താരസുന്ദരിമാരോടൊപ്പം മെറ്റ് ഗാലയില്‍ ശ്രദ്ധ നേടി ഇഷ അംബാനി.ഇന്ത്യന്‍ ഡിസൈനര്‍ അനാമിക ഖന്ന ഒരുക്കിയ ഔട്ട്ഫിറ്റിലാണ് ഇത്തവണ റിലയന്‍സ് റീട്ടെയ്ല്‍ വെന്‍ചേഴ്‌സ് ലിമിറ്റഡിന്റെ ഡയറക്ടറായ ഇഷ മെറ്റ് ഗാലയില്‍ പ്രത്യക്ഷപ്പെട്ടത്. വെള്ളയും കറുപ്പും നിറങ്ങള്‍ ചേര്‍ന്ന വസ്ത്രത്തിനൊപ്പം അമ്മ നിത അംബാനിയുടെ ശേഖരത്തില്‍ നിന്നുള്ള ആഭരണങ്ങളാണ് നിത അണിഞ്ഞത്.

To advertise here,

എംബ്രോയ്ഡറി ചെയ്ത വെള്ള കോര്‍സെറ്റും കറുത്ത ട്രൗസേഴ്‌സുമായിരുന്നു നിതയുടെ ഔട്ട്ഫിറ്റ്. തറയില്‍ മുട്ടുന്ന തരത്തിലുള്ള എംബ്രോയ്ഡറി വര്‍ക്കുകള്‍ നിറഞ്ഞ കേപ്പ് ആയിരുന്നു ഈ ഔട്ട്ഫിറ്റിന്റെ പ്രത്യേകത. ഇതിലെ എംബ്രോയ്ഡറി ചെയ്യാന്‍മാത്രം ഡിസൈനര്‍മാര്‍ 20,000 മണിക്കൂറാണെടുത്തത്. വിലയേറിയ കല്ലുകളും മുത്തുകളും പതിപ്പിച്ചത് വസ്ത്രത്തിന്റെ മാറ്റ് കൂട്ടി. ഈ യൂണിസെക്‌സ് ഫാഷന്‍ ഈ വര്‍ഷത്തെ മെറ്റ് ഗാലയുടെ പ്രമേയമായ ബ്ലാക്ക് ഡാന്‍ഡിസത്തെ പൂര്‍ണമാക്കുന്നതുമായിരുന്നു.

റിലയന്‍സിന്റെ കൈത്തറി സ്റ്റോറായ സ്വദേശില്‍ നിന്നാണ് കൈകൊണ്ട് നെയ്ത ചെക്ക്ഡ് തുണിത്തരങ്ങള്‍ എടുത്തത്. അത് പിന്നീട് അനാമിക ഖന്നയ്ക്ക് നല്‍കുകയും അവര്‍ കോര്‍സെറ്റും ട്രൗസേഴ്‌സും ഡിസൈന്‍ ചെയ്യുകയുമായിരുന്നു. മെറ്റ് ഗാലയുടെ രണ്ട് ദിവസം മുമ്പാണ് വസ്ത്രം ഡിസൈന്‍ ചെയ്ത് പൂര്‍ത്തിയായതെന്നും ഇഷയുടെ സ്റ്റൈലിസ്റ്റ് അനൈറ്റ ഷ്രോഫ് പറയുന്നു. 

ഡയമണ്ട് ആഭരണങ്ങള്‍ കൂടി ഇതിനൊപ്പം ചേര്‍ന്നതോടെ ലുക്ക് പൂര്‍ണമായി. വജ്രങ്ങളുടെ രണ്ട് നിരകളും അവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന മൂന്ന് വജ്രങ്ങളും മധ്യത്തില്‍ ഒുര പെന്‍ഡന്റും വരുന്ന രീതിയിലാണ് നെക്ക്‌ളേസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വലതു കൈവിരലില്‍ ഒന്നിലധികം മോതിരങ്ങളും ധരിച്ചു. ട്രൗസറില്‍ ബ്രൂച്ചും ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. പിന്നിക്കെട്ടിയ മുടിയും ന്യൂഡ് ലിപ്സ്റ്റിക്കും ഇഷയെ കൂടുതല്‍ സുന്ദരിയാക്കി. 

കഴിഞ്ഞ വര്‍ഷത്തെ മെറ്റ് ഗാലയില്‍ രാഹുല്‍ മിശ്രയുടെ ഫ്‌ളോറല്‍ ഗൗണും 2023-ല്‍ പ്രബല്‍ ഗുരുങ്ങിന്റെ സാരിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഗൗണുമാണ് ഇഷ ധരിച്ചത്. 2017-ല്‍ മെറ്റ് ഗാലയില്‍ അരങ്ങേറ്റം കുറിച്ച അവര്‍ 2019-ലും മെറ്റ് ഗാലയുടെ ഭാഗമായി.