കടലുണ്ടി റെയിൽപ്പാലത്തിനുസമീപം പുഴയിൽ കല്ലുമ്മക്കായ വിത്തിടലിന് തുടക്കമായി
ഇത്തവണ വിളവ് കുറയുമെന്ന് ആശങ്ക
കടലുണ്ടി : കടലുണ്ടിപ്പുഴയിൽ നവംബർ അവസാനത്തോടെ മറ്റൊരു കല്ലുമ്മക്കായക്കൃഷിക്കാലത്തിന് വേദിയൊരുങ്ങുമ്പോൾ കർഷകർ ആശങ്കയിലാണ്. രണ്ടുവർഷത്തിനിടെ തുടർച്ചയായി കടലിൽനിന്ന് കെടുനീർ (കറവെള്ളപ്രവാഹം) അടിച്ചുകയറി കൃഷിനാശം നേരിട്ടവർ ആഘാതത്തിൽനിന്ന് മുക്തരായിട്ടില്ല. എങ്കിലും പ്രതീക്ഷകൾ മനസ്സിലേറ്റി റെയിൽപ്പാലത്തിനുസമീപം കഴിഞ്ഞദിവസംമുതൽ അവർ പുഴയിൽ വിത്തിട്ടുതുടങ്ങി. കോട്ടക്കടവ്, കടലുണ്ടിക്കടവ് മേഖലയിലും വിത്തിടുന്നുണ്ട്. ഈ മാസാവസാനത്തോടെ കൃഷിമേഖല സജീവമാകും.
ഇതിനിടെ ഇത്തവണ കടലിൽ കല്ലുമ്മക്കായ വിത്തുകൾ പൊടിഞ്ഞുണ്ടാകുന്നതിന്റെ അളവിൽ കുറവുണ്ടെന്ന വാർത്ത അവരുടെ ഉറക്കംകെടുത്തുകയാണ്. കടലിന്റെ അടിത്തട്ടിൽ ഓക്സിജന്റെ അളവിന് കുറവുണ്ടായതും അനുബന്ധപ്രശ്നങ്ങളുമാണ് ഇതിന്റെ കാരണമെന്നാണ് കർഷകർ പറയുന്നത്. തുടരെയുണ്ടായ കറവെള്ള പ്രവാഹം, മീനുകൾ ചത്തുപൊന്തിയ സംഭവം എന്നിവയെല്ലാം വിത്തുപൊടിയുന്നതിന് തടസ്സമായെന്നും ഇവർ പറയുന്നു. ന്യൂനമർദത്തെത്തുടർന്നുള്ള മഴയ്ക്കുശേഷമാണ് കല്ലുമ്മക്കായ വിത്തുകൾ പൊടിയുന്നത്. അഞ്ചുവർഷംമുൻപ് ഇത്തരത്തിൽ മഴകുറഞ്ഞ സാഹചര്യമുണ്ടായപ്പോൾ നല്ല കല്ലുമ്മക്കായ വിളവുണ്ടായെന്നും ഇവർ പറയുന്നു. കഴിഞ്ഞവർഷം 100 പെട്ടിയോളം വിത്തിട്ടിരുന്നതായും കർഷകർ സാക്ഷ്യപ്പെടുത്തുന്നു.
ദീപാവലിക്ക് കല്ലുമ്മക്കായയുടെ ആവശ്യകത കൂടിയപ്പോൾ കച്ചവടക്കാരും മറ്റും കടലിൽ വിത്തുപറിക്കാൻ പോയവരുമായി ബന്ധപ്പെട്ടിരുന്നു. അവരാണ് ഇത്തവണ വിത്ത് കുറവായിരിക്കുമെന്ന സൂചന നൽകിയതെന്നും കർഷകർ പറയുന്നു. അപൂർവമായി മാത്രമേ കല്ലുമ്മക്കായയുടെ അളവ് കുറയാറുള്ളതെന്നും കർഷകർ പറയുന്നു. അതോടെ വിത്തുപെട്ടിക്ക് വിലകൂടാനുള്ള സാധ്യതയും വർധിച്ചു. കഴിഞ്ഞതവണ 50 കിലോ വിത്തുകളുൾപ്പെട്ട പെട്ടിക്ക് വില 2000-2500 രൂപയായിരുന്നത് ഇത്തവണ സീസണെത്തുന്നതോടെ 4000-4500 രൂപവരെ വർധിക്കുമെന്നാണ് കർഷകർ പറയുന്നത്. നിലവിൽ വില 3500 രൂപവരെ എത്തിയെന്നും ഇവർ പറയുന്നു. മഴകുറഞ്ഞ സാഹചര്യത്തിലാണ് ഈയവസ്ഥയെന്നതും കർഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്. പെട്ടെന്ന് മഴപെയ്ത് പുഴയിൽ നല്ലവെള്ളം കയറുമ്പോഴാണ് ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം നഷ്ടപ്പെട്ട് കല്ലുമ്മക്കായകൾ ചത്തൊടുങ്ങുന്നത്.
കഴിഞ്ഞവർഷം കറവെള്ള പ്രവാഹവും മറ്റും മൂലം ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്. കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് ആദ്യം കറവെള്ളം അടിച്ചുകയറുന്നത്. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം കടലിൽനിന്ന് കറവെള്ളം കയറുന്നതിന്റ മുന്നൊരുക്കങ്ങൾ കണ്ടതോടെ കർഷകർ തിരക്കിട്ട് വിളവെടുക്കുകയായിരുന്നു. എന്നിട്ടും വൻ നാശമാണുണ്ടായത്. പിന്നീട് ഈവർഷം രണ്ടുതവണയും കൃഷി നശിച്ചു. ആഴ്ചകൾക്കുമുൻപാണ് ഓർക്കാപ്പുറത്ത് ശക്തിപ്പെട്ട മഴയിൽ നല്ലവെള്ളംകയറി കൃഷി നശിച്ചത്. ഈ വർഷമാദ്യം ചെറിയവിലയ്ക്ക് കല്ലുമ്മക്കായവിത്ത് ലഭിച്ചപ്പോൾ കൃഷിയിറക്കിയ കർഷകർക്കാണ് തിരിച്ചടിയുണ്ടായത്. ചെറിയ സാമ്പത്തികനഷ്ടമാണുണ്ടായതെങ്കിലും കൂടുതൽ വിത്തിറക്കി നഷ്ടം നികത്താമെന്ന പ്രതീക്ഷയിലാണ് കർഷകർ. കല്ലുമ്മക്കായയും ഭാഗ്യപരീക്ഷണംപോലെയായെന്നാണ് ഒരുവിഭാഗം കർഷകർ പറയുന്നത്.
Published: 12 Nov 2026, 04:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented