ഓച്ചിറ(കൊല്ലം): തിരഞ്ഞെടുപ്പ്‌ കമ്മിഷന്റെ നിർദേശപ്രകാരം, ബൂത്തുകളും മറ്റും സജ്ജീകരിച്ച വകയിൽ ചെലവായ പണം തിരഞ്ഞെടുപ്പു കഴിഞ്ഞ്‌ രണ്ടു മാസം പിന്നിട്ടിട്ടും അനുവദിച്ചുനൽകാത്തത്‌ വില്ലേജോഫീസർമാരെ പ്രതിസന്ധിയിലാക്കുന്നു.

To advertise here,

പിങ്ക്‌ ബൂത്തുകൾ, മാതൃകാ പോളിങ്‌ സ്റ്റേഷനുകൾ തുടങ്ങിയവ സജ്ജീകരിക്കുന്നതിനും ബൂത്തുകളോടു ചേർന്ന്‌ തണലിനായി പന്തൽ കെട്ടുന്നതിനുമായി, ഒരു വില്ലേജിൽ ശരാശരി 50,000 മുതൽ 60,000 രൂപ വരെ വില്ലേജോഫീസർമാർക്ക്‌ ചെലവായിട്ടുണ്ട്‌. ഈ തുകയാണ്‌ അനുവദിച്ചുനൽകാത്തത്‌. ഒരു വില്ലേജിൽ ശരാശരി 15 മുതൽ 25 വരെ പോളിങ്‌ ബൂത്തുകളാണുള്ളത്‌.

ഇതിനു പുറമേ ബൂത്തുകളിൽ ശബ്ദം, വെളിച്ചം, താത്‌കാലിക ഭൗതികസാഹചര്യം തുടങ്ങിയവ ഒരുക്കുന്നതിനും വലിയ തുകയാണ്‌ വില്ലേജോഫീസർമാർക്ക്‌ ചെലവഴിക്കേണ്ടിവന്നത്‌. എന്നാൽ, നാമമാത്രമായ തുകയാണ്‌ കമ്മിഷൻ അനുവദിച്ചുനൽകുന്നതെന്ന പാരാതിയും ഇവർക്കുണ്ട്‌.

ബൂത്ത്‌ ക്രമീകരണത്തിന്‌ 500 രൂപയും രണ്ടു ദിവസത്തേക്ക്‌ വൈദ്യുതി ലഭ്യമാക്കുന്നതിന്‌ 310 രൂപയും ശുചീകരണത്തിനും മറ്റുമായി 310 രൂപയും ശുദ്ധജലവിതരണത്തിനായി 250 രൂപയും പെഡസ്റ്റൽ ഫാനുകൾ സജ്ജീകരിക്കുന്നതിന്‌ 190 രൂപയും ഭിന്നശേഷിക്കാർക്കായി താത്‌കാലിക റാമ്പ്‌ സജ്ജീകരിക്കുന്നതിന്‌ 620 രൂപയുമാണ്‌ കമ്മിഷൻ അനുവദിക്കുന്നത്‌. കമ്മിഷൻ അനുവദിക്കുന്ന പണത്തെക്കാൾ ഭീമമായ തുകയാണ്‌ പലയിടത്തും വില്ലേജോഫീസർമാർക്കു ചെലവഴിക്കേണ്ടിവന്നത്‌.

അതിനിടെ, പന്തൽ, വൈദ്യുതി, മറ്റു ഭൗതികസാഹചര്യങ്ങൾ എന്നിവ സജ്ജീകരിച്ച ജോലിക്കാരും മറ്റും വില്ലേേജാഫീസുകൾ കയറിയിറങ്ങുകയാണ്‌. ബുന്ധിമുട്ട്‌ രൂക്ഷമായതോടെ ചില വില്ലേേജാഫീസർമാർ പണം കടം വാങ്ങി നൽകിയിട്ടുണ്ട്‌. ഇതോടൊപ്പം ബി.എൽ.ഒ. സൂപ്പർവൈസർ, എസ്‌.ഐ.ആറിന് മേൽനോട്ടം എന്നിവ ചെയ്തതിനുള്ള തുകയും പലയിടത്തും അനുവദിച്ചിട്ടില്ലെന്ന്‌ വില്ലേേജാഫീസർമാർ പറയുന്നു. ചില ജില്ലകളിൽ ഭാഗികമായി പണം അനുവദിച്ചിട്ടുണ്ട്. മിക്ക ജില്ലകളിലും ആവശ്യമായ ഫണ്ട്‌ ലഭ്യമായിട്ടില്ല. തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ ഉദ്യോഗസ്ഥരെ വ്യാപകമായി സ്ഥലംമാറ്റിയതും ഫണ്ട്‌ വിതരണം ചെയ്യുന്നതിനു തടസ്സമായിട്ടുണ്ടെന്ന്‌ റവന്യൂ അധികൃതർ പറയുന്നു.