​മുക്കം : നിർമാണം പാതിവഴിയിൽ നിലച്ച കുറ്റിപ്പാലയിലെ ഫ്ലാറ്റ് സമുച്ചയം എട്ടുമാസത്തിനകം ഗുണഭോക്താക്കൾക്ക് കൈമാറുമെന്ന് ജലവിഭവ- ഭവനനിർമാണ മന്ത്രി മോൻസ് ജോസഫ് നിയമസഭയിൽ പറഞ്ഞു. സി.കെ. കാസിം എം.എൽ.എ.യുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ​2020-21 വർഷത്തെ പ്ലാൻഫണ്ടിൽ ഉൾപ്പെടുത്തിയാണ് ആറുകോടിയോളം രൂപ ചെലവ് വരുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം സംസ്ഥാന ഹൗസിങ് ബോർഡ് ആരംഭിച്ചത്. 44 കുടുംബങ്ങൾക്ക് താമസ സൗകര്യമൊരുക്കാൻ ലക്ഷ്യമിടുന്ന

To advertise here,

ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം പാതിവഴിയിൽ നിലച്ചതോടെ വാടകവീടുകളിൽ തുടരുകയാണ് ഒട്ടേറെ കുടുംബങ്ങൾ. മുക്കം നഗരസഭയിലെ കുറ്റിപ്പാലയിൽ രാജീവ് ഗാന്ധി നഗറിന് സമീപമാണ് മൂന്നുനില ഫ്ലാറ്റ് സമുച്ചയം നിർമിക്കുന്നത്. നഗരസഭയിലെ 27 കുടുംബങ്ങളും കാരശ്ശേരി, കൂടരഞ്ഞി പഞ്ചായത്തുകളിലെ കുടുംബങ്ങളും ഉൾപ്പെടെ 44 കുടുംബങ്ങൾക്കായാണ് ഫ്ലാറ്റ് നിർമിക്കുന്നത്.

ടൈൽസ് വിരിക്കുന്നതടക്കം പദ്ധതിയുടെ 78 ശതമാനം പ്രവൃത്തികളും നിലവിൽ പൂർത്തീകരിച്ചിട്ടുണ്ട്. അവശേഷിക്കുന്ന ജോലികൾ പൂർത്തിയാക്കുന്നതിൽ കരാറുകാരൻ വീഴ്ചവരുത്തിയതിനാൽ കരാർ റിസ്‌ക് ആൻഡ് കോസ്റ്റിൽ റദ്ദാക്കുകയായിരുന്നു. ബാക്കി പ്രവൃത്തികൾ പൂർത്തീകരിക്കാൻ പുതിയ കരാറുകാരനെ തിരഞ്ഞെടുക്കുന്നതിന് കഴിഞ്ഞ ഓഗസ്റ്റ് 24-ന് ടെൻഡർ ക്ഷണിച്ചെങ്കിലും ആരും പങ്കെടുത്തില്ല.

പിന്നീട് സെപ്റ്റംബർ 14ന് ക്ഷണിച്ച പുനർ ടെൻഡറിൽ ഒരാൾമാത്രമാണ് പങ്കെടുത്തത്. ടെൻഡർ മൂല്യനിർണയം കോഴിക്കോട് മേഖലാ ഓഫീസിൽ പുരോഗമിച്ചുവരുകയാണന്നും പഴയ കരാറുകാരന്റെ റിസ്‌ക് ആൻഡ് കോസ്റ്റിൽ പ്രവൃത്തി ഉടൻ പുനരാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2027 മേയ് മാസം പ്രവൃത്തി പൂർത്തീകരിച്ച് ജൂണിൽ ഗുണഭോക്താക്കൾക്ക് കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ ഫ്ലാറ്റ് സമുച്ചയം കാടുകയറി തെരുവുനായകളുടെയും സമൂഹവിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണ്. ഈ പ്രശ്നത്തിനും പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.