കോഴിക്കോട് : ഡൽഹിയിൽ വിദ്യാർഥികളും യുവാക്കളും നടത്തുന്ന പ്രതിഷേധത്തെ കേന്ദ്രം ഭയക്കുകയാണെന്നും ചെറുപ്പക്കാർക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കിയെന്നും ആർ.ജെ.ഡി. സംസ്ഥാനപ്രസിഡൻറ് എം.വി. ശ്രേയാംസ് കുമാർ പറഞ്ഞു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ആർ.ജെ.ഡി. ജില്ലാകമ്മിറ്റി നടത്തിയ ആദായനികുതി ഓഫീസ് മാർച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ചെറുപ്പക്കാർ വാസ്തവം തിരിച്ചറിഞ്ഞു. അവർ േകന്ദ്രസർക്കാരിന് എതിരാണ്. വ്യവസ്ഥാപിത രാഷ്ട്രീയപ്പാർട്ടികൾ സമരം നടത്തിക്കോളൂ, ചെറുപ്പക്കാർ ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കേന്ദ്ര നിലപാട്. ഭരണഘടനാസ്ഥാപനങ്ങളെയെല്ലാം ബി.ജെ.പി. സർക്കാരിന്റെ വരുതിയിൽ വരുത്തി എല്ലാ സംവിധാനങ്ങളും അട്ടിമറിക്കുകയാണ്. ജനങ്ങൾ വോട്ട് ചെയ്താണ് സർക്കാർ അധികാരത്തിലേറുന്നത്. എന്നാൽ, ഇന്ന് ആര് വോട്ടു ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കുകയാണ്.
ബി.ജെ.പി.ക്ക് വോട്ട് നൽകില്ലെന്ന് ഉറപ്പുള്ള ജനങ്ങളുടെ വോട്ടാണ് ഇല്ലാതാക്കുന്നത്. രാഹുൽഗാന്ധി വോട്ടുചോരിയെക്കുറിച്ച് പറഞ്ഞപ്പോൾ ആരും ഗൗരവത്തിലെടുത്തില്ല. രാഷ്ട്രീയമായി എല്ലാ കാര്യങ്ങളും അറിയുന്ന ജനതയാണ് കേരളത്തിലേത്. അതിനാൽ, കേരളത്തിൽ മറ്റു സംസ്ഥാനങ്ങളിലേതുപോലെ വോട്ടർപട്ടിക മാറ്റാനാകില്ല.
ഏത് പാർട്ടിയായാലും ജനാധിപത്യം സംരക്ഷിക്കപ്പെടണം. പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ്. സർക്കാരിനെ എതിർക്കുന്നത് രാജ്യദ്രോഹമല്ല.
രാഷ്ട്രീയവ്യത്യാസമില്ലാതെ മുന്നണികളും ചെറുപ്പക്കാരുമെല്ലാം സമരത്തിന്റെ ഭാഗമാണ്. അവരെ ഏതുരീതിയിലാണ് പോലീസ് കൈകാര്യംചെയ്യുന്നതെന്ന് നമ്മൾ കണ്ടതാണ്. എത്രയൊക്കെ തമസ്കരിക്കാൻ ശ്രമിച്ചാലും ഇന്ത്യൻ ജനത നടത്തുന്ന പോരാട്ടത്തിൽ അന്തിമവിജയം ജനാധിപത്യവിശ്വാസികൾക്കായിരിക്കുമെന്നും എം.വി. േശ്രയാംസ് കുമാർ പറഞ്ഞു.
ആർ.ജെ.ഡി. ജില്ലാപ്രസിഡന്റ് എം.കെ. ഭാസ്കരൻ അധ്യക്ഷനായി. സംസ്ഥാന ജനറൽസെക്രട്ടറി വി. കുഞ്ഞാലി, ദേശീയകമ്മിറ്റി അംഗം മനയത്ത് ചന്ദ്രൻ, ജില്ലാസെക്രട്ടറി ജെ.എൻ. പ്രേംഭാസിൻ, സംസ്ഥാന ഭാരവാഹികളായ എൻ.കെ. വത്സൻ, എൻ.സി. മോയിൻകുട്ടി, ഇ. രവീന്ദ്രനാഥ്, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ ഇ.പി. ദാമോദരൻ, സലിം മടവൂർ, എം.പി. ശിവാനന്ദൻ, മഹിളാ ജനതാ ജില്ലാ പ്രസിഡന്റ് പി.സി. നിഷാകുമാരി, യുവജനത പ്രസിഡന്റ് പി. കിരൺജിത്ത്, ന്യൂനപക്ഷസെൽ കൺവീനർ പി.എം. തോമസ്, ഉമേഷ് കുമാർ അരങ്ങിൽ എന്നിവർ സംസാരിച്ചു. മുതലക്കുളത്തുനിന്ന് പ്രകടനമായാണ് ആദായനികുതി ഓഫീസിന് മുന്നിലേക്കെത്തിയത്.
Published: 16 Oct 2026, 03:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented