ഫ്രഞ്ച് ആഡംബരഫാഷൻ ബ്രാൻഡായ ലൂയി വിറ്റോണിന് ആരാധകരേറെയാണ്. നവീന ആശയങ്ങളോടെയും പുതുമകളോടെയുമാണ് ലൂയി വിറ്റോണിന്റെ ബാ​ഗുകളും ഷൂസുകളുമൊക്കെ പുറത്തിറക്കാറുള്ളത്. വില കൂടുതലാണെങ്കിലും ലൂയി വിറ്റോൺ ഡിസൈനുകൾക്കായി കാത്തിരിക്കുന്നവരും നിരവധിയാണ്. അക്കൂട്ടരിലേക്കിതാ പുതിയൊരു ആശയം കൂടി അവതരിപ്പിച്ചിരിക്കുകയാണ് നിർമാതാക്കൾ. ഇക്കുറിയും ബൂട്ട്സിലാണ് പുതുമ ഒരുക്കിയിരിക്കുന്നത്. 

To advertise here,

ക്രൂയിസ് 2025 ഷോയുടെ ഭാ​ഗമായി പുറത്തിറക്കിയ ഒരുജോഡി ബൂട്ടുകളാണ് ശ്രദ്ധയാകർഷിച്ചിരിക്കുന്നത്. വിചിത്രമായ ഡിസൈനാണ് ബൂട്ടിന്റേത്. സ്ട്രാപ്പോടുകൂടിയ ബ്രൗൺ നിറവും കറുപ്പും ഇടകലർന്നതാണ് ബൂട്ട്സ്. ബ്രഷിന് സമാനമായ കറുപ്പുനിറത്തിലുള്ള കീഴ്ഭാ​ഗമാണ് ബൂട്ട്സിന്റെ പ്രത്യേകത. 

എന്നാൽ സാമൂഹികമാധ്യമത്തിൽ പ്രശംസകൾക്കൊപ്പം നിരവധി വിമർശനങ്ങളും ബൂട്ട്സ് ഏറ്റുാവങ്ങി. പക്ഷിക്കാലിനെ ഓർമിപ്പിക്കുന്ന ഡിസൈൻ ആണെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. അരോചകമായ ഡിസൈൻ ആണെന്നും കാർ വാഷിന്റെ ബ്രഷുകൾ പോലുണ്ടെന്നുമൊക്കെ കമന്റുകളുണ്ട്. ഇത്തരമൊരു ബൂട്ട്സുണ്ടെങ്കിൽ എളുപ്പത്തിൽ വീട് വ‍ൃത്തിയാക്കാം എന്ന് രസകരമായി കമന്റ് ചെയ്യുന്നവരുമുണ്ട്. 

കഴിഞ്ഞ ഡിസംബറിലും ലൂയി വിറ്റോൺ പുറത്തിറക്കിയ ഒരു ബൂട്ട് സമാനരീതിയിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഹൈ ​ഹീൽ ഷൂവും വെള്ള സോക്സും ധരിച്ച ഒരു സ്ത്രീയുടെ കാലുപോലെയായിരുന്നു ആ ബൂട്ടിന്റെ ഡിസൈൻ. ഇല്യൂഷൻ ആങ്ക്ൾ ബൂട്ട്സ് എന്നായിരുന്നു അതിനു നൽകിയ പേര്.