സൗന്ദര്യറാണിപ്പട്ടം നേടുന്നത് അത്ര എളുപ്പമാണോ? 2024-ൽ സ്മിത ഭാസി സഞ്ജീവിനോട് ആരെങ്കിലും സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് ചോദിച്ചിരുന്നെങ്കിൽ മറുപടി ഒരു ചിരിയിലൊതുങ്ങുമായിരുന്നു. റാംപ് വാക്ക് അറിയില്ല, പൊതുവേദികളിൽ സംസാരിച്ച് പരിചയമില്ല, മത്സരിച്ചാൽ ഏതു ഗൗൺ തിരഞ്ഞെടുക്കണമെന്നുപോലും നിശ്ചയമില്ല. ജോലി, കുടുംബം,നൃത്തം, മൂന്ന് മക്കളുടെ ഉത്തരവാദിത്തങ്ങൾ എന്നിവയ്ക്കിടയിൽ അങ്ങനെയൊരു സ്വപ്നത്തെക്കുറിച്ച് ചിന്തിക്കാൻ പോലും സമയമില്ലെന്നായിരുന്നു സ്മിതയുടെ ധാരണ. എന്നാൽ രണ്ടുവർഷങ്ങൾക്കിപ്പുറം കഥയാകെ മാറിയിരിക്കുന്നു. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 123 മത്സരാർഥികൾ പങ്കെടുത്ത മിസീസ് യൂണിവേഴ്സ് വേദിയിൽ മികച്ച 25 പേരിലൊരാളായി മലയാളിയായ സ്മിത ഭാസി സഞ്ജീവ് ഇടം നേടി.'മിസിസ് യൂണിവേഴ്സ് പേഴ്സണാലിറ്റി' എന്ന പ്രത്യേക പുരസ്‌കാരവും സ്മിത സ്വന്തമാക്കി. ഇത് സ്മിതയുടെ തുടർച്ചയായ വിജയങ്ങളുടെ കൂടെ കഥയാണ്.

To advertise here,

അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സ്മിതയുടെ ഈ നേട്ടത്തിനു പിന്നിൽ കൗതുകകരമായൊരു കഥയുണ്ട്. ഭർത്താവിന്റെ ഹോബിയിൽ

നിന്നാണ് സ്മിതയുടെ ജീവിതത്തിലെ അപ്രതീക്ഷിത വഴിത്തിരിവിന്റെ തുടക്കം. പിന്നീട് അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ ഹൈഹീൽ ചെരുപ്പിട്ട് റാംപ് വാക്ക് പരിശീലിച്ചും യൂട്യൂബിൽ വിഡിയോകൾ കണ്ടു പഠിച്ചുമാണ് സ്മിത സൗന്ദര്യമത്സരങ്ങളുടെ ലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്തിയത്. മക്കളും കുടുംബവും ഒക്കെയായി തന്റെ ഇഷ്ടങ്ങൾക്കായി പുതിയൊരു സമയം കണ്ടെത്താൻ സ്മിതയ്ക്കുണ്ടായിരുന്നില്ല. അതിനൊരു പോംവഴിയായാണ് അടുക്കളപ്പണിയ്ക്കിടെ ഹീൽസിട്ട് സ്മിത ക്യാറ്റ് വാക്ക് പരീശീലനം നടത്തിയത്. സമയമില്ലെന്ന് പരാതി പറയാതെ സമയം കണ്ടെത്തുകയാണ് സ്മിത ചെയ്തത്.

