റിച്ച ഛദ്ദയുടേയും അലി ഫസലിന്റേയും വിവാഹമായിരുന്നു കഴിഞ്ഞാഴ്ച്ച ബോളിവുഡിലെ ആഘോഷം. ഒക്ടോബര്‍ നാലിന് ലഖ്‌നൗവിലായിരുന്നു വിവാഹം.  ആറാം തിയ്യതി മുംബൈയില്‍ ബോളിവുഡ് താരങ്ങള്‍ക്കായി വിരുന്നും ഒരുക്കി. ഹൃതിക് റോഷന്‍, വിക്കി കൗശല്‍, തബു, തപ്‌സി പന്നു, ഇഷ ഗുപ്ത, കല്‍ക്കി കൊച്ചെലിന്‍ തുടങ്ങിയ താരങ്ങള്‍ വിരുന്നില്‍ പങ്കെടുത്തു.

To advertise here,

ഇതിന് പിന്നാലെ റിച്ചയുടെ മംഗല്‍സൂത്രയും വിരുന്നിലെ ഔട്ട്ഫിറ്റും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാവുകയാണ്. ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡ് ബുല്‍ഗറിയുടെ മോഡേണ്‍ കളക്ഷനില്‍ നിന്നുള്ള മംഗല്‍സൂത്രയാണ് റിച്ച അണിഞ്ഞത്. പാരമ്പര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയ ഈ മംഗല്‍സൂത്രയുടെ വില 3.8 ലക്ഷം രൂപയാണ്. 18 കാരറ്റ് യെല്ലോ ഗോള്‍ഡില്‍ കറുപ്പ് രത്‌നക്കല്ലും വജ്രവും ഉപയോഗിച്ചാണ് മംഗല്‍സൂത്ര ഉണ്ടാക്കിയത്. 

പതിവില്‍ നിന്ന് വ്യത്യസ്തമായി പല നിറങ്ങള്‍ ചേര്‍ന്ന സാരി ഗൗണാണ് വിരുന്നില്‍ റിച്ച ധരിച്ചത്. എംബ്ബല്ലിഷ്‌മെന്റുകളും സ്വീകിനുകളും നിറഞ്ഞതായിരുന്നു ഈ കളര്‍ഫുള്‍ സാരി ഗൗണ്‍. 

മംഗല്‍സൂത്രയുടേയും സാരി ഗൗണിന്റേയും ചിത്രങ്ങള്‍ റിച്ച ഇന്‍സ്റ്റഗ്രാമില്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. നവവധുവിനെപ്പോലെ തോന്നിപ്പിക്കുന്നത് പാരമ്പര്യത്തിന്റെ സ്പര്‍ശം പതിഞ്ഞ ഈ മംഗല്‍സൂത്രയാണെന്ന കുറിപ്പോടെയാണ് റിച്ച ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. 

ഫുക്രെ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് അലി ഫസലും റിച്ചയും പ്രണയത്തിലാകുന്നത്. 2019-ല്‍ അലി ഫസല്‍ വിവാഹാഭ്യര്‍ഥനയും നടത്തി. 2021-ലായിരുന്നു ആദ്യം വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് മൂലം മാറ്റിവെയ്ക്കുകയായിരുന്നു.

പഞ്ചാബ് സ്വദേശിയായ റിച്ച 2008-ല്‍ റിലീസ് ചെയ്ത ഒയ് ലക്കി, ലക്കി ഒയ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. ഗ്യാങ്‌സ് ഓഫ് വസേപൂര്‍, ഫുക്രെ, മസാന്‍ എന്നിവയാണ് ശ്രദ്ധിക്കപ്പെട്ട മറ്റു ചിത്രങ്ങള്‍.  ഹോളിവുഡിലും സാന്നിധ്യം അറിയിച്ച നടനാണ് അലി ഫസല്‍. ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് 7 സിനിമയില്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.