മൊകേരി : നടപ്പാതയിലെ കാട് വെട്ടിത്തെളിക്കാത്തതും റോഡരികിൽ കൊണ്ടിട്ട ഇരുമ്പുതൂണുകളും തടിക്കഷണങ്ങളും നീക്കംചെയ്യാത്തതും കാരണം കാൽനടയാത്രക്കാർ ബുദ്ധിമുട്ടുന്നു.

To advertise here,

കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയിൽ മൊകേരി കോളേജ്, കടത്തനാട് കല്ല് ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾക്കിടയിലാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ദുരിതം നേരിടുന്നത്. റോഡരികിലെ നടപ്പാതയിലും പരിസരത്തും കാടും പുല്ലും വളർന്നുപടർന്നിരിക്കുകയാണ്. പണ്ടെങ്ങോ മുറിച്ചു കൂട്ടിയിട്ട തടിക്കഷണങ്ങൾക്കു മുകളിലും കാടുമൂടിയതോടെ ഇഴജന്തുക്കളുടെ ശല്യവും വർധിച്ചതായി നാട്ടുകാർ പറയുന്നു.

റോഡരികിൽ മുറിച്ചിട്ട മരങ്ങൾ നീക്കംചെയ്യേണ്ടത് വനംവകുപ്പാണെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ വിശദീകരണം. എന്നാൽ, മരക്കഷണങ്ങളും വൈദ്യുതത്തൂണുകളും ബന്ധപ്പെട്ട വകുപ്പുകളെകൊണ്ട് എടുത്തുമാറ്റിക്കാൻ ഇതുവരെയായിട്ടും പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിച്ചിട്ടുമില്ല. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതാണ് നാട്ടുകാർക്ക് ദുരിതമാകുന്നത്. ഇതിനടുത്ത് നടപ്പാതയിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് കാൽനടയാത്രക്കാർ ദുരിതത്തിലായത് സംബന്ധിച്ച് മാതൃഭൂമി നേരത്തേ വാർത്തനൽകിയിരുന്നു. തുടർന്ന് പഞ്ചായത്ത് അധികൃതർ ഇടപെട്ടാണ് മണ്ണ് മാറ്റിച്ചത്.