നിപ്പോയി. അദ്ദേഹം പക്ഷേ, എന്നെ ഇല്ലാതാക്കിയില്ല. കൂടെക്കൊണ്ടുപോയി. ചെമ്പടവട്ടത്തിലെ അവസാന എണ്ണത്തിൽ ‘ഡിണ്ണക്ക’ എന്ന് ‘തക്കിട്ട’ കൊട്ടുന്ന വേഗത്തിലാണ് കേശവേട്ടൻ കൊട്ടിയത്. അത് കൃത്യമായി വരുത്താൻ എനിക്കു കഴിഞ്ഞില്ല.

പൂമുള്ളി മനയ്ക്കൽവെച്ച് നീലകണ്ഠൻ നമ്പൂതിരിപ്പാട് എന്ന ആറാം തമ്പുരാനുമായി സംസാരിച്ചിരിക്കേ, തൃത്താല കേശവപ്പൊതുവാളെപ്പറ്റി അദ്ദേഹം പറഞ്ഞത് ഞാനോർക്കുന്നു. ‘‘കേശവന്റെ കൈയിന് സുഖം പോരാ. ആ പോരായ്മ ഒട്ടും അറിയാത്തവിധമായിരുന്നു അവന്റെ ചെണ്ടക്കോലിൽ ഉദിച്ചുയർന്ന എണ്ണങ്ങളോരോന്നും...’’?

= തോൽപ്പറ്റിന്റെ കാര്യത്തിൽ എനിക്കും ഇപ്പറഞ്ഞ പോരായ്മയുണ്ട്. നന്നായി സാധകം ചെയ്തും കോലിന്റെ പ്രയോഗവ്യാപ്തിയിലൂടെയും ഈ കുറവ് പരിഹരിക്കാനാണ് ഞാൻ നിരന്തരം പരിശ്രമിച്ചിട്ടുള്ളത്.

മുൻഗാമികളെയോ സമകാലികരെയോ പിൻഗാമികളെയോ അംഗീകരിക്കുന്നതിൽ പല കാരണങ്ങളാലും വിമുഖനായിരുന്ന പല്ലാവൂർ അപ്പുമാരാരോട്, ഒപ്പംകൊട്ടുന്ന ഇളമുറക്കാരിൽ ആരോടാണ് കൂടുതൽ പ്രിയം എന്നു ഞാൻ ഒരിക്കൽ ചോദിച്ചപ്പോൾ ശങ്കരൻകുട്ടി എന്ന ഒറ്റവാക്കിൽ അദ്ദേഹം മറുപടി ഒതുക്കി. എന്താവാം ഈ സമ്മതിക്കുപിന്നിൽ?

= സംഗീതത്തോടുള്ള എന്റെ കമ്പംകൊണ്ടാവാം. കൊട്ടിൽ സംഗീതം കൊണ്ടുവരാനുള്ള എന്റെ പ്രയത്നംകൊണ്ടാവാം. വട്ടം പിടിച്ചിട്ടല്ല കൊട്ടിത്തന്നെയാണ് ‘ഇരികിട’ സദസ്സിനെ കേൾപ്പിക്കേണ്ടത് എന്ന മുൻഗാമികളുടെ നിശ്ചയം അപ്പുവേട്ടൻ തന്റെ തായമ്പകയിൽ കർശനമാക്കിയിരുന്നു. അവസാനത്തെ ഏറ്റിച്ചുരുക്കലിന്റെ ഭംഗിക്ക്‌ ഒരുകാലത്തും എതിരുണ്ടായിരുന്നില്ല. ‘ണകതരകിക്കാം’ എന്ന പതികാലത്തിലെ പഴയ എണ്ണം അപ്പുവേട്ടൻ കൊട്ടിക്കേൾക്കുന്നതിന്റെ സുഖവും സൗന്ദര്യവും ഒന്നുവേറെ. ഈ എണ്ണം അക്കാലത്തെ പ്രമുഖരെല്ലാം കൊട്ടിയിരുന്നു. തൊട്ടുപിൻപേ അവരൊക്കെ ‘ണകതരകിണ്ണക്കാം’ എന്നു കൊട്ടിയപ്പോൾ അപ്പുവേട്ട ‘ണകതരകഗ്ഗിക്കാം’ എന്നാണ് കൊട്ടിയിരുന്നത്. രണ്ട് ‘ണ’ കാരവും ഒരു ‘ധിം’ കാരവും. അതിന്റെ സ്വാദ് കേട്ടുതന്നെ അറിയണം. മറ്റാരുകൊട്ടിയാലും ഇതിന്റെ രുചികിട്ടില്ല. ഇന്നിപ്പോൾ ഞാനടക്കം ആരും ഇത് കൊട്ടാറില്ല. പഴഞ്ചനായിപ്പോയി എന്ന തോന്നൽ. ‘കിണ്ണകതര കിണ്ണകതര കിണ്ണകതര കിക്കാം’ എന്ന എണ്ണമാണ് ഇന്ന് മിക്കവാറും ഞാനടക്കം എല്ലാ തായമ്പകക്കാരും കൊട്ടിവരുന്നത്.

ഗുരുനാഥൻ സദനം വാസുദേവനെപ്പറ്റി

= തായമ്പകയിൽ വാസുവേട്ടൻ കണക്കിന്റെ ഉസ്താദാണ്. കൊട്ടിൽ നല്ല സംഗീതം. വാദ്യവിഷയത്തിൽ, അമ്പലത്തിലെ ചടങ്ങുകളെക്കുറിച്ചൊക്കെ നല്ല അറിവ്. വാദ്യസംബന്ധിയായി എന്തു സംശയവും എപ്പോൾ ചോദിച്ചാലും കൃത്യമായ ഉത്തരം ഉടൻ കിട്ടും.

തായമ്പകയിൽ മട്ടന്നൂരിന്റെ തനത് സംഭാവന

= ദിശാബോധം. തീവ്രമായ ഗൃഹപാഠം. നേരത്തേ പറഞ്ഞതുപോലെ കൈശബ്ദം കുറവ്. കഠിനസാധകം ചെയ്ത് സ്വാഭാവികമാക്കി ഉറപ്പിക്കും. ചെണ്ടയിലെ പ്രവൃത്തി അങ്ങേയറ്റം സ്വാഭാവികമാക്കാനുള്ള പരിശ്രമം. കേൾക്കാനിരിക്കുന്നവരുമായിട്ടുള്ള സമ്പർക്കം. അവരെ അറിയുക. അവരെന്നെ അറിയുക. സദസ്സിനെ നോക്കി, അവരെ മനസ്സിലാക്കി, ആദരിച്ച് കൊട്ടുക എന്നതാണ് എന്റെ ശൈലി. പാരമ്പര്യം ഞാൻ മുറിച്ചുകടക്കുന്നില്ല. എന്നാൽ, അതിലൂടെയുള്ള യാത്രയുടെ സ്വഭാവം ഞാൻ മാറ്റിയിട്ടുണ്ട്. തായമ്പകയിലെ മഹാമേരുക്കൾ എന്നെ സ്വാധീനിച്ചു. കൊട്ടിന്റെ ശ്രുതിയിൽ ശിവരാമപ്പൊതുവാൾ, മനോധർമത്തിൽ അപ്പുവേട്ടൻ. പ്രയോഗവൈഭവത്തിൽ തൃത്താല കേശവപ്പൊതുവാൾ. തൊഴിലിനോടുള്ള ആത്മാർഥതയിൽ മന്നാടിയരാശാൻ. ഇപ്പറഞ്ഞവർക്കൊന്നും സദസ്സ് ഒരുത്‌കണ്ഠയായിരുന്നില്ല. ഞങ്ങൾക്ക് കൊട്ടാനുള്ളത് ഞങ്ങൾ കൊട്ടും. നിങ്ങൾക്ക് വേണമെങ്കിൽ കേട്ടിരിക്കാം. വേണ്ടെങ്കിൽ പോവാം. അത്രേയുള്ളൂ. കേൾവിക്കാരെ ലാളിക്കാൻ അവരൊരിക്കലും മുതിർന്നില്ല.

തമിഴ്നാട്ടുകാർ അവിടത്തെ അവാർഡുകൾക്ക് കേരളത്തിൽനിന്നുള്ളവരെ വിരളമായിട്ടേ പരിഗണിക്കാറുള്ളൂ. കാരൈക്കുടി മണി സ്മാരക അവാർഡ് ഇക്കുറി മട്ടന്നൂരിനായിരുന്നല്ലോ...

= അതെ. അതിലെനിക്ക്‌ വളരെ സന്തോഷമുണ്ട്. മുൻവർഷങ്ങളിൽ മൃദംഗക്കാർക്കുമാത്രമാണ് കാരൈക്കുടി മണിയുടെ പേരിലുള്ള പുരസ്‌കാരം കൊടുത്തിരുന്നത്. നമ്മുടെ നാടിന്റെ വാദ്യസംസ്‌കാരവുമായി ബന്ധപ്പെടുത്തിനോക്കിയാൽ പല്ലാവൂർ കുഞ്ഞിക്കുട്ടമാരാരാണ് കാരൈക്കുടി മണി. പല്ലാവൂർ മണിയൻ മാരാർ ഉമയാൾപുരം ശിവരാമനും. കുഞ്ഞിക്കുട്ടേട്ടൻ പോയതിനുശേഷം പഞ്ചവാദ്യത്തിലെ ‘തിമില ഇടച്ചിലി’ലെ ‘തകൃത’യുടെ ഗംഭീരസൗന്ദര്യം സങ്കടപ്പെടുത്തുന്ന ഓർമ്മയായി.

അവസാനമായി ഒരു ചോദ്യം. മാർക്സിസ്റ്റുകാരനായിട്ട് എത്ര കൊല്ലമായി? കലകളുമായി ബന്ധപ്പെട്ടതല്ല. വെറുമൊരു കൗതുകം

= വെള്ളിനേഴി സ്‌കൂളിൽ അധ്യാപകനായി ചുമതലയേറ്റയുടനെ അവിടത്തെ ഇടതുപക്ഷ അധ്യാപകസംഘടനക്കാർ വന്ന് എന്നെ അതിൽ അംഗമാക്കി. കുറച്ചുദിവസം കഴിഞ്ഞ് വെള്ളിനേഴിയിൽ നടക്കുന്ന ഒരു സമ്മേളനത്തിന്റെ നോട്ടീസ് എനിക്കുകിട്ടി. അതിൽ ‘സഖാവ് മട്ടന്നൂർ ശങ്കരൻകുട്ടി പങ്കെടുക്കുന്നു’ എന്നെഴുതിയിരുന്നു. ഞാനൊരിക്കലും മാർക്സിസ്റ്റുകാരൻ ആയിരുന്നിട്ടില്ല. ഇന്നുമല്ല. ആ പാർട്ടിയിലെ, എം.എ. ബേബിയെപ്പോലെ, കലാസ്നേഹികളായ ചിലരുമായി എനിക്ക്‌ അടുപ്പമുണ്ടെന്നുള്ളത് ശരിയാണ്. പാർട്ടി സംഘടിപ്പിക്കുന്ന സാംസ്‌കാരികപരിപാടികളിൽ ചിലതിന് എന്നെ തായമ്പകയ്ക്കായി ക്ഷണിക്കാറുണ്ട്. അത്രേയുള്ളൂ.

വള്ളുവനാട്ടിലെ തായമ്പകക്കാരിൽ തൃത്താല കുഞ്ഞികൃഷ്ണപ്പൊതുവാൾ വേറിട്ടൊരു വ്യക്തിത്വമായിരുന്നല്ലോ. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവം എന്താണ്‌?

= വിൻസൻറ് സംവിധാനംചെയ്ത ചെണ്ട എന്ന സിനിമയിൽ കേൾക്കുന്ന ചെണ്ടയിലെ ചെമ്പടവട്ടം നാലാംകാലം കുഞ്ഞികൃഷ്ണപ്പൊതുവാളുടേതാണ്. അത് വീണ്ടും വീണ്ടും കേട്ടപ്പോൾ കുഞ്ഞികൃഷ്ണപ്പൊതുവാളുടെ രൂപം എന്റെയുള്ളിൽ നിറഞ്ഞു. ആ കൊട്ട് അനുകരിക്കാൻ ഒട്ടും എളുപ്പമല്ല. അദ്ദേഹത്തിന് എന്തും ഏതും വ്യത്യസ്തമാവണം. ഒരൊറ്റ പ്രാവശ്യം മാത്രമേ കുഞ്ഞികൃഷ്ണപ്പൊതുവാൾക്കൊപ്പം ഞാൻ ഡബിൾ തായമ്പക കൊട്ടിയിട്ടുള്ളൂ. അത് തികച്ചും എന്റെ താത്‌പര്യപ്രകാരമായിരുന്നു.

ഇന്നും പാലക്കാട്ടും പരിസരപ്രദേശങ്ങളിലുമുള്ള തായമ്പകപ്രണയികളുടെ മധുരസ്മരണയാണ് പല്ലശ്ശന പത്മനാഭമാരാരുടെ തായമ്പക. എന്തായിരുന്നു ആ കൊട്ടിന്റെ വിശേഷം?

= അടിമുടി സംഗീതം. അത് കാണാനും കേൾക്കാനും നല്ല ചന്തം. ആളുകളെ കൈയിലെടുക്കാനുള്ള ചമത്തുകളൊന്നും കാണിക്കാത്ത സുഖസുന്ദരമായ തായമ്പക.

പ്രയോഗവൈഭവംകൊണ്ട് അദ്ഭുതപ്പെടുത്തിയ അക്കാലത്തെ മറ്റു കൊട്ടുകാർ ആരൊക്കെയാണ്‌?

= കൃഷ്ണൻകുട്ടിപ്പൊതുവാളാശാന്റെ കൊട്ടിന്റെ പിന്നിൽ വാസന മാത്രമല്ല. അതൊരു ജന്മാന്തരഗുണമാണ്. ആശാൻ കോൽ മറിക്കുന്നതൊക്കെ നമുക്കാർക്കും കണക്കാക്കാൻ പറ്റില്ല. കൈയും കോലും ഒരുപോലെ ചെണ്ടയിൽ പ്രയോഗിക്കാൻ കഴിഞ്ഞിരുന്നവർ അച്ചുണ്ണിപ്പൊതുവാളാശാനും ആലിപ്പറമ്പിൽ കൃഷ്ണപ്പൊതുവാളും. പുറംലോകം അത്രയൊന്നും അറിയാത്ത മികച്ച തായമ്പകക്കാരായിരുന്നു, കൊടലിൽ/കോങ്ങാട് ഗോപിപ്പൊതുവാളും കൊടലിൽ അച്ചുപ്പൊതുവാളും. ഗോപിപ്പൊതുവാൾക്കൊപ്പം ഇരട്ടത്തായമ്പക കൊട്ടിയപ്പോഴാണ് ആദ്യമായി എനിക്ക്‌ നൂറ്റിയൊന്ന് രൂപ പ്രതിഫലമായി കിട്ടിയത്. അവരുടെയൊക്കെ കൊട്ടെന്നുപറഞ്ഞാൽ കൈയും കോലുമായി എണ്ണങ്ങൾ വെടുപ്പായി ഏറ്റിച്ചുരുക്കലാണ്. മനോധർമമൊന്നും അവിടെ വിഷയമല്ല. അവരെ കണ്ടും കേട്ടും അമ്പരന്നിരിക്കലായിരുന്നു എന്റെ പണി.

തായമ്പകയിൽ പഞ്ചാരിക്കൂറിന് പ്രസക്തിയില്ല എന്നായിരുന്നു അപ്പുമാരാരുടെ നിഗമനം. മദ്ദളത്തിൽ മാത്രമേ അതിന് വിളങ്ങാനാവൂ എന്നും. തായമ്പകയുടെ പതികാലത്തിൽ പഞ്ചാരി നട വരുന്നുണ്ട്. അതുമതി എന്ന അദ്ദേഹത്തിന്റെ യുക്തി അംഗീകരിക്കുന്നുണ്ടോ?

= അപ്പുവേട്ട പറയുന്നതിൽ ന്യായവും യുക്തിയുമൊക്കെയുണ്ട്. അതുകൊണ്ടുമാത്രം നമുക്ക് ഈ തൊഴിൽ കൊണ്ടുനടക്കാനാവില്ല. സത്യത്തിൽ ചെണ്ടയും മദ്ദളവും ചേർന്ന കേളിയിലാണ് പഞ്ചാരിക്കൂറ് കൃത്യമായി കേൾക്കുക. ‘തിംതിക്കിണ്ണക്ക’ എന്ന് അഞ്ചടിയും ഒരു വീശും വരുമ്പോൾ പഞ്ചാരിക്കൂറിന്റെ സ്വരൂപം സ്പഷ്ടമായി.

പഞ്ചവാദ്യത്തിലും കേളിയിലും മദ്ദളം എന്ന വാദ്യത്തിന്റെ സ്ഥാനവും സാധ്യതകളും അതിവിപുലമാക്കിയ ചെർപ്പുളശ്ശേരി ശിവനുമായുള്ള ആത്മബന്ധം എങ്ങിനെയാണ്‌?

= ഗാന്ധിസേവാസദനത്തിൽനിന്ന് എത്രയോമുൻപ്‌ പഠിച്ചിറങ്ങിയ ശിവേട്ടൻ എനിക്ക്‌ ഗുരുസ്ഥാനീയനാണ്. സത്യം പറഞ്ഞാൽ തായമ്പകയിലേക്ക്‌ ശ്രദ്ധതിരിയാൻ എന്നെ സ്നേഹപൂർവം നിർബന്ധിച്ചത് ശിവേട്ടനാണ്. കൃഷ്ണൻകുട്ടിപ്പൊതുവാളാശാനും ചാലക്കുടി നമ്പീശനും ഞാനും ശിവേട്ടനും ചേർന്ന ഇരട്ടമേളപ്പദം കാറൽമണ്ണ ഉത്സവത്തിന് അമ്പലത്തിന്റെ പിന്നിലെ പാടത്ത് നടന്നത് ഏതാണ്ട് നാല്പതുകൊല്ലംമുൻപ്‌. ഞാനന്ന് തീരേ ചെറുപ്പം. അന്നത്തെ മേളപ്പദത്തിന്റെ ഓർമ്മ ഇന്നും എന്റെ മനസ്സിൽ മങ്ങിയിട്ടില്ല. പിൽക്കാലം ഞങ്ങളൊന്നിച്ച് എത്രയെത്ര ‘കേളി’ കൊട്ടി. മനോധർമത്തിനപ്പുറം മദ്ദളത്തിലെ അഭ്യാസത്തികവും അരങ്ങനുഭവത്തിന്റെ ഊറ്റവും പാരമ്പര്യത്തിന്റെ മുറുക്കവും ശിവേട്ടനിൽ കാണുന്നതുപോലെ മറ്റാരിലും ഞാൻ കണ്ടിട്ടില്ല.

മട്ടന്നൂർ സംവിധാനംചെയ്ത് അവതരിപ്പിച്ച ‘ശ്രുതിമേളം’ തികച്ചും ശ്രദ്ധാർഹമായൊരു പരീക്ഷണമായിരുന്നു.ശ്രുതിചേർത്ത് ഭദ്രമാക്കാൻ സാധിക്കാത്തതാണ് കേരളീയവാദ്യാവിഷ്‌കാരങ്ങളുടെ പ്രധാനപ്രശ്നം. ശ്രുതി ചേരാതിരിക്കുന്നതിലാണ് നമ്മുടെ വാദ്യകലകളുടെ മഹത്ത്വം എന്നൊക്കെ പാരമ്പര്യവാദികൾ പറഞ്ഞുനടക്കുന്നുണ്ട്. ‘ശ്രുതിമേളം’ സ്തുതിയും പഴിയും ധാരാളം കേട്ടു. ‘ഇരുകോൽപ്പഞ്ചാരി’യുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല

= സത്യം പറഞ്ഞാൽ പഞ്ചാരിമേളത്തെ ‘ശ്രുതിമേള’മാക്കണമെന്നുള്ള എന്റെ തീരുമാനത്തിന് കാരണം ‘കുഴലി’ന്റെ പ്രയോഗമാണ്. ലവലേശം ശ്രുതിചേരാതെയാണ് പലപ്പോഴും ‘മേള’ത്തിൽ കുഴലിന്റെ നില. അതൊന്നു മാറ്റിയെടുത്താലോ എന്ന ചിന്തയിലാണ് ‘ശ്രുതിമേള’ത്തിന് ഞാൻ തുനിഞ്ഞിറങ്ങുന്നത്. പനമണ്ണ മനോഹരനോടാണ് ഇക്കാര്യം ഞാൻ ആദ്യം പറഞ്ഞത്. മനോഹരൻ തുടക്കത്തിൽത്തന്നെ പറഞ്ഞൊഴിഞ്ഞു. പിന്നീടാണ് ഞാൻ പല്ലാവൂർ കൃഷ്ണൻകുട്ടിയേട്ടനെ പോയി കാണുന്നത്. അദ്ദേഹത്തിന് ‘കുഴലും’ ‘നാഗസ്വര’വും ഒരുപോലെ വഴങ്ങും. അസാമാന്യ സംഗീതബോധം. ശ്രുതിബോധം. കരിയന്നൂർ നാരായണൻ നമ്പൂതിരിയടക്കമുള്ള മികച്ച വാദ്യകലാകാരന്മാരുടെ കൂട്ടായ്മയിലാണ് ‘ശ്രുതിമേളം’ യാഥാർഥ്യമായത്. പഞ്ചാരിമേളം കൈയും കോലുമായി കൊട്ടി വൃത്തിയാക്കുകയാണ് വേണ്ടത്. എനിക്കതിൽ തർക്കമില്ല. ചിലർക്കത് കൃത്യമായി സാധിക്കുന്നുണ്ട്. പക്ഷേ, കൈയിന്റെ ശബ്ദം കേൾക്കാൻ പലപ്പോഴും കഴിയുന്നില്ല. അതുകൊണ്ടാണ് ‘ഇരുകോൽപ്പഞ്ചാരി’ എന്ന ആശയം ഞാൻ മുന്നോട്ടുവെച്ചത്. പ്രയോഗത്തിൽ കൊണ്ടുവന്നത്.

കേരളീയവാദ്യങ്ങളിൽ ചെണ്ടയുമായി ചേർന്നുനിൽക്കുന്നത് മദ്ദളമാണ്. ഉത്തരേന്ത്യൻ വാദ്യങ്ങൾക്കൊന്നും ചെണ്ടയുമായി സഹകരിക്കുക എളുപ്പമല്ല. സാക്കിർ ഹുസൈന്റെ തബലയും മട്ടന്നൂരിന്റെ ചെണ്ടയും ഇതരവാദ്യങ്ങളും ചേർന്നുള്ള വാദ്യസമന്വയം ഇന്ത്യയിലും അമേരിക്കയിലും ധാരാളമുണ്ടായിട്ടുണ്ടല്ലോ. ‘ഗമക’പ്രധാനമായ തബലയും ‘ഗമക’ങ്ങളുമായി തീരേ പൊരുത്തപ്പെടാനാവാത്ത ചെണ്ടയുമായി എങ്ങനെയാണ് സംഗീതാത്മകമായ ഒരു സംസാരം സാധ്യമാവുക?

= എതിരേ ഇരിക്കുന്നത് സാക്കിർ ഹുസൈൻ ആവുമ്പോൾ ചെണ്ടയിൽ രൂപംകൊടുക്കുന്ന ശബ്ദങ്ങളെ പരമാവധി സംഗീതാത്മകമാക്കാൻ ഞാൻ അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നു. സത്യത്തിലത് വലിയ വെല്ലുവിളിയായിരുന്നു. വ്യത്യസ്തമായ നാദതരംഗങ്ങൾക്ക് സാധ്യതയുള്ള വാദ്യമാണ് ചെണ്ട. ഫ്യൂഷൻ മ്യൂസിക്കിന്റെ വേദികളിലെല്ലാം നാദവൈവിധ്യംകൊണ്ട് ചെണ്ട ശ്രദ്ധിക്കപ്പെട്ടു. തബലയിൽ വരുന്ന ‘സംഗതി’കളൊന്നും ചെണ്ടയിൽ വരുത്താനാവില്ല. അതുപോലെത്തന്നെ ചെണ്ടയിൽ വരുന്ന ‘സംഗതി’കളൊന്നും തബലയിലും സാധ്യമല്ല. എന്നിട്ടും നമ്മുടെ വാദ്യങ്ങളിലെ വിന്യാസങ്ങളോട് സാക്കിർ ഹുസൈന് വല്ലാത്തൊരിഷ്ടമുണ്ടായിരുന്നു. അതെല്ലാം അറിയാനും പ്രയോഗിച്ചുനോക്കാനും താത്‌പര്യമുണ്ടായിരുന്നു.

നമ്മുടെ ദൃശ്യ-ശ്രാവ്യ കലകളിലൊന്നും ഒൻപതക്ഷരകാലത്തിലുള്ള സങ്കീർണഗതി ഒട്ടും സാധാരണമല്ല. ‘സഞ്ചാരി’യായി ഭരതനാട്യത്തിലൊക്കെ ചിലപ്പോഴിത് മിന്നിമറയുന്നതു കണ്ടിട്ടുണ്ട്. മടിയൻ രാധാകൃഷ്ണമാരാർ (മടിയൻ എന്നത്‌ വടക്കേ മലബാറിലെ ഒരു ഗ്രാമപ്രദേശമാണ്‌) നവക്കൂറ് തായമ്പകയിൽ കൊണ്ടുവന്നതിന്റെ പശ്ചാത്തലത്തിൽ ചോദിക്കുകയാണ്. ‘സങ്കീർണ’ത്തിന് തായമ്പകയിൽ കാര്യമായ വകുപ്പുണ്ടോ?

= വട്ടംപിടിക്കുന്നവർ മിടുക്കരും നമുക്ക് വിശ്വാസമുള്ളവരുമാണെങ്കിൽ ‘സങ്കീർണം’ തായമ്പകയിൽ സുഖമായി പ്രയോഗിക്കാം. കൂറിൽ ഞാൻ ‘അടന്ത’യിലും ശ്രീകാന്ത് ‘ചമ്പ’യിലും ശ്രീരാജ് ‘സങ്കീർണ’ത്തിലുമായി എണ്ണം കൊട്ടിയിട്ടുണ്ട്. സ്ഥിരമായിട്ടല്ല. എപ്പോഴെങ്കിലും. ‘നട’കളുടെ സ്വാഭാവികതയിൽ ‘സങ്കീർണ’ത്തെ പെടുത്താനാവില്ല. തലമുതിർന്ന ആചാര്യന്മാരൊന്നും അതിനു മുതിർന്നിട്ടുമില്ല.

തായമ്പകയിൽ പതികാലത്തിന്റെ മുഖത്തിൽ നട മാറ്റി കൊട്ടുന്ന രീതി മുൻപുണ്ടായിരുന്നോ?

= എന്റെ അറിവിലില്ല. ‘മുഖം’ ഞാൻ വിസ്തരിച്ച് കൊട്ടുക പതിവില്ല. ഏറിയാൽ പത്തുമിനിറ്റ്. രണ്ടുപ്രാവശ്യം അതിൽ ‘പഞ്ചാരിനട’ കാണിക്കും. മറ്റു‘നട’കളൊന്നും പ്രയോഗിക്കാറില്ല.

തായമ്പകയിലെ ഇളമുറക്കാരുടെ കൈ നടക്കുന്നതിന് പരിധികളില്ലെന്നു തോന്നാറുണ്ട്. അതിവാസനക്കാരായ അവരിലെല്ലാം വിദൂരമായി മട്ടന്നൂരിന്റെ ധ്വനികളുണ്ടോ?

= തായമ്പകയിലെ ഏറ്റവും പുതിയ തലമുറയിൽപ്പെട്ടവരുടെ കൈ നടക്കുകയല്ല, ഓടുകയാണ്. ഈ കാലം ആവശ്യപ്പെടുന്ന കൊട്ടാണ് അവരുടേത്. ചെറുകുന്നിലെ ആസ്തികാലയത്തിലും ബാലുശ്ശേരിയിലും ഞാൻ കുട്ടികളെ പഠിപ്പിച്ചിരുന്നു. ചെറുതാഴം ചന്ദ്രൻ അടക്കമുള്ളവർ ശിഷ്യർ. ചെറുശ്ശേരി അർജുനും സദനം അശ്വിൻ മുരളിയും ആദർശും വിഷ്ണുരാജും രഹിതയും ഉൾപ്പെട്ട പുതുനിരക്കാർ തായമ്പകയെ, അതിവാസനയും സാധകമികവുംകൊണ്ട് അനായാസം ത്രസിപ്പിക്കുന്നുണ്ട്.