ഇത്തവണത്തെ ഫിഫ ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് നോർവീജിയൻ ഫുട്‌ബോൾ താരമായ എർലിങ് ഹാളണ്ട്. ബ്രസീലിനെ തകർത്ത ലോകകപ്പ് മത്സരത്തിൽ ഹാളണ്ടായിരുന്നു നോർവേ ടീമിനെ വിജയതീരത്തെത്തിച്ചത്. പിന്നാലെ ഭക്ഷണശീലം ഉൾപ്പെടെ താരത്തെ കുറിച്ചുള്ള കൗതുകകരമായ പല കാര്യങ്ങളും വാർത്തകളായി. ഇപ്പോഴിതാ, ഹാളണ്ടിന്റെ ആഡംബര ബാഗുകളോടുള്ള പ്രിയവും ചർച്ചയാകുകയാണ്. ഹൈ എൻഡ് ഡിസൈനർ ബാഗുകളുമായാണ് ഹാളണ്ടിനെ പലപ്പോഴും കാണാറുള്ളത് എന്നത് തന്നെ അദ്ദേഹത്തിന്റെ ബാഗുകളോടുള്ള ഇഷ്ടം വെളിവാക്കുന്നു.

To advertise here,

ലോകത്തെ പ്രമുഖ ലക്ഷ്വറി ബ്രാൻഡുകളുടെ ശേഖരം തന്നെ ഹാളണ്ടിന്റെ പക്കലുണ്ട്. ഹെർമെസ്, ലൂയിസ് വിറ്റൺ, ചാനൽ തുടങ്ങിയ എല്ലാ ബ്രാൻഡുകളുടേയും ലക്ഷങ്ങൾ വിലയുള്ള ബാഗുകളാണ് ഇവ. അക്കൂട്ടത്തിൽ 11 ലക്ഷം രൂപയുടെ ലൂയിസ് വിറ്റൺ കീപൽസ് മുതൽ 58 ലക്ഷം രൂപയുടെ ഹെർമെസ് ബർകിൻ വരെയുണ്ട്. ഹെർമെസ് ബർകിന്റെ കുറഞ്ഞത് ഏഴ് ബാഗുകളെങ്കിലും ഹാളണ്ടിന് സ്വന്തമായുണ്ടെന്നാണ് പേജ് സിക്‌സ് റിപ്പോർട്ട് ചെയ്യുന്നത്. അക്കൂട്ടത്തിൽ ഒന്ന് ലിമിറ്റഡ് എഡിഷൻ ബാഗാണ്. കാബാൻ ടോഗോ മൾട്ടിപോക്കറ്റ്‌സ് എച്ച്എസി ബർകിൻ 50 എന്ന ഈ ബാഗിന് 60480 ഡോളർ അഥവാ 58 ലക്ഷം രൂപയാണ് 2024-ലെ ഏകദേശ വില.

ലോകകപ്പിന് മുമ്പ് താരം നോർത്ത് കരോലിനയിൽ എത്തിയപ്പോൾ പക്കലുണ്ടായിരുന്നത് എച്ച്എസി ബർകിൻ 50 എൻഡ്‌ലെസ് റോഡ് എന്ന അപൂർവമായ ബാഗാണ്. തുകലിൽ പാച്ച്‌വർക്ക് രീതിയിൽ നിർമിച്ച വളഞ്ഞ റോഡ് ലാൻഡ്‌സ്‌കേപ്പ് ഡിസൈനാണ് ഈ ബാഗിനുള്ളത്. ഈ ബാഗിന് 30,000 ഡോളർ മുതൽ 50,000 ഡോളർ വരെയാണ് റീസെയിൽ മാർക്കറ്റിലെ വിലയെന്നാണ് ദി ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തത്.

രണ്ട് നിറങ്ങളിലുള്ള ഹെർമെസ് ബ്ലാക്ക് ആൻഡ് ഓറഞ്ച് എച്ച്എസി ബർകിൻ 40 ആണ് ഹാളണ്ടിന്റെ കളക്ഷനിലെ മറ്റൊരു ബാഗ്. ക്യാൻവാസിനൊപ്പം ലെതറും ഉപയോഗിച്ചാണ് ഇത് നിർമിച്ചത്. 25,000 ഡോളർ മുതൽ 35,000 ഡോളർ വരെയാണ് ഇതിന്റെ വില. ഹാളണ്ടിന്റെ എച്ച്എസി കളക്ഷനിൽ എവെർകാൽഫ് ടോയ്ൽ കാർഗോ എച്ച്എസി 40, എച്ച്എസി 40 റോക്ക് എന്നിവയും ഉൾപ്പെടുന്നു.

എച്ച്എസി ബാഗുകൾ കഴിഞ്ഞാൽ ഹാളണ്ടിന്റെ പക്കലുള്ളത് കെല്ലി 35 ടോഗോയാണ്. ഈ ക്ലാസിക് ബാഗുമായി ഹാളണ്ട് വരുന്നത് ഈ വർഷം ആദ്യം കണ്ടതായി വോഗ് ഹോങ്കോങ് റിപ്പോർട്ട് ചെയ്തിരുന്നു. മാഞ്ചസ്റ്റർ സിറ്റി താരമായ ഹാളണ്ട് സ്‌പെയിനിൽ റയൽ മാഡ്രിഡുമായുള്ള മത്സരത്തിന് എത്തിയപ്പോഴായിരുന്നു ഇത്.

ലൂയിസ് വിറ്റൺ 2023 കീപൽസ് ബാൻഡോലിയേറെ 50 കോമിക്‌സ് (വില 11,732 ഡോളർ അഥവാ 11 ലക്ഷം രൂപ), ലൂയിസ് വിറ്റൺ കീപൽ 50ബി ലാൻഡ്‌സ്‌കേപ്പ്, ചാനൽ 2024/25 മെറ്റിയേഴ്‌സ് ഡി'ആർട്ട് സ്യൂട്ട്‌കേസ്, ഗോയാഡ് ജൗവെൻസ് എംഎം ടോയ്‌ലെട്രി ബാഗ് എന്നിവയാണ് ഹാളണ്ടിന്റെ കളക്ഷനിലെ മറ്റ് ബാഗുകൾ.