
മുംബൈ: ഗ്രാമത്തിനാകെ ഇൻഷുറൻസ് പരിരക്ഷയേകി ഒരു വിവാഹം. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ കാന്ദർ താലൂക്കിലെ ബഹദൂർപുര ഗ്രാമത്തിലാണ് അത്യപൂർവ സംഭവം. മേയ് 20-ന് നടന്ന സിദ്ധേശ്വർ പേത്കറിന്റെയും മഞ്ജുഷയുടെയും വിവാഹവേളയിലാണ് പ്രദേശത്തെ 3465 താമസക്കാർക്ക് ഓരോരുത്തർക്കും ഒരുലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പോളിസിയെടുത്തത്. മൊത്തം ഇൻഷുർചെയ്ത തുക 33.6 കോടി രൂപ.
വിവാഹത്തിന്റെ ആഡംബരം കുറച്ചും സംഭാവനകളിലൂടെയുമാണ് തുക കണ്ടെത്തിയത്. സിദ്ധേശ്വറിന്റെ മൂത്ത സഹോദരൻ അനൂപാണ് ഈ ആശയവുമായെത്തിയത്. സിദ്ധേശ്വറിന്റെയും വധു മഞ്ജുഷയുടെയും പൂർണപിന്തുണ ലഭിച്ചു.
വലിയൊരു കരുതൽ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഗ്രാമീണരെന്ന് അനൂപ് പറയുന്നു. ''ഗ്രാമവാസികൾ മുഴുവനും കർഷകരാണ്. അവർ നേരിടുന്ന അപകടസാധ്യതകളെക്കുറിച്ച് പേത്കർ കുടുംബത്തിന് നന്നായറിയാം. നാന്ദേഡിലെ ഗ്രാമങ്ങളിൽ പാമ്പുകടിയേറ്റും ഇടിമിന്നലേറ്റും മറ്റ് അപകടങ്ങളിലും മരണങ്ങൾ അസാധാരണമല്ല. ഇളയസഹോദരന്റെ വിവാഹം ഞങ്ങൾക്ക് സന്തോഷകരമായ ഒരു അവസരമായിരുന്നു, അർഥവത്തായ എന്തെങ്കിലും ചെയ്തുകൊണ്ട് ആ സന്തോഷം മറ്റുള്ളവരുമായി പങ്കിടാൻ ഞങ്ങൾ ആഗ്രഹിച്ചു'' -അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ഗ്രാമപ്പഞ്ചായത്തിന്റെപേരിൽ ഒരു ഗ്രൂപ്പ് ഇൻഷുറൻസ് പോളിസി എടുക്കാൻ കുടുംബം തീരുമാനിച്ചത്.
അർഹരായ എല്ലാ താമസക്കാർക്കും പരിരക്ഷ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഗ്രാമത്തിലെ വോട്ടർപട്ടിക ഇൻഷുറൻസ് കമ്പനിക്ക് സമർപ്പിച്ചു. പോളിസിയുടെ സാമ്പത്തിക വിവരങ്ങളും ലഭിച്ച സംഭാവനകളും രഹസ്യമായി സൂക്ഷിക്കാൻ പേത്കർ കുടുംബം തീരുമാനിച്ചു. 4500-ലധികം അതിഥികൾ വിവാഹത്തിൽ പങ്കെടുത്തു.
ഇതൊരു മഹത്തായ ചടങ്ങായിരുന്നെന്ന് ഗ്രാമവാസിയായ മോഹൻ ശേഖപുരെ പറഞ്ഞു. മുൻപ് ആരും ഇത്തരമൊരു കാര്യം ചെയ്തതായി കണ്ടിട്ടില്ലെന്ന് ഗ്രാമമുഖ്യൻ ബലിറാം പേത്കർ പറഞ്ഞു. ഈ സംരംഭം മറ്റുള്ളവർക്ക് ഒരു മാതൃകയാണെന്നും വിശേഷിപ്പിച്ചു.
ഇൻഷുറൻസ് പോളിസി ഒരു വർഷത്തേക്ക് സാധുതയുള്ളതാണ്. ഭാവിയിൽ ഇത് പുതുക്കും. നേരത്തേ സഹോദരൻ അനൂപിന്റെ വിവാഹത്തിനെത്തിയ അതിഥികൾക്കെല്ലാം റോഡ് സുരക്ഷയുടെ സന്ദേശം പ്രചരിപ്പിക്കാനായി ഹെൽമെറ്റ് സമ്മാനിച്ചിരുന്നു.
Content Highlights: A family in Nanded, Maharashtra, insured 3,465 residents of Bahadurpur village., The initiative was taken during the wedding of Siddheshwar Pethkar and Manjusha on May 20., The total insurance coverage amounts to Rs 33.6 crore, with each resident covered for Rs 1 lakh., The project aims to protect farmers from common risks like snake bites and lightning strikes., The policy is valid for one year, with plans for future renewals.
Published: 27 May 2026, 07:08 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented