പുന്നയൂർക്കുളം (തൃശ്ശൂർ): തണ്ടപ്പേര് സർട്ടിഫിക്കറ്റിന് 50,000 രൂപ കൈക്കൂലി വാങ്ങിയ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി. പുന്നയൂർക്കുളം കടിക്കാട് വില്ലേജ് ഓഫീസിലാണ് സംഭവം. സ്പെഷ്യൽ വില്ലേജ് ഓഫീസർ പത്തനംതിട്ട ചിറ്റാർ സ്വദേശി എൻ.പി. വിനോദ് ആണ് പിടിയിലായത്. വില്ലേജ് ഓഫീസിൽനിന്ന് 50,000 രൂപ വിജിലൻസ് കണ്ടെടുത്തു. തണ്ടപ്പേര് സർട്ടിഫിക്കറ്റിന് രണ്ടര ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടത്. പരാതിക്കാരന്റെ പിതൃപിതാവിന് 1975-ൽ പട്ടയം വഴി ലഭിച്ചതാണ് 98 സെന്റ് ഭൂമി. അത് പിതാവിന്റെ പേരിലാക്കുന്നതിനായി തണ്ടപ്പേര് സർട്ടിഫിക്കറ്റ് ആവശ്യമായി വന്നിരുന്നു. ഇതിനായി ഒരു മാസം മുൻപ് അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും സർട്ടിഫിക്കറ്റ് ലഭിച്ചില്ല.
സ്പെഷ്യൽ വില്ലേജ് ഓഫീസറെ നേരിൽക്കണ്ടപ്പോൾ, ചില സാങ്കേതികപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സർട്ടിഫിക്കറ്റ് അനുവദിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും മൂന്നുലക്ഷം രൂപ നൽകിയാൽ പ്രശ്നം പരിഹരിക്കാമെന്നും അറിയിച്ചതായി പരാതിയിൽ പറയുന്നു. ദീർഘകാലം നികുതിയടയ്ക്കാതെ കിടന്നിരുന്ന ഭൂമിയാണെന്നതും അപേക്ഷകൻ പ്രവാസിയുമായതിനാലാണ് സാങ്കേതികപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സർട്ടിഫിക്കറ്റ് അനുവദിക്കാതിരുന്നത്. തുക കുറയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ രണ്ടര ലക്ഷം രൂപയാക്കാമെന്നും പണം പൊതിഞ്ഞ് സീറ്റിനു പിറകിൽ വയ്ക്കണമെന്നും നിർദേശിച്ചു.
പണം ആവശ്യപ്പെടുന്നതിന്റെ വീഡിയോ പരാതിക്കാരൻ എടുത്തിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് വെള്ളിയാഴ്ച പണം കൈമാറിയത്. തൃശ്ശൂർ വിജിലൻസ് ഡി.വൈ.എസ്.പി. ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
വിജിലൻസ് സി.ഐ. ജയേഷ് ബാലൻ, എസ്. അനീഷ്, എസ്.ഐ. കെ. രാജൻ, പി.സി. ബൈജു, എ.എസ്.ഐ. പി.വി. സെൽവകുമാർ, കെ.എസ്. രഞ്ജിത്ത്, സി.പി.ഒ. കെ. ഗണേഷ്, സി.ജി. ലിജോ, വി.കെ. സിബിൻ, കെ.വി. വിപീഷ്, പി.ആർ. രതീഷ്, രാജീവ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നവർ വിജിലൻസിന്റെ ടോൾഫ്രീ നമ്പർ 1064, 85929 00900, വാട്ട്സ്‌ആപ്പ് നമ്പർ 94477 89100 എന്നിവയിൽ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ അഭ്യർഥിച്ചു.
പണം കൊടുത്തപ്പോൾ മിനിറ്റുകൾക്കകം തണ്ടപ്പേര്
തണ്ടപ്പേര് സർട്ടിഫിക്കറ്റിനായി പ്രവാസിയെ ചുറ്റിച്ചത് ഒരു മാസം. 50,000 രൂപ കൊടുത്തപ്പോൾ മിനിറ്റുകൾക്കകം സർട്ടിഫിക്കറ്റ് ലഭിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂരേഖകളിൽ രേഖപ്പെടുത്തുന്നതിനായി നൽകുന്ന പ്രത്യേക അക്കൗണ്ട് നമ്പറാണ് തണ്ടപ്പേര്. ഒരു വ്യക്തിയുടെ പേരിൽ രജിസ്റ്റർചെയ്ത ഭൂമിയുടെ വിവരങ്ങൾ ഈ നമ്പറിലൂടെ കണ്ടെത്താം. തണ്ടപ്പേര് സർട്ടിഫിക്കറ്റ് അനുവദിക്കാൻ നിലവിൽ കാര്യമായ സങ്കേതികപ്രശ്നങ്ങൾ ഒന്നുമില്ല.
Content Highlights: Special Village Officer caught red-handed taking a 50,000 rupee bribe for a Thandaper certificate in Thrissur. Land dealings exposed, bribes demanded.
Published: 21 Feb 2026, 08:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented