തിരുവമ്പാടി : ഒരുവശത്ത് റോഡുപണി പുരോഗമിക്കുമ്പോൾ മറുവശത്ത് ഒാഫ് റോഡിൽ സാഹസിക സഞ്ചാരികളുടെ റോഡ് റേസിങ് അരങ്ങുതകർക്കുന്നു. വാഹനപ്പട റോഡാകെ ഉഴുതുമറിക്കുന്നു. പാടെ കുണ്ടും കുഴിയുമായി കിടക്കുന്ന പൂവാറൻതോട്-ചാലിയാർ പി.ഡബ്ല്യു.ഡി. റോഡിനാണ് ഈ ദുരവസ്ഥ.
ഉരുൾപൊട്ടി ഉഴുതുമറിച്ചനിലയിലാണ് റോഡ്. ചെളിയും കൂറ്റൻകല്ലുകളും അടിഞ്ഞുകൂടികിടക്കുന്നു. ഇതാണ് സാഹസിക സഞ്ചാരികളെ ആകർഷിക്കുന്നത്. കൂടരഞ്ഞി പഞ്ചായത്തിലെ നായാടംപൊയിൽ, പൂവാറൻതോട്, മേടപ്പാറ പ്രദേശത്തെ ഒട്ടേറെ കർഷക കുടുംബങ്ങൾ ആശ്രിക്കുന്ന റോഡാണിത്. ഏതാനും മാസംമുൻപാണ് പൂവാറൻതോട് മേടപ്പാറ ഭാഗത്ത് റോഡ് പ്രവൃത്തി ആരംഭിക്കുന്നത്.
നായാടംപൊയിൽ റോഡിലാണ് സാഹസിക സഞ്ചാരികളുടെ താണ്ഡവം. എട്ടും പത്തും വണ്ടികളൊക്കെയാണ് നിത്യേനയെത്തുന്നത്. ഒഴിവുദിവസങ്ങളിൽ എണ്ണം കൂടും. കക്കാടംപൊയിൽ-മേടപ്പാറ-നായാടംപൊയിൽ വഴിയും, കൂടരഞ്ഞി-പൂവാറൻതോട്-മേടപ്പാറ വഴിയുമാണ് റോഡ് റേസിങുളള ജീപ്പുകളിലും മറ്റും സഞ്ചാരികളെത്തുന്നത്. മലപ്പുറം ജില്ലകളിൽനിന്നടക്കം സഞ്ചാരികളെത്തുന്നുണ്ട്. നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നതോടെ വാക്കേറ്റവും ബഹളവും പതിവാകുകയാണ്. തുറന്ന വാഹനങ്ങളിൽ പലപ്പോഴും കുട്ടികളെയും സ്ത്രീകളെയുമെല്ലാം കാണാം.
വൻകയറ്റിറക്കങ്ങളും കൊക്കയുമെല്ലാമുള്ള റോഡാണിത്. വാഹനങ്ങൾ നിയന്ത്രണംവിട്ടാൽ വൻദുരന്തമായിരിക്കും സംഭവിക്കുക. ഏറെ പഴക്കമുള്ള റോഡ് കാലങ്ങളായി അവഗണിക്കപ്പെടുന്നത് സംബന്ധിച്ച് കഴിഞ്ഞ ജനുവരി 18-ന് 'മാതൃഭൂമി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് റോഡ് നവീകരണപ്രവൃത്തി ആരംഭിക്കുന്നത്. റോഡ് തകർച്ച കാരണം സ്കൂൾ വിദ്യാർഥികൾ അനുഭവിക്കുന്ന ദുരിതം തീരാവേദനയുടെതാണ്. ആശുപത്രിയിൽ രോഗികളെയുമായി പോകാൻ നരകയാതന അനുഭവിക്കണം. കൃഷിയെമാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണെറെയും. ചരക്കുകകൾ വിപണികളിലെത്തിക്കുന്നതിന് കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല. ഈ റോഡാണ് ഇപ്പോൾ വാഹന റേസിങിൽ ഉഴുതുമറിക്കുന്നത്.
കോടമഞ്ഞു പുതഞ്ഞുകിടക്കുന്ന പൂവാറൻതോട്, മേടപ്പാറ, ഉടുമ്പുപാറ, ഉറുമി, നായാടംപൊയിൽ, കക്കാടംപൊയിൽ വിനോദസഞ്ചാര മേഖലകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. പോലീസ് പട്രോളിങ് ഊർജിതപ്പെടുത്തി വാഹന റേസിങ് കർശനമായി നിയന്ത്രിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Published: 26 Jun 2026, 03:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented