വടകര : വടകരയിൽ നിലവിലെ മത്സ്യമാർക്കറ്റ് പൊളിച്ച് ആധുനിക മത്സ്യമാർക്കറ്റ് നിർമിക്കുന്നതിന് കരാറായി. കിഫ്ബി അനുവദിച്ച 17.94 കോടി രൂപയ്ക്ക് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കരാർ ഏറ്റെടുത്തത്. 18 മാസംകൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് കരാർ.

To advertise here,

എന്നാൽ കരാറായശേഷം കിഫ്ബി ഇത്രയുംതുക ആവശ്യമുണ്ടോ എന്ന് ചോദിച്ച് നഗരസഭയ്ക്ക് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് കിഫ്ബി ഉദ്യോഗസ്ഥരും യു.എൽ.സി.സി.എസും. നഗരസഭയും സംയുക്തമായി സ്ഥലത്ത് പരിശോധന നടത്തി. നേര​േത്ത പറഞ്ഞ സംവിധാനങ്ങൾ എല്ലാം ഒരുക്കണമെങ്കിൽ ഇത്രയുംതുക ആവശ്യമാണെന്ന് നഗരസഭ കിഫ്ബിയെ അറിയിക്കുകയുംചെയ്തു.

ഇതിന് കിഫ്ബിയിൽനിന്ന്‌ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് നഗരസഭാ ചെയർമാൻ പി.കെ. ശശി പറഞ്ഞു. മറുപടി ലഭിച്ചാൽ ഉടൻതന്നെ മത്സ്യ മാർക്കറ്റ് താത്‌കാലികമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2017-18-ൽ നഗരസഭ ബജറ്റിൽവെച്ച പദ്ധതിയാണ് ആധുനിക മത്സ്യമാർക്കറ്റ്. 2018-ൽ ഡി.പി.ആർ. തയ്യാറാക്കാൻ ജിപാക് എന്ന കൺസൾട്ടിങ് കമ്പനിയുമായി കരാറുണ്ടാക്കി. ഇവർ തയ്യാറാക്കിയ ഡി.പി.ആറാണ് കിഫ്ബിയിൽ സമർപ്പിച്ചത്. ഡി.പി.ആറിൽ കിഫ്ബി നിർദേശിച്ച മാറ്റങ്ങളെല്ലാം വരുത്തിയശേഷമാണ് സാമ്പത്തിക അനുമതിയായത്.

13.30 കോടി രൂപയായിരുന്നു കിഫ്ബി നേര​േത്ത മത്സ്യമാർക്കറ്റിനായി അനുവദിച്ചത്. പദ്ധതി നടപ്പാക്കാൻ വൈകിയതിനാൽ ജി.എസ്.ടി., നിർമാണച്ചെലവ് തുടങ്ങിയവയെല്ലാം വർധിച്ചു. ഇതോടെ 13.30 കോടി രൂപ മതിയാവാത്തതു കാരണം എസ്റ്റിമേറ്റ് പുതുക്കി 15.36 കോടിരൂപയാക്കി. പിന്നീട് വീണ്ടും വർധിപ്പിച്ചാണ് 17.94 കോടിരൂപയായത്.

നാലുനില, 34,926 ചതുരശ്രയടി

നാലുനിലകളിലായി 34926.7 ചതുരശ്രയടി വിസ്തീർണത്തിലാണ് ആധുനിക മത്സ്യമാർക്കറ്റിന്റെ നിർമാണം. ഇപ്പോഴത്തെ മത്സ്യമാർക്കറ്റും സമീപത്തെ ഇറച്ചി മാർക്കറ്റും പൂർണമായും പൊളിക്കും. 40.29 സെന്റ് സ്ഥലമാണ് ഇവിടെ നഗരസഭയ്ക്കുള്ളത്.

ബേസ്‌മെന്റിൽ പാർക്കിങ് സൗകര്യം ഏർപ്പെടുത്തും. ഗ്രൗണ്ട് ഫ്ളോറിലാണ് മീൻ, ഇറച്ചി മാർക്കറ്റ്, ഒന്നാംനിലയിൽ പച്ചക്കറി മാർക്കറ്റും സൂപ്പർമാർക്കറ്റും, രണ്ടാംനിലയിൽ ചെറുതും വലുതുമായ 20 സ്റ്റാളുകൾ. ലോഡിങ്, അൺലോഡിങ് ഏരിയയിൽ ഒരേസമയം അഞ്ച് ട്രക്കുകൾ പാർക്കു ചെയ്യാനുള്ള സൗകര്യമുണ്ടാകും. ദിവസം 10,000 ലിറ്റർ മലിനജലം ശുദ്ധീകരിക്കാനുള്ള സംവിധാനവും ഉണ്ടാകും. എല്ലാ നിലകളിലും ശൗചാലയങ്ങളുണ്ടാകും. ലിഫ്റ്റ് സൗകര്യവുമുണ്ട്. ഭിന്നശേഷീ സൗഹൃദമായിരിക്കും മാർക്കറ്റ്.