കൊയിലാണ്ടി : കൊയിലാണ്ടി ഹെഡ് പോസ്‌റ്റോഫീസിന് കീഴിലെ കുറുവങ്ങാട്, മേലൂർ പോസ്‌റ്റോഫീസുകൾ പൂട്ടുന്നു. നവംബർ ഏഴിനുളളിൽ ഈ രണ്ട് പോസ്‌റ്റോഫീസുകളും പൂട്ടും. അർബൻ ബ്രാഞ്ച് പോസ്‌റ്റോഫീസുകൾ പൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് ഈ പോസ്‌റ്റോഫീസുകളും നിർത്തലാക്കുന്നത്. വടകരയിൽ പുത്തൂർ, മേപ്പയിൽ, നടക്കുതാഴ ബ്രാഞ്ച് പോസ്‌റ്റോഫീസുകളും നിർത്തലാക്കും.

To advertise here,

ബ്രാഞ്ച് പോസ്‌റ്റോഫീസുകൾ പൂട്ടുന്നതോടെ ഇവിടങ്ങളിൽ ലഭിച്ചിരുന്ന എല്ലാ സേവനങ്ങളും ഇനി കൊയിലാണ്ടിയിലേക്ക് മാറ്റും. ഏതാനും മാസങ്ങൾക്കുളളിൽ മറ്റ് ബ്രാഞ്ച് പോസ്‌റ്റോഫീസുകളും ഘട്ടം ഘട്ടമായി നിർത്തലാക്കുമെന്നാണ് വിവരം.

 

കേരളത്തിൽ 24 പോസ്റ്റൽ ഡിവിഷൻ ഓഫീസുകളായിരുന്നു ഉണ്ടായിരുന്നത്. വയനാട് ജില്ലയിൽ ഡിവിഷൻ ഓഫീസ് ഉണ്ടായിരുന്നില്ല. വയനാടിലെ പോസ്റ്റൽ കാര്യങ്ങൾ കോഴിക്കോട്, തലശ്ശേരി ഡിവിഷന്റെ നേതൃത്വത്തിലായിരുന്നു നടത്തിയിരുന്നത്. ഇപ്പോൾ വയനാടിന് ഡിവിഷൻ ഓഫീസ് വരുന്നുണ്ട്. അപ്പോൾ തലശ്ശേരി ഡിവിഷനിൽനിന്ന് വയനാടിനെ ഒഴിവാക്കും. അതോടെ തലശ്ശേരി ഡിവിഷനും ഇല്ലാതാകും. തൊട്ടടുത്ത വടകര ഡിവിഷനിലേക്ക് കുറച്ചുകൂടി സബ് പോസ്‌റ്റോഫീസുകൾ കൂടി ചേർക്കുന്നതോടെ കൊയിലാണ്ടി ഓഫീസിന്റെ പ്രവർത്തനം കോഴിക്കോട്ടേക്ക് മാറ്റും. കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് സബ്ഓഫീസായി തരംതാഴ്ത്താനും ഇതിന്റെ ഭാഗമായി ശ്രമംതുടങ്ങിയിട്ടുണ്ട്.

ഹെഡ് പോസ്‌റ്റോഫീസിന് കീഴിൽ 25 സബ് ഓഫീസുകൾ വേണമെന്നുണ്ട്. കൊയിലാണ്ടി ഹെഡ് പോസ്‌റ്റോഫീസിന് കീഴിലുണ്ടായിരുന്ന ഏതാനും സബ് ഓഫീസുകളെ മറ്റ് സബ് ഡിവിഷനിലേക്ക് മാറ്റുന്നതോടെ കൊയിലാണ്ടിയുടെ പദവി താഴുകയാണ്. ജീവനക്കാരുടെ എണ്ണവും ഇതോടെ കുറയും. 33 ജീവനക്കാർ കൊയിലാണ്ടി ഹെഡ് ഓഫീസിൽ ഉണ്ടായിരുന്നു. അത് ആറോ ഏഴോ ആയി ആയി കുറയും. ബാക്കി ജീവനക്കാരെ മറ്റു പോസ്‌റ്റോഫീസുകളിലേക്ക് പുനർവിന്യസിക്കും. കൊയിലാണ്ടി ഹെഡ് പോസ്‌റ്റോഫീസിന് കീഴിലെ പെരുവട്ടൂർ, നടേരി കുറുവങ്ങാട് പോസ്റ്റ് ഓഫീസുകളും പൂട്ടാനുമുള്ള നീക്കമുണ്ട്.

പോസ്‌റ്റോഫീസുകൾ പൂട്ടുന്നതിൽ തപാൽജീവനക്കാരുടെ സംഘടനകൾ പ്രക്ഷോഭംതുടങ്ങിയിട്ടുണ്ട്.

പോസ്‌റ്റോഫീസുകൾ പൂട്ടരുത്

കൊയിലാണ്ടി ഹെഡ് പോസ്‌റ്റോഫീസ്‌ സബ് പോസ്റ്റ് ഓഫീസായി തരംതാഴ്ത്താനും പെരുവെട്ടൂർ, നടേരി, കുറുവങ്ങാട് പോസ്‌റ്റോഫീസുകൾ പൂട്ടാനുമുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് കൊയിലാണ്ടി നഗരസഭാധ്യക്ഷൻ യു.കെ. ചന്ദ്രൻ പറഞ്ഞു. കൊയിലാണ്ടിയിലെയും സമീപപ്രദേശങ്ങളിലെയും ആയിരക്കണക്കിന് സാധാരണക്കാരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തപാൽഓഫീസുകളുടെ സേവനം വെട്ടിക്കുറയ്ക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

വർഷങ്ങളായി പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകിവരുന്ന കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിന്റെ പദവി നഷ്ടപ്പെടുത്തുന്നത് പ്രദേശത്തിന്റെ പ്രാധാന്യത്തെയും വികസനസാധ്യതകളെയും അവഗണിക്കുന്ന നടപടിയാണ്. അതോടൊപ്പം പെരുവട്ടൂർ, നടേരി, കുറുവങ്ങാട് പോസ്‌റ്റോഫീസുകൾ പൂട്ടുന്നത് സാധാരണക്കാർക്കും വയോജനങ്ങൾക്കും പെൻഷൻകാർക്കും ചെറുകിട വ്യാപാരികൾക്കും വലിയ പ്രയാസങ്ങൾ സൃഷ്ടിക്കും.

തപാൽസേവനങ്ങൾ കേവലം കത്തിടപാടുകളിൽ മാത്രം ഒതുങ്ങുന്നതല്ല. ബാങ്കിങ്, സമ്പാദ്യപദ്ധതികൾ, ഇൻഷുറൻസ്, പെൻഷൻ വിതരണം തുടങ്ങി സാധാരണക്കാരുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ട ഒട്ടേറെ സേവനങ്ങളാണ് തപാൽഓഫീസുകൾ വഴി ലഭ്യമാകുന്നത്. ഇത്തരം സ്ഥാപനങ്ങൾ ഇല്ലാതാക്കുന്നത് ജനങ്ങളുടെ അടിസ്ഥാനസേവനങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണ്.

പൊതുസേവന സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുകയും ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായി സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യേണ്ടതിന് പകരം നിലവിലുള്ള സ്ഥാപനങ്ങൾ പൂട്ടുകയും തരംതാഴ്ത്തുകയും ചെയ്യുന്ന സമീപനം അംഗീകരിക്കാനാവില്ല.

കൊയിലാണ്ടിയുടെ പ്രാധാന്യവും ജനസംഖ്യയും വർധിച്ചുവരുന്ന സേവനാവശ്യങ്ങളും പരിഗണിച്ച് ഹെഡ് പോസ്റ്റ് ഓഫീസിന്റെ നിലവിലുള്ള പദവി നിലനിർത്തുകയും പെരുവെട്ടൂർ, നടേരി, കുറുവങ്ങാട് പോ​േസ്റ്റാഫീസുകളുടെ പ്രവർത്തനം തുടരുമെന്ന് ഉറപ്പുവരുത്തുകയും വേണം. ഈ വിഷയത്തിൽ എം.പി.യും തപാൽവകുപ്പ് അധികൃതരും അടിയന്തരമായി ഇടപെടണം.

ജനങ്ങളുടെ താത്‌പര്യങ്ങൾക്ക് വിരുദ്ധമായ നീക്കത്തിൽനിന്ന് ബന്ധപ്പെട്ട അധികൃതർ പിന്മാറണമെന്നും അല്ലാത്തപക്ഷം ജനപ്രതിനിധികളെയും പൊതുജനങ്ങളെയും അണിനിരത്തി ശക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകേണ്ടിവരുമെന്നും ചെയർമാൻ അറിയിച്ചു.