കോട്ടയം: ഓഫീസ് പരിസരത്തെ മരങ്ങൾ വെട്ടിമാറ്റാൻ നടപടിയില്ലാതായതോടെ കാഞ്ഞിരപ്പള്ളി താലൂക്കിലെ ഇടക്കുന്നം വില്ലേജ് ഓഫീസ് സ്മാർട്ടാക്കാനുള്ള നടപടികൾ ചുവപ്പ് നാടയിൽ കുരുങ്ങി. താലൂക്കിലെ മറ്റ് വില്ലേജ് ഓഫീസുകളെല്ലാം സ്മാർട്ട് വില്ലേജ് ഓഫീസ് സൗകര്യം ഏർപ്പെടുത്തുമ്പോഴാണ് ഇടക്കുന്നം വില്ലേജ് ഓഫീസിന്റെ നിർമാണം മാത്രം തടസപ്പെട്ടത്.

To advertise here,

2020 ലാണ് ഇടക്കുന്നം വില്ലേജ് സ്മാർട്ടാക്കാൻ ഫണ്ട് അനുവദിച്ചത്. എന്നാൽ വില്ലേജ് ഓഫീസിന് മുകളിലേയ്ക്ക് ചാഞ്ഞു നിൽക്കുന്ന തേക്ക്, മഹാഗണി മരങ്ങൾ വെട്ടിമാറ്റിയാൽ മാത്രമേ നിർമാണ പ്രവർത്തനം ആരംഭിക്കാൻ സാധിക്കുകയുള്ളു. വനം വകുപ്പുമായി ബന്ധപ്പെട്ട് മരങ്ങൾക്ക് വില നിശ്ചയിച്ച് മൂന്നുതവണ ലേലം നടത്തിയെങ്കിലും മരങ്ങൾ വിറ്റുപോയില്ല. ഇതോടെ വില്ലേജ് ഓഫീസ് സ്മാർട്ടാക്കാനുള്ള നടപടികളും നിലച്ചു. സംഭവം ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ടെന്നാണ് വില്ലേജ് ഓഫീസ് അധികൃതർ പറയുന്നത്. 

2016 മുതലാണ് സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ ലക്ഷ്യമിട്ട് സ്മാർട്ട് വില്ലേജ് ഓഫീസുകൾ നിർമിക്കാൻ സർക്കാർ നടപടി തുടങ്ങിയത്. 44 ലക്ഷം രൂപയാണ് ഒരു സ്മാർട്ട് വില്ലേജ് ഓഫീസ് നിർമിക്കാനായി സർക്കാർ അനുവദിക്കുന്നത്. മെച്ചപ്പെട്ട കെട്ടിടം, ഫ്രണ്ട് ഓഫീസ്, ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്ക് വിശ്രമിക്കാൻ സൗകര്യം, കുടിവെള്ളം, ശൗചാലയം , ഭിന്നശേഷി സൗഹൃദം തുടങ്ങി ഒട്ടേറെ സൗകര്യങ്ങളാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളിൽ ഏർപ്പെടുത്തുന്നത്.