കൊല്ലം: വിവിധ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ മൂന്നുവർഷത്തെ നിർബന്ധിത വില്ലേജ് ഓഫീസ് സേവനം വേണമെന്ന നിബന്ധനയിൽ ഇളവ് നൽകി റവന്യൂ വകുപ്പ്. രണ്ടുവർഷത്തെ നിർബന്ധിത വില്ലേജ് സേവനം മതിയെന്നാണ് പുതിയ തീരുമാനം. വില്ലേജ് അസിസ്റ്റൻറ്, സ്പെഷ്യൽ വില്ലേജ് ഓഫീസർ തസ്തികകളിലായി ആകെ മൂന്നുവർഷം സേവനം ചെയ്തവർക്ക് മാത്രമേ വില്ലേജ് ഓഫീസറായി സ്ഥാനക്കയറ്റം നൽകുകയുള്ളൂവെന്നായിരുന്നു നിബന്ധന. ഇനി അത് രണ്ടുവർഷം മതി.
വില്ലേജ് സേവനം പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതി 2026 ഏപ്രിൽ ഒന്നിൽനിന്ന് 2027 ഏപ്രിൽ ഒന്നുവരെ നീട്ടി. ഭരണപരമായ കാരണങ്ങളാൽ പല ജീവനക്കാർക്കും നിർബന്ധിത വില്ലേജ് സേവനം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ, അർഹരായ ജീവനക്കാരുടെ സ്ഥാനക്കയറ്റം വൈകുകയോ നിഷേധിക്കപ്പെടുകയോ ചെയ്യാതിരിക്കാനാണ് സർക്കാർ ഇളവ് നൽകിയതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം വില്ലേജ് സേവനം ചെയ്തിട്ടില്ലാത്ത ചിലർക്കുവേണ്ടിയാണ് തീരുമാനമെന്ന് ആക്ഷേപമുണ്ട്.
രണ്ടാം പിണറായി സർക്കാരിന്റെ കാലത്താണ് സ്ഥാനക്കയറ്റത്തിന് വില്ലേജ് സേവനം നിർബന്ധമാക്കിയത്. ഫീൽഡ് തലത്തിലുള്ള പ്രവൃത്തിപരിചയം കുറയുന്നത് റവന്യൂ ഭരണനിർവഹണത്തെയും ജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെയും ബാധിക്കുന്നെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു നടപടി. ഉത്തരവിറക്കിയതല്ലാതെ സ്പെഷ്യൽ റൂൾസ് ഭേദഗതി ചെയ്തിരുന്നില്ല. ഇതുമൂലം സ്ഥാനക്കയറ്റത്തിനുള്ള നിബന്ധന കർക്കശമാക്കിയാൽ, നിയമപരമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ഇളവ് നൽകിയതെന്നും സൂചനയുണ്ട്.
വില്ലേജ് ഓഫീസർ, ഹെഡ് ക്ലാർക്ക്, ആർ.ഐ. എന്നീ സമാന തസ്തികകളിലുള്ളവർക്ക്, ഡെപ്യൂട്ടി തഹസിൽദാർ അല്ലെങ്കിൽ ജൂനിയർ സൂപ്രണ്ട് തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുൻപ് രണ്ടുവർഷത്തെ നിർബന്ധിത വില്ലേജ് ഓഫീസർ സേവനം പൂർത്തിയാക്കിയിരിക്കണമെന്ന നിബന്ധനയും നിലവിലുണ്ട്.
Content Highlights: Mandatory village service for promotion reduced from 3 years to 2 years., Deadline for completing village service extended to April 1, 2027., Order applies to Village Assistants, Special Village Officers, and equivalent roles., Move intended to prevent delays in promotions due to administrative constraints., Addresses legal complexities regarding non-amendment of Special Rules.
Published: 29 Jun 2026, 08:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented