പാരീസ്: യൂറോപ്പിൽ ഏറെ പ്രചാരത്തിലുള്ള ചൈനീസ് ഓൺലൈൻ ഫാഷൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ ‘ഷീൻ’-നെ നിരോധിക്കാൻ നടപടിയെടുക്കുമെന്ന് ഫ്രഞ്ച് സർക്കാർ അറിയിച്ചു. കുട്ടികളുമായി രൂപസാദൃശ്യമുള്ള സെക്‌സ് ടോയ്കൾ (ലൈംഗിക ആസ്വാദനത്തിനുള്ള കളിപ്പാട്ടങ്ങൾ) പ്ലാറ്റ്ഫോമിലൂടെ വിറ്റഴിയുന്നെന്ന ആരോപണമുയർന്ന പശ്ചാത്തലത്തിലാണിത്.
അതിനെതിരേ ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ അന്വേഷണം തുടങ്ങി. നിയമപരമായ വസ്തുക്കളെ പ്ലാറ്റ്‌ഫോംവഴി വിറ്റിട്ടുള്ളൂവെന്ന് തെളിയിക്കാൻ കമ്പനിക്ക് സർക്കാർ സമയംനൽകി. ഷീനിന് എതിരായ പരാതികൾ ഗൗരവത്തോടെ കാണുന്നെന്ന് യൂറോപ്യൻ യൂണിയൻ പറഞ്ഞു.
പ്രശ്നങ്ങളുടെ തുടക്കം
ലോക ഫാഷൻ തലസ്ഥാനമെന്നറിയപ്പെടുന്ന പാരീസിൽ ബുധനാഴ്ച ഷീൻ ലോകത്തെ തങ്ങളുടെ ആദ്യ ഫാഷൻ സ്‌റ്റോർ തുറന്നിരുന്നു. തൊട്ടുപിന്നാലെയാണ് പ്ലാറ്റ്ഫോം നിരോധിക്കാൻ സർക്കാർ നീക്കംതുടങ്ങിയത്. സ്റ്റോറിനുമുന്നിൽ ഒരുവിഭാഗം പ്രതിഷേധിക്കുകയും ചെയ്തു. ചൈനീസ് കമ്പനിയായ ഷീനിനെ അധിനിവേശക്കാരായാണ് ആഭ്യന്തര ഫാഷൻ ബ്രാൻഡുകൾ കാണുന്നത്. ചരിത്രപ്രസിദ്ധമായ ബിഎച്ച്‍വി ഷോപ്പിങ് മാളിന്റെ ആറാം നിലയിലാണ് സ്റ്റോർ. 1856-ൽ സ്ഥാപിതമായ, ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന ബിഎച്ച്‍വി മാളിൽ ആയിരം ചതുരശ്രയടി വിസ്തീർണത്തിലുള്ള പ്രീമിയം സ്‌പെയ്‌സ് ഷീൻ കൈവശപ്പെടുത്തിയത് ഫ്രഞ്ച് ബ്രാൻഡുകൾക്കൊന്നും രസിച്ചിട്ടില്ല. ഇത് വെറും വ്യാപാരനീക്കമല്ല, ഫ്രഞ്ച് ഫാഷൻലോകത്തോടുള്ള വെല്ലുവിളിയാണെന്ന് അവർ പറയുന്നു.
ഫ്രഞ്ച് ഫാഷൻലോകത്തെ ആട്ടിൻതോലിട്ട ചെന്നായ എന്നാണ് ‘ഷീനി’നെ ഫ്രഞ്ച് ഇടതുപക്ഷ തൊഴിലാളി യൂണിയനായ സിജിടി ലേബർ യൂണിയൻ വിശേഷിപ്പിച്ചത്. ഒക്ടോബർ ആദ്യമാണ് ബിഎച്ച്‍വി മാളിൽ സ്‌റ്റോർ സ്ഥാപിക്കാൻ ഫ്രഞ്ച് റിയൽ എസ്റ്റേറ്റ് കമ്പനിയായ സൊസൈറ്റി ഡെസ് ഗ്രാൻഡ്സ് മാഗസിൻസ് (എസ്ജിഎം) ഷീനുമായി കരാറൊപ്പിട്ടത്. ഫ്രഞ്ച് ഫാഷൻമേഖലയുടെ മുഖത്ത് കാർക്കിച്ചുതുപ്പുന്നതായിപ്പോയി എസ്ജിഎമ്മിന്റെ നടപടിയെന്ന് ഫ്രാൻസിലെ വനിതാ റെഡി-ടു-വെയർ ഫാഷൻ ഫെഡറേഷൻ അഭിപ്രായപ്പെട്ടു.
ഷീൻ സ്റ്റോർ സ്ഥാപിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഫാഷൻരംഗത്തെ തൊഴിലാളികളും രാഷ്ട്രീയക്കാരുമുൾപ്പെടെ 1.1 ലക്ഷംപേർ ഒപ്പിട്ട ഹർജി സർക്കാരിന് നൽകിയിരുന്നു. ഇതിനോടകംതന്നെ ഫ്രഞ്ച് ഓൺലൈൻ ഷോപ്പിങ്‌രംഗത്ത് സാന്നിധ്യമുറപ്പിച്ച ഷീൻ, ഉപഭോക്താക്കൾക്കിടയിൽ ജനപ്രിയമായ അഞ്ചാമത്തെ ബ്രാൻഡും വസ്ത്രവ്യാപാരത്തിൽ അഞ്ചാമത്തെ വലിയ സ്ഥാപനവുമാണ്.
(പാരീസിൽ ജീവിക്കുന്ന ലേഖകൻ എഴുത്തുകാരനും വിവർത്തകനുമാണ് )
Content Highlights: French government initiates action to ban the fast-fashion giant 'Shein' following allegations of selling child-like sex toys and backlash from local fashion brands over its Paris store opening
Published: 07 Nov 2025, 09:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented