മുക്കം : കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ കെണിയായി, സംസ്ഥാനപാതയോരത്തെ വലിയ ഗർത്തങ്ങൾ. സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി റോഡരികിൽ പാകിയ ഇന്റർലോക്കിങ് ടൈലുകൾക്കടിയിലെ മണ്ണ് ഒലിച്ചുപോയതോടെയാണ് ഗർത്തങ്ങൾ രൂപപ്പെട്ടത്. എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയോരത്ത്, പ്രായമായവർ ഉൾപ്പെടെയുള്ള ഒട്ടേറെപ്പേരെത്തുന്ന മുക്കം മിനി സ്റ്റേഷന് മുന്നിലാണ് ‘കെണി’.

To advertise here,

30 മീറ്ററോളം നീളത്തിനിടെ മൂന്നിടങ്ങളിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ടൈലുകൾക്കടിയിൽ മണ്ണില്ലാത്തത് അറിയാതെ, രാത്രിയിൽ ഉൾപ്പെടെ വാഹനങ്ങൾ പാർക്ക് ചെയ്താൽ ‘കെണിയിലാകുമെന്ന്’ നാട്ടുകാർ പറയുന്നു. കാൽനടയാത്രക്കാർ അപകടത്തിൽപ്പെടാനും സാധ്യതയുണ്ട്.

 

റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി, കിലോമീറ്ററിന് നാലുകോടിയോളം രൂപ ചെലവിൽ, ആകെ 222 കോടി രൂപ ചെലവിലാണ് റോഡ് നവീകരണം പൂർത്തിയാക്കിയത്. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയ്ക്കെതിരേ നേരത്തേയും പരാതിയുയർന്നിരുന്നു. ടാറിങ്ങിലെ അശാസ്ത്രീയതമൂലം പലയിടത്തും റോഡ് താഴ്ന്നുപോയ അവസ്ഥയിലാണ്.

അഗസ്ത്യൻമുഴിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്നോണം മുക്കം നഗരസഭ മിനി സിവിൽസ്റ്റേഷന് മുന്നിൽ ബസ് ബേ നിർമിച്ചിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും ഇന്റർലോക്കിങ് ടൈലുകൾ പാകിയാണ് അന്ന് നിർമാണം പൂർത്തീകരിച്ചത്. എന്നാൽ, സംസ്ഥാനപാത നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ ഉയരംകൂട്ടിയതോടെ ആദ്യം സ്ഥാപിച്ച ടൈലുകൾ പൊളിച്ചുമാറ്റി പുതിയത് സ്ഥാപിക്കുകയായിരുന്നു.

ഇതാണ് രണ്ടുവർഷത്തിനിടെ തകർന്നത്. എത്രയുംപെട്ടെന്ന് പരിഹാരംകാണണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.