തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചില്ല

To advertise here,

കാഞ്ഞിരപ്പള്ളി : കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ സെയ്ന്റ് ഡൊമിനിക്‌സ് കോളേജിൽ എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവർത്തകർ തമ്മിൽ സംഘർഷം. നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയം കഴിഞ്ഞെത്തിയ കെ.എസ്.യു. പാനലിന്റെ പത്രികകൾ സ്വീകരിച്ചില്ല. പരാതിയെ തുടർന്ന് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാനം എം.ജി. സർവകാലശാലയുടെ നിർദേശപ്രകാരം ഫലപ്രഖ്യാപനം മരവിപ്പിച്ചു. ഇതെ തുടർന്നാണ് സംഘർഷമുണ്ടായത്. ഇരു വിഭാഗത്തിലേയും വിദ്യാർഥികൾക്കും പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. മൂന്ന് വിദ്യാർഥിനികളും മൂന്ന് വിദ്യാർഥികളും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സതേടി.

സംഭവം ഇങ്ങനെ

: ചൊവ്വാഴ്ച രാവിലെ ക്ലാസ് തലത്തിൽ പ്രതിനിധികളെ തിരഞ്ഞെടുത്തശേഷം രണ്ടുമണിക്ക് മുൻപ് പത്രിക നൽകണമെന്നായിരുന്നു നിർദേശം. 14 സ്ഥാനങ്ങളിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. എന്നാൽ സമയം കഴിഞ്ഞ് ബെൽ അടിച്ച ശേഷമെത്തിയ കെ.എസ്.യു. പാനലിന്റെ പത്രികകൾ സ്വീകരിച്ചില്ല. എസ്.എഫ്.ഐ.യുടെ പത്രികകൾ നേരത്തെ നൽകിയിരുന്നു. സമയക്രമം കഴിഞ്ഞ് പത്രിക സ്വീകരിക്കാൻ പാടില്ലെന്ന് എസ്.എഫ്.ഐ.യും നിലപാടെടുത്തു. 14 പത്രികകളിൽ സാങ്കേതിക പ്രശ്‌നങ്ങളെത്തുടർന്ന് എസ്.എഫ്.ഐ.യുടെ ഒരു പത്രിക തള്ളി.

കെ.എസ്.യു.വിന്റെ ഒരുപത്രികപോലും സ്വീകരിക്കാത്തതിനാൽ യൂണിയൻ ഭരണം എസ്.എഫ്.ഐയ്ക്ക് ലഭിക്കുമെന്ന് ഉറപ്പായി. ഇതെ തുടർന്ന് കെ.എസ്.യു. സർവകലാശയ്ക്ക് നൽകിയ പരാതിയെ തുടർന്ന് വൈകീട്ട് 4.04-ന് ഫലപ്രഖ്യപനം മരവിപ്പിച്ചതായി അറിയിച്ചു. 4.10-നായിരുന്നു ഫലപ്രഖ്യാപനം നടത്തേണ്ടത്. തുടർന്ന്, കാമ്പസിന് പുറത്ത് നിന്നിരുന്ന എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. പ്രവർത്തകരും കെ.എസ്.യു., യൂത്ത് കോൺഗ്രസ് പ്രവർത്തകരും കോളേജിനുള്ളിലേക്ക് കയറുകയും സംഘർഷമുണ്ടാകുകയുമായിരുന്നു. പോലീസെത്തിയാണ് ഇരുകൂട്ടരെയും കാമ്പസിൽനിന്ന് പുറത്താക്കിയത്. കോളേജിലെ ചെടിച്ചട്ടികൾ അക്രമിസംഘം തകർത്തു. സംഭവത്തിന് ശേഷം കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ഇതേത്തുടർന്ന് റോഡിൽ ഗതാഗതം സ്തംഭിച്ചു. സംഭവത്തെ തുടർന്ന് ഇരുകൂട്ടരുമായി പോലീസ് ചർച്ച നടത്തി. ഒരുവിഭാഗം വിദ്യാർഥികൾ പത്രിക സമർപ്പിക്കാൻ വൈകിയാണ് എത്തിയതെന്ന് കോളേജ് അധികൃതർ അറിയിച്ചു.