ചിറ്റൂർ : രാവിലത്തെ മൂടിക്കെട്ടിയ കാലാവസ്ഥയും വൈകീട്ടത്തെ മഴയും നെൽക്കർഷകരെ ബാധിക്കുന്നു. ചിറ്റൂർമേഖലയിൽ കൊയ്ത നെല്ല് ഉണക്കാനാവാതെ കളങ്ങളിലും വീടുകളിലും കൂട്ടിയിട്ടിരിക്കയാണ്.

To advertise here,

പകൽ വെയിൽലഭിക്കാത്ത ദിവസങ്ങളിൽ നെല്ലുണക്കാനാവുന്നില്ല. കൊയ്തനെല്ല് നനയാതെ ടാർപ്പോളിനിട്ട് മൂടുമ്പോൾ ഈർപ്പംമൂലം നെല്ലിൽ വെള്ളം കെട്ടി കുഴഞ്ഞമട്ടിലാണ്. കൂടുതൽ ദിവസം കൂട്ടിയിട്ട നെല്ലുണക്കാനാവാതെ സൂക്ഷിച്ചാൽ മുളച്ച് നശിക്കും. ഇത് കർഷകന് കനത്ത നഷ്ടമുണ്ടാക്കുന്നതായി അരണ്ടപ്പള്ളത്തെ കർഷകൻ രാജൻ പറയുന്നു.

മഴമൂലം കൊയ്ത്തുയന്ത്രം പാടത്തിറക്കാനും കഴിയാത്ത അവസ്ഥയിലാണ്.

ഇതിനുപുറമേ കൊയ്യാതെ നിൽക്കുന്ന നെല്ല് മഴയിൽ വീണടിയുന്നു.

ഇത്തവണ കനാൽവെള്ളം വേണ്ടപോലെ ലഭിക്കാതിരുന്നിട്ടും ഉണക്കംവരാതെ വിളവെടുക്കുമ്പോഴാണ് കർഷകന് പുതിയ കാലാവസ്ഥ ഭീഷണിയാകുന്നത്.

മറ്റൊരു പ്രധാനപ്രശ്നം കർഷകത്തൊഴിലാളി ക്ഷാമമാണ്. നെല്ലുണക്കാനും മറ്റും കിട്ടിയിരുന്ന തൊഴിലാളികൾ തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെട്ടതോടെ കർഷകർ നെട്ടോട്ടത്തിലാണെന്ന് പൊൽപ്പുള്ളി മുരുകനോട് പാടശേഖരസമിതി സെക്രട്ടറി ദിവാകരൻ പറഞ്ഞു.