കാപ്പാട് ഏരൂൽ ബീച്ചിൽ സൗന്ദര്യവത്ക‌രണപദ്ധതികൾ

To advertise here,

കൊയിലാണ്ടി : തുവ്വപ്പാറയ്ക്കും കാപ്പാട് ബ്ലൂഫ്‌ളാഗ് ബീച്ചിനും ഇടയിൽ ഏരൂൽ ബീച്ചിൽ വലിയ തുക ചെലവഴിച്ച് വീണ്ടും സൗന്ദര്യവത്കരണ പദ്ധതികൾ നടപ്പാക്കിയെങ്കിലും ശൗചാലയം അടഞ്ഞുകിടക്കുന്നത് സഞ്ചാരികൾക്ക് വിനയാകുന്നു.

എല്ലാവിധ സൗകര്യങ്ങളോടുംകൂടിയാണ് ഇവിടെ ശൗചാലയം സജ്ജമാക്കിയത്. എന്നാൽ, ശൗചാലയത്തിലെ ടാപ്പും മറ്റു സാധനസാമഗ്രികളും നഷ്ടപ്പെട്ടതും തുരുമ്പെടുത്തു നശിക്കുകയും ചെയ്തതോടെ തുറന്നു പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യം വന്നു. ഇതെല്ലാം പനഃസ്ഥാപിക്കണം. ഡി.ടി.പി.സി.ക്കാണ് ഏരൂൽ ബീച്ചിന്റെ നടത്തിപ്പുചുമതല. ശൗചാലയം തുറന്നുപ്രവർത്തിപ്പിക്കാൻ കരാറുകാരെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, കരാറുകാർക്ക് ഇതുവരെ ചുമതല കൈമാറിയിട്ടില്ല.

ശൗചാലയനടത്തിപ്പ് ഒരാൾ കരാർ എടുത്തിട്ടുണ്ടെന്നും കളക്ടർ എഗ്രിമെന്റിൽ ഒപ്പിട്ടാൽ ശൗചാലയം തുറന്ന് പ്രവർത്തിക്കാൻ കഴിയുമെന്നാണ് ഡി.ടി.പി.സി അധികൃതർ പറയുന്നത്.

ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് നിർമിച്ച ശൗചാലയ സമുച്ചയം 2020 സെപ്റ്റംബർ ഏഴിന് അന്നത്തെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട് സഞ്ചാരികൾക്കായി തുറന്നുകൊടുത്തിരുന്നു. വേണ്ടത്ര സുരക്ഷാസംവിധാനങ്ങളോ പരിപാലനമോ ഇല്ലാത്തതിനാലാണ് ശൗചാലയത്തിലെ സാധനസാമഗ്രികൾ നഷ്ടമാകുന്നത്.

ഇവിടെയുള്ള കഫ്റ്റീരിയകളും അടഞ്ഞുകിടക്കുകയാണ്. ഒരുകോടിയോളം രൂപ ചെലവഴിച്ചാണ് സൗന്ദര്യവത്‌കരണപദ്ധതികൾ നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി പുതിയ ഇരിപ്പിടങ്ങൾ, അലങ്കാരവിളക്കുകൾ എന്നിവയെല്ലാം പുനഃസ്ഥാപിച്ചു.

ഏരൂൽ ബീച്ചിൽ മുൻപ്‌ സ്ഥാപിച്ച അലങ്കാരവിളക്കുകളെല്ലാം എറിഞ്ഞുടച്ചിരുന്നു.

അടുത്തമാസം തുറക്കും

അടുത്തമാസത്തിനകം ഏരൂൽ ബീച്ചിലെ അടഞ്ഞുകിടക്കുന്ന ശൗചാലയം തുറന്ന് പ്രവർത്തിപ്പിക്കും. ശൗചാലയ പരിപാലന ചുമതല കൈമാറുന്നതിലെ സാങ്കേതിക തടസ്സമാണ് വൈകുന്നതിന് കാരണം. ശൗചാലയത്തിലേക്കാവശ്യമായ വെള്ളം ഉറപ്പാക്കണം. ഇതിനുള്ള നടപടികൾ സ്വീകരിക്കും.

-അജയ് ബോസ്

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്

ചേമഞ്ചേരി