ഭർത്താവ് വാങ്ങിയ ക്യാമറ, ജീവിതം മാറ്റിയ ചിത്രങ്ങൾ

അമേരിക്കയിലെ ഷാർലറ്റിൽ ഒരു സ്വകാര്യ ബാങ്കിൽ ടെക്‌നോളജി മാനേജറായി ജോലി ചെയ്യുകയാണ് സ്മിത. ജോലി, കുടുംബം, കുട്ടികളുടെ പഠനം, വീട്ടിലെ ഉത്തരവാദിത്തങ്ങൾ എന്നിങ്ങനെ തിരക്കേറിയ ജീവിതമായിരുന്നു അവരുടേത്. സൗന്ദര്യമത്സരങ്ങളെക്കുറിച്ചോ അതിന്റെ പരിശീലനരീതികളെക്കുറിച്ചോ വലിയ വ്യക്തതയുണ്ടായിരുന്നില്ല. അതിനെക്കുറിച്ച് വലിയതായി സ്മിത ചിന്തിച്ചുപോലും നോക്കിയിട്ട് കൂടിയിരുന്നില്ല. അതിനിടയിലാണ് ഭർത്താവ് സഞ്ജീവ് നായർ ഫോട്ടോഗ്രഫിയോടുള്ള താൽപര്യത്തിൽ ഒരു ക്യാമറ വാങ്ങുന്നത്. സഞ്ജീവിന്റെ ക്യാമറയ്ക്കു മുന്നിൽ സ്മിതയും മോഡലായി. അങ്ങനെ പകർത്തിയ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവയ്ക്കാൻ തുടങ്ങി. ആ ചിത്രങ്ങളാണ് സ്മിതയ്ക്കു മുന്നിൽ പുതിയൊരു സാധ്യത തുറന്നുകൊടുത്തത്. സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുണ്ടോ എന്ന ചോദ്യം സ്മിതയെ തേടിയെത്തി. ഒരു മാറ്റം വേണമെന്ന് മനസ്സിൽ ആഗ്രഹിച്ചിരുന്നെങ്കിലും അത്തരമൊരു മത്സരത്തിൽ പങ്കെടുക്കാനുള്ള മനസ് ആദ്യമുണ്ടായില്ല. എന്നാൽ ഭർത്താവിന്റെ തികഞ്ഞ പിന്തുണ അവരെ മുന്നോട്ട് നയിച്ചു. ആ സംശയങ്ങളെ മറികടന്ന് ഒരിക്കൽ ശ്രമിച്ചുനോക്കാൻ സ്മിത തീരുമാനിച്ചു. ആ തീരുമാനം ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവുകളിലൊന്നായി മാറുകയായിരുന്നു.

യൂട്യൂബ് നോക്കി പഠനം ; ആദ്യ റാംപ് വാക്ക്

സൗന്ദര്യമത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചെങ്കിലും എവിടെനിന്ന് തുടങ്ങണമെന്നതായിരുന്നു സ്മിതയുടെ ആദ്യത്തെ ആശയക്കുഴപ്പം. റാംപ് വാക്കിൽ മുൻപരിചയമില്ല. പൊതുവേദികളിൽ ആത്മവിശ്വാസത്തോടെ സംസാരിക്കാനുള്ള പരിശീലനവുമില്ല. മത്സരത്തിനായി എങ്ങനെ ഒരുങ്ങണം, എന്തുതരം വസ്ത്രം ധരിക്കണം എന്നിങ്ങനെ നിരവധി ചോദ്യങ്ങളായിരുന്നു അവരുടെ മനസിൽ. എന്നാൽ പരിചയമില്ലാത്ത മേഖലയാണെന്ന കാരണത്താൽ സ്വപ്നം ഉപേക്ഷിക്കാൻ സ്മിത തയ്യാറായില്ല. യൂട്യൂബിലും ഗൂഗിളിലും തിരഞ്ഞ് സൗന്ദര്യമത്സരങ്ങളെക്കുറിച്ച് പഠിക്കാൻ തുടങ്ങി. റാംപ് വാക്ക് എങ്ങനെയായിരിക്കണം, വേദിയിൽ എങ്ങനെ ആത്മവിശ്വാസത്തോടെ നിൽക്കണം, മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിൽ എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയ കാര്യങ്ങൾ സ്വയം മനസ്സിലാക്കി. ജോലിക്ക് പോകുന്ന വഴിയിൽ കാറിൽ കേട്ട ഇതിനെക്കുറിച്ചുള്ള പോഡ്കാസ്റ്റുകൾ തന്നെ സഹായിച്ചുവെന്ന് സ്മിത പറയുന്നു. പ്രിയങ്ക ചോപ്രയുടെ കഥയും തനിക്ക് ആത്മവിശ്വാസം പകർന്നെന്ന് സ്മിത പറയുന്നു. പരിശീലനത്തിനായി പ്രത്യേക സമയം കണ്ടെത്തുന്നതും എളുപ്പമായിരുന്നില്ല. വീട്ടുജോലികൾക്കും കുട്ടികളുടെ കാര്യങ്ങൾക്കുമിടയിൽ കിട്ടുന്ന ചെറിയ ഇടവേളകളാണ് സ്മിത ഉപയോഗിച്ചത്. അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ ഹൈഹീൽ ചെരുപ്പിട്ട് റാംപ് വാക്ക് പരിശീലിച്ചതും ഈ തയ്യാറെടുപ്പിന്റെ ഭാഗമായിരുന്നു.അങ്ങനെ വലിയ മുൻപരിചയമോ പരിശീലനപശ്ചാത്തലമോ ഇല്ലാതെ സ്മിത ആദ്യമായി സൗന്ദര്യമത്സരവേദിയിലെത്തി. 2024ൽ മിസിസ് യുഎസ്എ എടിഎ നോർത്ത് കരോലൈന കിരീടം സ്വന്തമാക്കിയതോടെ ആദ്യത്തെ ശ്രമം തന്നെ വിജയമായി മാറി.

ഒരു വർഷം, മൂന്ന് കിരീടങ്ങൾ

ആദ്യ വിജയത്തിനുശേഷം സ്മിതയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 2024-ൽ തന്നെ മൂന്ന് സൗന്ദര്യമത്സര കിരീടങ്ങളാണ് സ്മിത സ്വന്തമാക്കിയത്. മിസിസ് യുഎസ്എ എടിഎ നോർത്ത് കരോലൈന, മിസിസ് എടിഎ നാഷണൽ, മിസിസ് യുഎസ്എ യൂണിവേഴ്സ് സൗത്ത് കരോലൈന എന്നീ നേട്ടങ്ങളിലൂടെ അമേരിക്കയിലെ സൗന്ദര്യമത്സരവേദികളിൽ സ്മിത ശ്രദ്ധേയയായി.2025-ലും വിജയങ്ങൾ തുടർന്നു. മിസിസ് ഇന്റർനാഷണൽ ദിവ, അയൺ ലേഡി എന്നീ അംഗീകാരങ്ങളും സ്മിതയെ തേടിയെത്തി. ആദ്യമായി റാംപിൽ ചുവടുവയ്ക്കാൻ മടിച്ചുനിന്ന സ്ത്രീയിൽനിന്ന് തുടർച്ചയായി കിരീടങ്ങൾ സ്വന്തമാക്കുന്ന മത്സരാർഥിയിലേക്കുള്ള മാറ്റമായിരുന്നു അത്. മത്സരങ്ങളിലെ വിജയങ്ങൾക്കൊപ്പം ഫാഷൻ ഷോകളിലും സ്മിത സജീവമായി. ഓരോ വേദിയും പുതിയ അനുഭവങ്ങളും ആത്മവിശ്വാസവും നൽകി. ഒരിക്കൽ തനിക്ക് സാധിക്കില്ലെന്ന് കരുതിയ കാര്യങ്ങൾ പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും നേടിയെടുക്കാനാകുമെന്ന് സ്മിത സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു. ഇപ്പോഴും സ്വന്തമായുള്ള പഠനവും റിസർച്ചും തന്നെയാണ് സ്മിത പിൻതുടരുന്നത്.

123 മത്സരാർഥികൾക്കിടയിൽ ലോകത്തിലെ മികച്ച 25 പേരിൽ

സ്മിതയുടെ സൗന്ദര്യമത്സരയാത്രയിലെ ശ്രദ്ധേയമായ നേട്ടമാണ് 2026ൽ ശ്രീലങ്കയിലെ കൊളംബോയിൽ നടന്ന 49-ാമത് മിസിസ് യൂണിവേഴ്സ് ഗ്രാൻഡ് ഫിനാലെയിലുണ്ടായത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്നുള്ള 123 മത്സരാർഥികൾ പങ്കെടുത്ത മത്സരത്തിൽ 'മിസിസ് യൂണിവേഴ്സ് നോർത്ത് ഈസ്റ്റ് അമേരിക്ക' എന്ന പട്ടവുമായാണ് സ്മിത എത്തിയത്.എട്ടുദിവസം നീണ്ടുനിന്ന മത്സരപരിപാടികളിൽ മത്സരാർഥികളുടെ പ്രകടനവും വ്യക്തിത്വവും ഉൾപ്പെടെ വിവിധ ഘടകങ്ങൾ വിലയിരുത്തപ്പെട്ടു. പ്രാഥമിക ഘട്ടത്തിൽ തന്നെ 'മിസിസ് യൂണിവേഴ്സ് പേഴ്‌സണാലിറ്റി' എന്ന പ്രത്യേക പുരസ്‌കാരം സ്മിത സ്വന്തമാക്കി. മത്സരത്തിന്റെ അവസാനഘട്ടത്തിൽ മികച്ച 25 പേരിൽ ഇടം നേടാനും സ്മിതയ്ക്ക് സാധിച്ചു. ടോപ് 25 അംഗീകാരവുമായി വേദിയിൽനിന്ന് മടങ്ങുമ്പോൾ അത് ഒരു സൗന്ദര്യമത്സരത്തിലെ നേട്ടം മാത്രമായിരുന്നില്ല. രണ്ട് വർഷം മുൻപ് ഈ മേഖലയെക്കുറിച്ച് ഒന്നുമറിയാതിരുന്ന ഒരു മലയാളി സ്ത്രീയുടെ കഠിനപരിശ്രമത്തിനും ആത്മവിശ്വാസത്തിനും ലഭിച്ച അംഗീകാരം കൂടിയായിരുന്നു.

വർക്കൗട്ട് മുടക്കില്ല

സൗന്ദര്യമത്സരങ്ങളിലെ തിളക്കത്തിനപ്പുറം സ്മിതയുടെ ജീവിതം തിരക്കുകൾ നിറഞ്ഞതാണ്. മൂന്ന് ആൺമക്കളുടെ അമ്മയായ സ്മിതയ്ക്ക് കുടുംബജീവിതവും ജോലിയും പരിശീലനവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്നതെങ്ങനെയയെന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം കൃത്യമായ ടൈം മാനേജ്‌മെന്റ് ലൈഫ് സ്റ്റൈൽ ചേയ്ഞ്ചുമാണെന്നാണ് അവരുടെ മറുപടി. രാവിലെ അഞ്ചരയ്ക്കാണ് സ്മിത വ്യായാമത്തിനായി സമയം മാറ്റിവയ്ക്കുന്നത്. ദിവസത്തിലെ തന്റെ സ്വകാര്യസമയവും അതാണെന്ന് സ്മിത പറയുന്നു. ഭക്ഷണത്തിലും തന്റേതായി രീതിയിൽ നിയന്ത്രണം വെച്ചിട്ടുണ്ടെന്നും അവർ പറയുന്നു.വ്യായാമത്തിനുശേഷം പാചകവും കുട്ടികളെ സ്‌കൂളിലേക്കയയ്ക്കാനുള്ള ഒരുക്കങ്ങളുമാണ്. അതുകഴിഞ്ഞാൽ ഔദ്യോഗിക ജോലികളുടെ തിരക്കിലേക്ക് കടക്കും. ഇതിനിടയിലാണ് സൗന്ദര്യമത്സരങ്ങൾക്കായുള്ള പരിശീലനവും മറ്റ് പ്രവർത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നത്. ഏതൊരു സാധാരണ സ്ത്രീയുടെ ജീവിതവും പോലെ തന്നെയാണ് തന്റെയും ജീവിതം. പക്ഷെ അതിനിടിയിലും നിർബന്ധമായും തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾക്കായി ചെറിയ അവസരങ്ങൾ പോലും പ്രയോജനപ്പെടുത്തുകയാണ് സ്മിതയുടെ രീതി. എല്ലായ്‌പ്പോഴും അവസരങ്ങൾ തന്നെ തേടിവരില്ല. വന്നാൽ അത് പൂർത്തീകരിക്കുക തന്നെ ചെയ്യുമെന്ന് ഒരു നിശ്ചയദാർഡ്യം തനിക്കുണ്ടെന്നും അവർ പറയുന്നു.

'എല്ലാ ജോലികളും ഞങ്ങൾ പങ്കിട്ടാണ് ചെയ്യുന്നത്'

തന്റെ നേട്ടങ്ങൾക്ക് പിന്നിലെ ഏറ്റവും വലിയ കരുത്ത് കുടുംബത്തിന്റെ പിന്തുണയാണെന്ന് സ്മിത പറയുന്നു. ഐടി കൺസൾട്ടന്റായ ഭർത്താവ് സഞ്ജീവ് നായരാണ് ഓരോ ഘട്ടത്തിലും സ്മിതയ്ക്ക് പ്രോത്സാഹനവുമായി ഒപ്പമുള്ളത്.

വീട്ടുജോലികളും കുട്ടികളുടെ ഉത്തരവാദിത്തങ്ങളും ഭാര്യയുടെ മാത്രം ചുമതലയായി കാണാതെ ഇരുവരും പങ്കിട്ടാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ സ്മിതയ്ക്ക് ജോലിക്കൊപ്പം സ്വന്തം താൽപര്യങ്ങൾക്കും സമയം കണ്ടെത്താനാകുന്നു. ഒരുപക്ഷേ വിവാഹജീവിതത്തിലെ ഉത്തരവാദിത്വങ്ങളും കുട്ടികളുമെല്ലാം സ്ത്രീയുടെ മാത്രം ചുമതലയായി മാറുന്നതുകൊണ്ടാണ് സ്ത്രീകൾക്ക് പലപ്പോഴും മുന്നോട്ട് വരാൻ ആഗ്രഹിച്ചാലും കഴിയാതെ പോകുന്നത്. എന്നാൽ ശരിയായ ഒരു പങ്കാളിയുണ്ടെങ്കിൽ ജീവിതം കുറച്ചുകൂടി ഈസിയായി കൈകാര്യം ചെയ്യാമെന്നും അവർ പറയുന്നു. വീട്ടുകാര്യങ്ങളിലും കുട്ടികളുടെ കാര്യങ്ങളിലുമെല്ലാം ഭർത്താവും ജോലി പങ്കിട്ടുചെയ്യുന്നത് തനിക്ക് വലിയ ആശ്വാസമാണെന്നും അവർ പറയുന്നു. തുടക്കത്തിൽ ഒരു ഫാഷൻ ഷോ എന്ന നിലയിൽ മറ്റു കുടുംബാംഗങ്ങൾ സ്മിതയുടെ മത്സരങ്ങളെ കണ്ടിരുന്നത്. എന്നാൽ ഇന്ന് അവർക്കും ഇതിനെക്കുറിച്ച് ധാരണയുണ്ടെന്നും അവരുടെ പിന്തുണയും വലുതാണെന്നും സ്മിത പറയുന്നു.

ജോലിക്കും റാംപിനുമപ്പുറം നൃത്തവും സാമൂഹികപ്രവർത്തനവും

സൗന്ദര്യമത്സരങ്ങൾ മാത്രമല്ല സ്മിതയുടെ താൽപര്യങ്ങൾ. ചെറുപ്പംമുതലേ നൃത്തത്തോട് വലിയ ഇഷ്ടമുണ്ടായിരുന്നു. കുച്ചിപ്പുടി അഭ്യസിച്ച സ്മിത ഇപ്പോഴും നൃത്തപഠനം തുടരുന്നുണ്ട്. അമേരിക്കയിലെ ജോലി തിരക്കിലും സൗന്ദര്യമത്സരങ്ങൾക്കുമിടയിലും നൃത്തം ഉപേക്ഷിക്കാൻ സ്മിത തയ്യാറല്ല. സാമൂഹികപ്രവർത്തനരംഗത്തും സ്മിത സജീവമാണ്. മൈ പ്രിൻസസ് ഫൗണ്ടേഷൻ എന്ന സംഘടനയുമായി ചേർന്ന് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നുണ്ട്.സൗന്ദര്യമത്സരങ്ങളിലൂടെ ലഭിക്കുന്ന ശ്രദ്ധയും അംഗീകാരവും സാമൂഹികമായ നല്ല മാറ്റങ്ങൾക്കുകൂടി ഉപയോഗിക്കണമെന്ന കാഴ്ചപ്പാടാണ് സ്മിതയുടെ പ്രവർത്തനങ്ങളിൽ പ്രതിഫലിക്കുന്നത്.

'പറക്കാനുള്ള ചിറകുകൾ തന്നത് അമേരിക്കയാണ്. എന്നാൽ ഇന്നത്തെ ഞാൻ ഞാനായത് കേരളവും എന്റെ വേരുകളും നമ്മുടെ സംസ്‌കാരവും കൊണ്ടാണ്' എന്നാണ് മത്സരത്തിലെ നേട്ടത്തിനുശേഷം സ്മിത പറഞ്ഞത്.

പ്രായമോ വിവാഹമോ കുടുംബ ഉത്തരവാദിത്തങ്ങളോ സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് അതിരുകൾ നിശ്ചയിക്കരുതെന്നും തന്റെ നേട്ടം മറ്റു സ്ത്രീകൾക്കും പ്രചോദനമാകണമെന്നാണ് ആഗ്രഹമെന്നും സ്മിത പറയുന്നു.

സ്വപ്നങ്ങൾക്ക് പ്രായമോ സമയപരിധിയോ ഇല്ല

സ്മിതയുടെ കഥയെ വ്യത്യസ്തമാക്കുന്നത് നേടിയ കിരീടങ്ങളുടെ എണ്ണം മാത്രമല്ല. സൗന്ദര്യമത്സരങ്ങളെക്കുറിച്ച് യാതൊരു മുൻപരിചയവുമില്ലാതിരുന്ന ഒരു സ്ത്രീ സ്വന്തം താൽപര്യങ്ങൾ തിരിച്ചറിഞ്ഞ് അതിനുവേണ്ടി പരിശ്രമിച്ചതാണ്.

മൂന്ന് മക്കളുടെ അമ്മയായതിനാലോ തിരക്കേറിയ ജോലി ചെയ്യുന്നതിനാലോ സ്വന്തം ആഗ്രഹങ്ങൾ മാറ്റിവയ്‌ക്കേണ്ടതില്ലെന്ന് സ്മിതയുടെ പരിശ്രമം നമ്മളെ ഓർമിപ്പിക്കുന്നു. ഒരിക്കൽ റാംപ് വാക്ക് എങ്ങനെയെന്ന് യൂട്യൂബിൽ തിരഞ്ഞിരുന്ന സ്മിത ഇന്ന് സൗന്ദര്യമത്സരവേദികളിലേയ്ക്ക് മത്സരരാർത്ഥികളെ പരിശീലിപ്പിക്കുന്നു. അടുക്കളയിൽ ഹൈഹീൽ ചെരുപ്പിട്ട് പരിശീലിച്ച ആ ചുവടുകൾ കൊളംബോയിലെ അന്താരാഷ്ട്ര വേദിവരെ എത്തി.

കൊച്ചി വൈറ്റിലയിൽ വ്യവസായിയായ ഭാസി കെ. നായരുടെയും ജയലക്ഷ്മിയുടെയും മകളാണ്. ഭർത്താവ് സഞ്ജീവ് നായർക്കും മൂന്ന് ആൺമക്കൾക്കുമൊപ്പം അമേരിക്കയിൽ താമസം.