കല്പറ്റ : മനസ്സുനിറയ്ക്കുന്ന പാട്ടുകൾ, ഒപ്പം ചൂടുള്ള ചായയും ചെറുകടികളും. പാട്ടുകേട്ടാസ്വദിച്ച് ചൂടുചായയും കുടിച്ചവർ സൗഹൃദം പങ്കിട്ടു. മടങ്ങാൻ നേരം മനസ്സറിഞ്ഞൊരു തുക സ്നേഹസമ്മാനമായി നൽകി. ആളുകൾ വന്നും പോയും കൊണ്ടേയിരുന്നു. നന്മയുടെ നാളെക്കായി അവർ ഒരുമയുടെ മധുരംനുകർന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്താനായി കല്പറ്റ ചാരിറ്റബിൾ സൊസൈറ്റി നടത്തിയ ടി-ഫോർ ചാരിറ്റി ചായസത്കാരം സ്നേഹസംഗമമായി മാറി.
ശനിയാഴ്ച രാവിലെ ഒൻപതു മുതൽ കല്പറ്റ യെസ് ഭാരത് ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ വേദിയിലായിരുന്നു പരിപാടി. ഒരുഭാഗത്ത് ചായയും കാപ്പിയും ജ്യൂസുമെല്ലാം വിതരണം ചെയ്തുകൊണ്ടിരുന്നു. ഒപ്പം പഴംപൊരി, കല്ലുമ്മക്കായ, ഉന്നക്കായ തുടങ്ങിയ ചെറുകടികളും. വേദിയുടെ ഒരുഭാഗത്ത് പാട്ടുപാടാനുള്ള സ്റ്റേജായിരുന്നു. വൈകീട്ടോടെ തിരക്കേറി. ഒട്ടേറെപ്പേർ പാട്ടുകളുമായി എത്തിയതോടെ ചായസത്കാരം ഒരു ആഘോഷമായി മാറി. രാത്രിയോടെ പ്രതീക്ഷിച്ചതിലും കൂടുതൽ ആളുകളെത്തി. അറിഞ്ഞെത്തിയവരും അതുവഴി കടന്നുപോകുമ്പോൾ പരിപാടി ശ്രദ്ധയിൽപ്പെട്ട് കയറിയവരുമെല്ലാം ആ കൂട്ടത്തിലുണ്ടായിരുന്നു. അയൽക്കൂട്ടങ്ങൾ, സ്വാശ്രയസംഘങ്ങൾ, വിവിധ സംഘടനകൾ, വ്യക്തികൾ തുടങ്ങിയവരാണ് ചായയും കടിയുമെല്ലാം സ്പോൺസർ ചെയ്തത്.
സ്നേഹംനിറഞ്ഞ സംഭാവനകൾ
ശാരീരിക അവശതകളുമായി അതുവഴി കടന്നുപോകുമ്പോഴും തന്റെ കൈവശമുള്ള തുക സംഭാവനയായി നൽകിയ ആളും, കുടുക്കയിലെ തന്റെ കുഞ്ഞു സമ്പാദ്യവുമായെത്തിയ മൂന്നുവയസ്സുകാരൻ തമീം അക്മലുമെലും സ്വരൂപിച്ച തുകയുമായെത്തിയ തൊഴിലാളികളുമെല്ലാം സഹജീവി സ്നേഹത്തിന്റെ മാതൃകയായി.
കല്പറ്റ ചാരിറ്റബിൾ സൊസൈറ്റി ജീവകാരുണ്യ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ധനസമാഹരണം നടത്തുന്നത്.
ഒാട്ടിസം ബാധിച്ച 86 കുട്ടികൾക്ക് സൊസൈറ്റി ഇപ്പോൾ പ്രതിമാസം ആയിരം രൂപവീതം പെൻഷൻ നൽകുന്നുണ്ട്. ധനസമാഹരണത്തിലൂടെ നൂറു കുട്ടികൾക്ക് സഹായമെത്തിക്കുകയാണ് പ്രധാനലക്ഷ്യം.
ചായസത്കാരം മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണൻ, വൈസ് പ്രസിഡന്റ് ടി. ഹംസ, കല്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ, ഉപാധ്യക്ഷ എസ്. സൗമ്യ, കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ, ഡിവൈ.എസ്.പിമാരായ കെ.കെ. മുഹമ്മദ് ഷെരീഫ്, ടി.എ. അഗസ്റ്റിൻ, വിവിധ രാഷ്്ട്രീയപാർട്ടി പ്രവർത്തകർ ജനപ്രതിനിധികൾ, സാമൂഹിക സാംസ്കാരിക മേഖലയിലുള്ളവർ തുടങ്ങിയവരെല്ലാം പങ്കെടുത്തു.
രാത്രി വൈകിയാണ് പരിപാടി സമാപിച്ചത്.
Published: 01 Nov 2026, 02:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented