കുറ്റ്യാടി: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുനേരേ പോരാടിയ കേരളവർമ പഴശ്ശിരാജയുടെ പാദസ്പർശമേറ്റ കുറ്റ്യാടിയുടെ മണ്ണിൽ അദ്ദേഹത്തിന് ഉചിതമായ ഒരു ചരിത്രമ്യൂസിയമെന്നത് ഇന്നും സ്വപ്നംമാത്രം. പഴശ്ശിയുടെ ഓർമ്മകളാൽ സമ്പന്നമായ കുറ്റ്യാടിയിലെ പഴയ രജിസ്‌ട്രാർ ഓഫീസ് കെട്ടിടം സ്മാരകമാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
കെ.കെ. ലതിക എം.എൽ.എ.യായ സമയത്താണ് പഴശ്ശി മ്യൂസിയം എന്ന ആവശ്യത്തിന് ശക്തികൂടിയത്. നാട്ടുകാരനായ അഹമ്മദ് ദേവർകോവിൽ മ്യൂസിയം മന്ത്രിയായപ്പോൾ ചരിത്രമ്യൂസിയം എന്നസ്വപ്നം വീണ്ടും കണ്ടിരുന്നു നാട്ടുകാർ. പക്ഷേ, നിരാശയായി ഫലം. സ്മാരകത്തിനായി ഒട്ടേറെത്തവണ നിവേദനങ്ങൾവഴിയും നേരിൽക്കണ്ടും ആവശ്യമുന്നയിച്ചെങ്കിലും മന്ത്രിയുടെ ഭാഗത്തുനിന്ന് നടപടിയൊന്നുമായില്ല.
പഴയ രജിസ്‌ട്രാർ ഓഫീസ് കെട്ടിടം ഇപ്പോൾ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ ഗ്രാമന്യായാലയമാണ്. കെ.കെ. ലതിക എം.എൽ.എ. ആയ കാലത്ത് കെട്ടിടത്തിന്റെ ദ്രവിച്ച മേൽക്കൂരമാറ്റി പൈതൃകരീതിയിൽത്തന്നെ നവീകരിച്ചിരുന്നു. എന്നാൽ, മ്യൂസിയം സ്ഥാപിക്കുന്നതിനുപകരം ഇത് ഗ്രാമന്യായാലയമാക്കി മാറ്റി. ചരിത്രത്തിന്റെ ശേഷിപ്പുകളായ കൊയിലോത്ത് കടവ് എന്ന കോലോത്തുകടവും കോട്ടക്കിളങ്കാവും പഴശ്ശിക്കിണറും രജിസ്ട്രാർ ഓഫീസും ഉൾപ്പടെ ചരിത്രസ്മാരകമായി നിലനിർത്തണമെന്നതാണ് ആവശ്യം.
ചരിത്രപരമായ പ്രാധാന്യം
പഴശ്ശിരാജയുമായി കുറ്റ്യാടി പ്രദേശത്തിന് അഭേദ്യമായ ബന്ധമുണ്ട്. ഒന്നാം പഴശ്ശികലാപത്തിനു മുൻപുതന്നെ അംബ്ലാട് ദേശം പഴശ്ശിയുടെ യുദ്ധതന്ത്രപ്രധാനമായ ഇടങ്ങളിലൊന്നായിരുന്നു. കടത്തനാട് രാജ്യത്തിന്റെ അതിരുനിർണയിച്ചിരുന്ന കടത്തനാടൻകല്ലിന് കിഴക്കുഭാഗത്തുള്ള പ്രദേശങ്ങളെയാണ് പൊതുവേ അംബ്ലാട് എന്ന് വിളിച്ചുവന്നത്. അംബ്ലാട് കോട്ടയം രാജാവിന്റെ രാജ്യാതിർത്തിക്കകത്തുള്ള ഭൂപ്രദേശവുമായിരുന്നു.
കായക്കൊടി, മൊകേരി, കാവിലുംപാറ, കുറ്റ്യാടി, വടയം എന്നീ അംശങ്ങൾ ചേർന്നതായിരുന്നു അംബ്ലാട് ദേശം. ഈ പ്രദേശങ്ങളുടെ കേന്ദ്രം എന്നനിലയിലാണ് തന്റെ താവളമുറപ്പിക്കാനുള്ള സ്ഥലമായി പഴശ്ശി, കുറ്റ്യാടി തിരഞ്ഞെടുത്തത്. രണ്ടാം പഴശ്ശികലാപത്തിന് മുൻപുതന്നെ കോട്ടയത്തുനിന്ന് വയനാട്ടിലേക്കുള്ള രഹസ്യവഴികളായി പഴശ്ശിരാജ തിരഞ്ഞെടുത്തത് അംബ്ലാട് ദേശത്തെ മലമ്പ്രദേശങ്ങളെയാണ്. 1800-ഓടെ വയനാട്ടിലേക്കുള്ള പ്രധാനപാതകൾ ബ്രിട്ടീഷ് സൈന്യം മുദ്രവെച്ചതോടെ കടത്തനാടിന്റെ വടക്കുള്ള കുന്നിൻപ്രദേശങ്ങളിലൂടെ പഴശ്ശി വയനാട്ടിലേക്ക് യാത്രചെയ്തതായി ലോഗൻ രേഖപ്പെടുത്തുന്നുണ്ട്.
പഷ്ണിക്കുന്ന്, പാലുകാച്ചിമല, പടവെട്യാംപാറ, ഉറിതൂക്കിമല, വാളൂക്ക് മല, ചൂതുപാറ, വെട്ടിയേരിമല എന്നീ സ്ഥലനാമങ്ങളെല്ലാം പഴശ്ശിയാത്രയുടെ വീരസ്മരണകൾ അയവിറക്കുന്നവയാണ്. ഈ സ്ഥലങ്ങളാകട്ടെ അംബ്ലാട് ദേശത്തെ കായക്കൊടിയിലും തൊട്ടടുത്തുള്ള പ്രദേശങ്ങളിലുമാണ്. പഴശ്ശി, കോവിലകംപണിയാനായി കുറ്റിയടിച്ച പ്രദേശം പിന്നീട് കുറ്റ്യാടി ആയി എന്നാണ് വാമൊഴി ചരിത്രം.
ചരിത്രപഠനത്തിന് മുതൽക്കൂട്ട്
പ്രദേശത്തിന്റെ ചരിത്രപാരമ്പര്യം പകർന്നുനൽകാനും പ്രാദേശിക ചരിത്രപഠനങ്ങൾക്കും മ്യൂസിയം അനിവാര്യമാണ്. പാഠപുസ്തകങ്ങളിൽമാത്രം വായിക്കുന്ന പഴശ്ശിയുടെ ചരിത്രം കുറ്റ്യാടിയുടെ മണ്ണിൽ ഇന്നും ജീവിക്കുന്നുണ്ട്. പഴശ്ശിക്കിണറും കോലോത്തുകടവും കാണാൻ കഴിയുന്ന ചരിത്രമാണ്.
ദേവനന്ദന
മൂന്നാംവർഷ ചരിത്രവിദ്യാർഥി, ഗവ. കോളേജ്, മൊകേരി
മ്യൂസിയം ഇല്ലാത്തത് അനീതി
കുറ്റ്യാടി എന്ന പേരുപോലും പഴശ്ശിയുടെ കോട്ട എന്ന ചിന്തയിൽനിന്ന് ഉണ്ടായതാണ്. ഇത്രയും ചരിത്രപ്രാധാന്യമുള്ള സ്ഥലത്ത് ഒരു സ്മാരകമില്ലാത്തത് കുറ്റ്യാടിയുടെ ചരിത്രത്തോടുള്ള അനീതിയാണ്. ബ്രിട്ടീഷ് രേഖകളിൽപോലും ’ എന്ന് അടയാളപ്പെടുത്തിയ ഈ മണ്ണിന് ഒരു മ്യൂസിയം അനിവാര്യമാണ്.
കെ. പ്രേമൻ, എഡിറ്റർ, വേരിടം
നാടിന്റെ ചരിത്രം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും
കുറ്റ്യാടിയുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ് പഴശ്ശിയുടെ പൈതൃകം. പഴയ രജിസ്‌ട്രാർ ഓഫീസ് കേന്ദ്രീകരിച്ച് ഒരു പഴശ്ശി ചരിത്രമ്യൂസിയം സ്ഥാപിക്കണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി, പൈതൃകം സംരക്ഷിച്ചുകൊണ്ടുള്ള സ്മാരകം യാഥാർഥ്യമാക്കാൻ ആവശ്യമായ ഇടപെടൽ നടത്തും.
പാറക്കൽ അബ്ദുള്ള എം.എൽ.എ.
Published: 20 Sept 2026, 03:49 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented