ആയഞ്ചേരി: വിലക്കയറ്റം ഉൾപ്പെടെയുള്ള ജനകീയപ്രശ്‌നങ്ങളുടെ മുൻപിൽ ഉത്തരംമുട്ടുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ മാവിലായിക്കാരനെപ്പോലെയാണ് പെരുമാറുന്നതെന്ന് എൻ.സി.പി. സംസ്ഥാനപ്രസിഡന്റ് പി.എം. സുരേഷ് ബാബു. യു.ഡി.എഫ്. സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾക്കും അഴിമതിക്കുമെതിരേ സംസ്ഥാനവ്യാപകമായി എൽ.ഡി.എഫ്. സംഘടിപ്പിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി കുറ്റ്യാടി മണ്ഡലം കമ്മിറ്റി ആയഞ്ചേരിയിൽ നടത്തിയ ബഹുജനക്കൂട്ടായ്മ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റംകൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയാണ്‌. മാർക്കറ്റിൽ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ യു.ഡി.എഫ്. സർക്കാർ പരാജയപ്പെട്ടു. മാരിടൈം, സരൽ തുടങ്ങിയ ബില്ലിലൂടെ കേരളത്തിന്റെ പൊതുസമ്പത്ത് സ്വകാര്യ കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാനുള്ള അവസരമാണ് യു.ഡി.എഫ്. സർക്കാർ ഒരുക്കുന്നത്. സർക്കാരിന്റെ പിടിപ്പുകേടുമൂലം കേരളം ഇരുട്ടിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം ജില്ലാകമ്മിറ്റി അംഗം പി.സി. ഷൈജു അധ്യക്ഷത വഹിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. ദിനേശൻ, സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം ഇ.കെ.വിജയൻ, എൽ.ഡി.എഫ്. മണ്ഡലം കൺവീനർ പി. സുരേഷ് ബാബു, ആർ.ജെ.ഡി. ജില്ലാകമ്മിറ്റി അംഗം വിനോദ് ചെറിയത്ത്, ഐ.എൻ.എൽ സംസ്ഥാന കമ്മിറ്റി അംഗം സി.എച്ച്. ഹമീദ്, സി.എസ്.പി. സംസ്ഥാന കമ്മിറ്റി അംഗം പി. മോഹൻദാസ്, ഐ.എസ്.ജെ.ഡി. സംസ്ഥാന കമ്മിറ്റി അംഗം പി.പി. മുകുന്ദൻ, കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം മഹേഷ് പയ്യട എന്നിവർ സംസാരിച്ചു.