ഡല്‍ഹിയില്‍ നടന്ന ലാക്‌മെ ഫാഷന്‍ വീക്ക് റാംപില്‍ എയര്‍ഗണ്‍ പോസുമായി തിളങ്ങി ഇന്ത്യയുടെ ഒളിമ്പിക്സ് മെഡല്‍ ജേതാവ് മനു ഭാക്കര്‍. പാരീസ് ഒളിമ്പിക്‌സില്‍ ഷൂട്ടിങില്‍ ഇരട്ടമെഡല്‍ നേടിയ ഈ 22- കാരി ഫാഷന്‍ ഡിസൈന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എഫ്ഡിസിഐ)യുമായി സഹകരിച്ച് പ്രശസ്ത വസ്ത്ര ബ്രാൻഡായ മാര്‍ക്‌സ് ആന്റ് സ്‌പെന്‍സറിന്റെ ബിഗ് ഓട്ടം എനര്‍ജി അവതരിപ്പിച്ചാണ് റാംപിലെത്തിയത്. 

To advertise here,

കറുപ്പ് നിറത്തിലുള്ള സ്ലീവ്‌ലെസ് ബോഡി ഫിറ്റഡ് മിഡി ഡ്രസ് ആയിരുന്നു മനുവിന്റെ വേഷം. തന്റെ ഷൂട്ടിങ് കരിയറിനെ സൂചിപ്പിച്ചുകൊണ്ട് എയര്‍-ഗണ്‍ പോസ് അവതരിപ്പിച്ചുകൊണ്ടാണ് മനുഭാക്കര്‍ റാംപ് വാക്ക് ചെയ്തത്. 

'ലോക്ക്ഡ്, ലോഡഡ് ആന്റ് റണ്‍വെ റെഡി വിത്ത് എം ആൻഡ് എസ്' എന്ന് കുറിച്ചുകൊണ്ട് മനു ഭാക്കര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച റാംപ് വാക്കിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. 

പാരീസ് ഒളിമ്പിക്‌സില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ മിക്സഡ് ടീം ഇനത്തിലുമാണ് മനു ഭാകര്‍ വെങ്കലം നേടിയത്.