നേതൃത്വത്തിന്റെ തിരുത്തലിന്റെ ശബ്ദംകേൾക്കാൻ സി.പി.എം. പ്രവർത്തകർ ഒഴുകിയെത്തിയപ്പോൾ കോഴിക്കോട് കടപ്പുറത്തിന് ചെങ്കടലിന്റെ ചുവപ്പായി. ഓപ്പൺ സ്റ്റേജ് പരിസരം മുതൽ കോർപ്പറേഷൻ ഓഫീസിന്റെയും അപ്പുറത്തേക്കുവരെയും ആ ചുവപ്പ് പടർന്നു. കടപ്പുറത്തേക്ക് പലർക്കും എത്താൻകഴിയാത്തവിധം ആൾക്കടലായി മാറി.
കോഴിക്കോട്: പാർട്ടിനേതാക്കൾ വിമർശനച്ചൂടിൽ പൊള്ളുമ്പോൾ കടപ്പുറത്തെ കൊടുംവെയിൽ അണികളെ പൊള്ളിച്ചില്ല. പ്രാണനോട് ചേർത്തുനിർത്തിയ പാർട്ടിയെന്ന ആവേശം കനൽപോലെ കത്തിയാളിയ വെയിലിലും അവർക്ക് കുടയായി. മൂന്നുനാൾ നീണ്ട സി.പി.എം. വിപുലീകൃത സംസ്ഥാനകമ്മിറ്റിക്ക് സമാപനംകുറിച്ച് ചൊവ്വാഴ്ച വൈകീട്ട് നടന്ന റാലി കരുത്തിന്റെ പ്രകടനമായി. വൈകീട്ട് മൂന്നുമുതൽതന്നെ സി.പി.എം. പ്രവർത്തകർ കൊച്ചുകൊച്ചു റാലികളായി കടപ്പുറത്തേക്ക് എത്തിക്കൊണ്ടിരുന്നു. മുതിർന്ന നേതാക്കൾ എത്തുന്നതിനുമുൻപ് നാലരയോടെ കടപ്പുറത്തെ വേദി ഏതാണ്ട് നിറഞ്ഞിരുന്നു. പി. ജയരാജൻ വേദിയിലേക്ക് എത്തിയപ്പോൾത്തന്നെ ഓപ്പൺ സ്റ്റേജിന് പിന്നിൽനിന്ന പ്രവർത്തകർ മുദ്രാവാക്യം വിളികളുയർത്തി അഭിവാദ്യംചെയ്തു. ജനറൽ സെക്രട്ടറി എം.എ. ബേബിയും പ്രതിപക്ഷനേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെല്ലാം ഒരുമിച്ചാണ് എത്തിയത്.
കോഴിക്കോട് കടപ്പുറത്ത് നടന്ന സ്വാതന്ത്ര്യസമരപോരാട്ടങ്ങളുടെ കഥപറഞ്ഞാണ് പി.എ. മുഹമ്മദ് റിയാസിന്റെ തുടക്കം. പാർട്ടി പിന്നിട്ട പോരാട്ടവഴികളും വെല്ലുവിളികളും പറഞ്ഞ് ഒരു ഭീഷണിക്കും മുന്നിലും പിൻമാറില്ലെന്ന് പറഞ്ഞാണ് നിർത്തിയത്. പിന്നീട് അധ്യക്ഷപ്രസംഗം നടത്തിയ എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും സംസ്ഥാന സമിതിയിലേക്കും തിരഞ്ഞെടുത്ത നേതാക്കളുടെ പേരുകൾക്കിടെ പി. ജയരാജന്റെ പേരുപറയുമ്പോൾ നിലയ്ക്കാത്ത ആരവമായിരുന്നു കടപ്പുറം നിറയെ.
ഏറെക്കാലം അർഹമായ പരിഗണന നൽകാതെ മാറ്റിനിർത്തപ്പെട്ട് ഒടുവിൽ ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചതിന്റെ അണികളുടെ സന്തോഷപ്രകടനമായിരുന്നു ആ ആരവം. മുകളിൽനിന്ന് താഴെവരെയുള്ള എല്ലാ തെറ്റായപ്രവണതകളെയും തിരുത്തി മുന്നോട്ടുപോവുമെന്ന എം.വി. ഗോവിന്ദന്റെ പ്രഖ്യാപനം കൈയടികളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. വൈകീട്ട് നാലുമണിയോടെ എത്തിച്ചേർന്ന ജനം ഇരുൾമൂടിയിട്ടും പിരിഞ്ഞുപോയില്ല. എം.എ. ബേബിയുടെയും പിണറായി വിജയന്റെയും പ്രസംഗവും കഴിഞ്ഞാണ് വേദികൾ കാലിയായത്.
പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.കെ. ശൈലജ, ടി.എം. തോമസ് ഐസക്, പി. രാജീവ്, കെ.എൻ. ബാലഗോപാൽ, ടി.പി. രാമകൃഷ്ണൻ, നേതാക്കളായ എം.ബി. രാജേഷ്, കടകംപള്ളി സുരേന്ദ്രൻ, എ. പ്രദീപ്കുമാർ, എം. സ്വരാജ്, പി. സതീദേവി, സി.എസ്. സുജാത, ജോൺ ബ്രിട്ടാസ്, പി. മോഹനൻ, വി.കെ.സി. മമ്മദ്‌കോയ, കെ.കെ. ലതിക, എം. മെഹബൂബ്, വി. വസീഫ്, കോർപ്പറേഷൻ മേയർ ഒ. സദാശിവൻ, സി.പി. മുസാഫർ അഹമ്മദ്, പി.ടി.എ. റഹീം തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
Published: 16 Sept 2026, 04:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented