വടകര : അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാതെ അഴിത്തല ഫിഷ് ലാൻഡിങ് സെന്റർ വീർപ്പുമുട്ടുന്നു. ആവശ്യത്തിന് വെളിച്ചമോ, പ്രാഥമികാവശ്യങ്ങൾക്ക് വേണ്ട സൗകര്യങ്ങളോ ഇവിടെയില്ല. നൂറുകണക്കിന് മത്സ്യത്തൊഴിലാളികളും മത്സ്യംകയറ്റുന്നതിന് വരുന്ന ലോറികളിലെ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ പ്രയാസം നേരിടുകയാണ്.

To advertise here,

ഇവിടത്തെ ഹൈമാസ്റ്റ് ലൈറ്റ് കത്താതായിട്ട് ഒരുമാസത്തോളമായി. ഫിഷ് ലാൻഡിങ് സെന്ററിൽ വെളിച്ചത്തിന് മറ്റുസംവിധാനങ്ങളൊന്നുമില്ല. ഏക ആശ്രയമായിരുന്ന ഹൈമാസ്റ്റ് പ്രവർത്തനം നിലച്ചതോടെ രാത്രി ജോലിചെയ്യാൻപറ്റാത്ത സ്ഥിതിയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. വള്ളങ്ങളിൽനിന്ന്‌ മീൻ ഇറക്കുന്നതും വാഹനങ്ങളിൽ മീൻ കയറ്റുന്നതുമെല്ലാം ശ്രമകരമാണ്. സമീപത്തുള്ള മരക്കഷണങ്ങളും കമ്പിക്കഷണങ്ങളുമെല്ലാം കാലിൽ കയറി അപകടങ്ങളുണ്ടാകുന്നത്‌ പതിവാണ്.

ഫിഷ് ലാൻഡിങ് സെന്ററിന്റെ പലഭാഗങ്ങളും കാടുമൂടിയനിലയിലാണ്. രാത്രി വെളിച്ചമില്ലാത്തതുകൊണ്ടുതന്നെ ഇഴജന്തുക്കൾ ഉണ്ടാകുമോയെന്ന ആശങ്കയുമുണ്ട്. ഇതിനുപുറമേ സെന്ററിന്റെ നീളം കൂട്ടുന്നതിനായി പൈലിങ് പ്രവൃത്തിക്ക് കൊണ്ടിട്ട തെങ്ങുതടികളും ദുരിതമാകുന്നുണ്ട്. ലോറി പാർക്കുചെയ്യേണ്ട സ്ഥലത്താണ് തെങ്ങുകൾ അട്ടിയിട്ടിരിക്കുന്നത്. വർഷങ്ങളായി കൊണ്ടിട്ടതുകൊണ്ടുതന്നെ ഇവ ഉപയോഗശൂന്യമായിട്ടുണ്ട്. ഇതിനുമുകളിലേക്കും കാടുകയറിയനിലയിലാണ്.

വെള്ളമില്ലാതെ ശൗചാലയം

മൂന്നുവർഷം മുൻപേ ഇവിടെ ശൗചാലയം പണിതിട്ടുണ്ടെങ്കിലും വെള്ളമെത്തിക്കുന്നതിന് സംവിധാനമില്ല. അതുകൊണ്ടുതന്നെ ഇവ ഉപയോഗിക്കാനും സാധ്യമല്ല. ഇതരസംസ്ഥാനങ്ങളിൽനിന്ന് വരുന്ന ലോറിയിലെ തൊഴിലാളികൾ ഉൾപ്പെടെ ഇതുകാരണം ഏറെ പ്രയാസപ്പെടുന്നുണ്ട്.

സമീപത്തെ മത്സ്യത്തൊഴിലാളികളുടെ വീടുകളിലാണ് ഇവർ പ്രാഥമികാവശ്യങ്ങൾക്കായി പോകുന്നത്. ലോഡ് കയറ്റിക്കഴിഞ്ഞശേഷം വരുന്ന മീനിന്റെ ഉൾപ്പെടെ അവശിഷ്ടങ്ങൾ അപ്പോൾതന്നെ കഴുകിവൃത്തിയാക്കിയില്ലെങ്കിൽ അസഹനീയമായ ദുർഗന്ധമാവും ഉണ്ടാവുക. പിറ്റേദിവസം ജോലിചെയ്യാൻ സാധിക്കാത്ത സാഹചര്യവുമുണ്ടാകും.

പക്ഷേ, ഇതിനുള്ള വെള്ളം ലഭ്യമല്ല. സ്വകാര്യവ്യക്തിയിൽനിന്ന്‌ അനുവാദം വാങ്ങി വെള്ളം പമ്പുചെയ്താണ് നിലവിൽ പ്രശ്നം പരിഹരിക്കുന്നത്. പക്ഷേ, ഇത് ശാശ്വതമല്ല.

നേരത്തേ മീൻ ഇറക്കുന്ന ഭാഗത്തെ കോൺക്രീറ്റിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. ഈ വിള്ളലിലേക്ക് മീൻ വീഴുകയും ഇവ ചെയ്യുമ്പോൾ ദുർഗന്ധമുണ്ടാവുകയും ചെയ്യാറുണ്ട്. ഇതുകാരണം ജോലിചെയ്യാൻ സാധിക്കാതെവന്നപ്പോൾ മത്സ്യത്തൊഴിലാളികൾതന്നെ പണമെടുത്ത് വിള്ളലുകൾ അടയ്ക്കുകയാണ് ചെയ്തത്. എന്നാൽ, അത് ഇപ്പോഴും പൂർണമായിട്ടില്ല.

വികസനത്തിനായി കാത്തിരിപ്പ് തുടരുന്നു

വർഷങ്ങളായി ഇവിടത്തെ മത്സ്യത്തൊഴിലാളികളുടെ ആവശ്യമാണ് അഴിത്തലയിലെ ഫിഷ് ലാൻഡിങ് സെന്റർ വികസനം എന്നത്. 300-ഓളം വള്ളങ്ങളിലായി ആയിരത്തിഅഞ്ഞൂറിലേറെ മത്സ്യതൊഴിലാളികളും നൂറിലേറെ അനുബന്ധ തൊഴിലാളികളും മത്സ്യബന്ധനം നടത്തുന്നത് അഴിത്തല ഫിഷ് ലാൻഡിങ് സെന്റർ കേന്ദ്രീകരിച്ചാണ്.

ബെർത്തിങ് ജെട്ടി (തോണികളും ബോട്ടുകളും നങ്കൂരമിടാനുള്ള സ്ഥലം), മത്സ്യം കയറ്റുന്നതിനുള്ള പ്ലാറ്റ്ഫോം, ലേലപ്പുരയോട് ചേർന്ന് ലോക്കർ റൂം, പാർക്കിങ് ഏരിയ, സെക്യൂരിറ്റി റൂം, കുടിവെള്ളം വിതരണത്തിന് ശൃംഖല ഒരുക്കൽ എന്നിവയൊരുക്കുന്ന പ്രവൃത്തികളുടെ ഭരണാനുമതിക്കായി റിപ്പോർട്ട് തയ്യാറാക്കിയിരുന്നെങ്കിലും ഒന്നും യാഥാർഥ്യമായിട്ടില്ല.